TMJ
searchnav-menu
post-thumbnail

TMJ Daily

ഭക്ഷ്യക്ഷാമം നേരിടുന്ന ഓസ്ട്രേലിയൻ കുടുംബങ്ങളുടെ എണ്ണം ഒൻപത് ലക്ഷത്തോളമായി വർദ്ധിച്ചു

15 Oct 2024   |   1 min Read
TMJ News Desk

ഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടുന്ന ഓസ്ട്രേലിയൻ കുടുംബങ്ങളുടെ എണ്ണം 870000 കടന്നു. മുൻവർഷത്തേക്കാൾ ഏകദേശം ഒന്നേകാൽ ലക്ഷം കുടുംബങ്ങൾ കൂടുതലായി ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലമർന്നതായി ഫൂഡ് ബാങ്ക് റിപ്പോർട്ട് പറയുന്നു.കഴിഞ്ഞ വർഷത്തെ ഫൂഡ്ബാങ്ക് ഓസ്ട്രേലിയയുടെ റിപ്പോർട്ട് പ്രകാരം ഏഴര ലക്ഷത്തോളം കുടുംബങ്ങളാണ് രൂക്ഷമായ ഭക്ഷ്യക്ഷാമം അനുഭവിച്ചത്.പ്രതിവർഷം 20,200 ഡോളറിൽ താഴെ വരുമാനമുള്ള കുടുംബങ്ങളാണ് രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടുന്നതെന്ന് ഫൂഡ്ബാങ്ക് റിപ്പോർട്ട്. കുട്ടികൾ പട്ടിണികിടക്കാതിരിക്കാൻ മാതാപിതാക്കൾ ചില സമയങ്ങളിൽ ദിവസങ്ങളോളം ഭക്ഷണമില്ലാതെ കഴിയുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

വിലക്കയറ്റവും പാർപ്പിടസൗകര്യങ്ങൾക്കുള്ള ചെലവ് വർദ്ധിച്ചതും ഓസ്ട്രേലിയൻ കുടുംബങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. കോവിഡ് 19 മഹാമാരിക്ക് ശേഷം കുടിയേറ്റം വർധിച്ചതും ചെലവ് വർധനവിന് കാരണമായിട്ടുണ്ട്. വൈദ്യുതനിരക്കിൽ ഇളവ് നൽകിയത് വിലക്കയറ്റത്തെ പിടിച്ച് നിർത്താൻ സഹായിച്ചിട്ടുണ്ടെങ്കിലും, ഇത് താത്കാലികം മാത്രമാവുമെന്ന് റിസർവ് ബാങ്ക് ഓഫ് ഓസ്ട്രേലിയ പറഞ്ഞു.

വരുമാനം കുറവുള്ള കുടുംബങ്ങളിൽ പകുതിയിലധികവും സഹായങ്ങൾക്കായി സംഘടനകളെ സമീപിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഭക്ഷ്യസഹായം നൽകുന്ന സന്നദ്ധസംഘടനകളുടെ അടുത്തേക്ക് കൂടുതൽ കുടുംബങ്ങൾ സഹായങ്ങൾ ആവശ്യപ്പെട്ട് എത്തുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ജീവിതചെലവ് വർദ്ധിക്കുന്ന സാഹചര്യത്തിൽ വരുമാനം കുറഞ്ഞ കുടുംബങ്ങളാവും ആദ്യം ബാധിക്കപ്പെടുകയെന്ന് തങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ഫൂഡ്ബാങ്ക് ഓസ്ട്രേലിയയുടെ സിഇഒ ബ്രിയന്ന കേസി പറഞ്ഞു.

ആളുകൾക്ക് ഒന്നിലധികം തൊഴിലുണ്ടെങ്കിൽ മാത്രമേ ആവശ്യത്തിനുള്ള ഭക്ഷണം വാങ്ങാൻ കഴിയുന്നുള്ളൂവെന്ന് കഴിഞ്ഞ വർഷം ഫൂഡ്ബാങ്ക് ഓസ്ട്രേലിയയുടെ സിഇഒ ബ്രിയന്ന കേസി പറഞ്ഞിരുന്നു. പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ ആളുകൾ വാങ്ങുന്നതിലും വലിയ കുറവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. ഇത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവുന്നു.



#Daily
Leave a comment