
കുഞ്ഞുങ്ങളുടെ എണ്ണം കുറയുന്നു; എല്ലാത്തരം പ്രവാസവും പ്രോത്സാഹിപ്പിക്കുന്ന നയം തിരുത്തണമെന്ന് ധനമന്ത്രി
കേരളത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം വന്‍തോതില്‍ കുറയുന്നതിനാല്‍ എല്ലാത്തരം പ്രവാസത്തേയും കണ്ണടച്ച് പ്രോത്സാഹിപ്പിക്കുന്ന നയം തിരുത്തണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 2014ല്‍ കേരളത്തില്‍ 5.34 ലക്ഷം കുഞ്ഞുങ്ങള്‍ ജനിച്ചപ്പോള്‍ പത്തുവര്‍ഷത്തിനുശേഷം 2024ല്‍ കേരളത്തില്‍ ജനിച്ചത് 3.48 ലക്ഷം കുഞ്ഞുങ്ങള്‍ മാത്രമാണെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 1.86 ലക്ഷം കുഞ്ഞുങ്ങളുടെ കുറവ്.
ജനസംഖ്യാ പരിണാമവുമായി കൂട്ടുച്ചേര്‍ത്തുവേണം കേരളത്തില്‍ നിന്നും പുറത്തേക്കുള്ള കുടിയേറ്റത്തേയും കാണാനെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ മെച്ചപ്പെട്ട വേതനം ലഭിക്കുന്ന വിദഗ്ദ്ധ തൊഴിലാളികളുടെ പോലും ക്ഷാമം അനുഭവപ്പെടുമ്പോള്‍ കേരളീയര്‍ വിദേശത്ത് ഒട്ടും അഭിലഷണീയമല്ലാത്ത സാഹചര്യങ്ങളില്‍പ്പെട്ട് പണിയെടുക്കുന്ന സ്ഥിതിയുണ്ടെന്ന് മന്ത്രി പറഞ്ഞു.
പ്രവാസം ഒട്ടേറെപ്പേര്‍ക്ക് വലിയ നഷ്ടക്കച്ചവടമായി തീരുന്ന അനുഭവമുണ്ടെന്നും വിദേശത്തെ തൊഴില്‍ കമ്പോളത്തെക്കുറിച്ച് ശരിയായ ധാരണയില്ലാതെയുള്ള കുടിയേറ്റമാണ് ഇതിന് കാരണമമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ കുടിയേറ്റത്തിലും ഇത്തരം പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
അതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കരിയര്‍ ഗൈഡന്‍സ് സെല്ലുകളെ പങ്കെടുപ്പിച്ച് ബോധവല്‍ക്കണം നടത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.
2023ലെ കേരള മൈഗ്രേഷന്‍ സര്‍വേ പ്രകാരം ഇന്ത്യയിലേക്ക് പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ 21 ശതമാനവും സംഭാവന ചെയ്യുന്നത് കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ ആണെന്ന് മന്ത്രി പറഞ്ഞു.