ഇന്ത്യയില്‍ 2050 ഓടെ വയോധികരുടെ എണ്ണം ഇരട്ടിയാകും
2050 ഓടെ രാജ്യത്ത് വയോധികരുടെ എണ്ണം ഇരട്ടിയാകുമെന്ന് യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് (യുഎന്‍എഫ്പിഎ) റിപ്പോര്‍ട്ട്. ഇന്ത്യ ഏജിങ് റിപ്പോര്‍ട്ട് 2023 അനുസരിച്ച് 14.9 കോടി ആളുകളാണ് 60 വയസിനു മുകളില്‍ പ്രായമുള്ള പൗരന്മാര്‍. ഇത് ജനസംഖ്യയുടെ 10.5 ശതമാനം വരും. കണക്കനുസരിച്ച് 2050 ആവുമ്പോഴേക്കും വയോധികരുടെ എണ്ണം 34.7 കോടി അതായത് ജനസംഖ്യയുടെ 20.8 ശതമാനമായി ഉയരും എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമൂഹിക സുരക്ഷ ഉറപ്പാക്കണം
വയോധികരുടെ എണ്ണം ഇരട്ടിക്കും എന്ന യുഎന്‍എഫ്പിഎ യുടെ റിപ്പോര്‍ട്ടില്‍ അവര്‍ക്കുള്ള സാമൂഹിക സുരക്ഷാ പദ്ധതികള്‍ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പറയുന്നു. നിലവില്‍ ആനുകൂല്യങ്ങള്‍ ഒന്നും ലഭ്യമാകാത്ത മേഖലകളില്‍ ജോലി ചെയ്യുന്ന വ്യക്തികള്‍ക്ക് വാര്‍ധക്യകാലത്ത് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും മറ്റു സാമൂഹിക സുരക്ഷാ പദ്ധതികളും ഉറപ്പാക്കേണ്ടതുണ്ട്. വാര്‍ധക്യകാലത്ത് സാമ്പത്തിക അരക്ഷിതാവസ്ഥ നേരിടുന്ന സാഹചര്യം ഉണ്ടാവാറുണ്ട്. വരുമാന നഷ്ടമാണ് ഇതിനു പ്രധാന കാരണം.
ഇന്ത്യയില്‍ മിക്ക സ്ത്രീകളും സാമ്പത്തികമായി തങ്ങളുടെ ഭര്‍ത്താവിനെ ആശ്രയിക്കുന്നവരാണ്, എന്നാല്‍ ഏകദേശ കണക്കുകള്‍ പ്രകാരം റിപ്പോര്‍ട്ടില്‍ പറയുന്നത് 60 വയസ്സു കഴിഞ്ഞ ഒരു പുരുഷന്‍ അടുത്ത 17 വര്‍ഷം കൂടി ജീവിക്കുമെന്നും സ്ത്രീ 19 വര്‍ഷം ജീവിക്കുമെന്നുമാണ്. ഇങ്ങനെ വരുമ്പോള്‍ പങ്കാളികളുടെ മരണത്തോടെ അവരെ സാമ്പത്തികമായി ആശ്രയിക്കുന്ന സ്ത്രീകള്‍ സാമ്പത്തികമായി ബുദ്ധിമുട്ടിലാവുന്നു. 2017-2018 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ പ്രായമായ പുരുഷന്മാരില്‍ 16.3 ശതമാനം പേര്‍ക്കാണ് സാമൂഹിക പെന്‍ഷന്‍ ലഭിക്കുന്നത്, 11 ശതമാനം പേര്‍ക്ക് ജോലിസംബന്ധമായ പെന്‍ഷനുകളും. സ്ത്രീകളുടെ കാര്യം പരിശോധിക്കുകയാണെങ്കില്‍ 27.4 ശതമാനം പേരാണ് സാമൂഹിക പെന്‍ഷന് അര്‍ഹരായിട്ടുള്ളത്. 1.7 ശതമാനത്തിന് മാത്രമാണ് ജോലിയില്‍ നിന്നുള്ള പെന്‍ഷന്‍ ലഭിക്കുന്നത്. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്ന മറ്റൊരു കാര്യം വയോധികരില്‍ 18 ശതമാനത്തിലധികം പേര്‍ക്ക് വരുമാനം ഒന്നുംതന്നെ ഇല്ലെന്നാണ്.
യുഎന്‍എഫ്പിഎ റിപ്പോര്‍ട്ടിനോടനുബന്ധിച്ച് പ്രായമായവരുമായി നടത്തിയ അഭിമുഖപ്രകാരം വര്‍ധിച്ചുവരുന്ന വിലക്കയറ്റവും ജീവിത ചിലവുകളും വെല്ലുവിളിയാണെന്ന് വ്യക്തമാക്കുന്നു. ഭക്ഷ്യ റേഷന്‍ കൊണ്ടോ സാമൂഹിക പെന്‍ഷന്‍ കൊണ്ടോ മാത്രം അതിജീവിക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങളല്ല വൃദ്ധജനങ്ങള്‍ നേരിടുന്നത്. ലഭ്യമായ സേവനങ്ങള്‍ നേടിയെടുക്കുന്നതിനുള്ള കടമ്പകളും നടപടി ക്രമങ്ങളും പ്രായമായവര്‍ക്ക് പലപ്പോഴും പൂര്‍ത്തിയാക്കാന്‍ കഴിയുന്നതല്ല. കൂടാതെ പല പദ്ധതികളെ കുറിച്ചും ധാരണയില്ലാത്തതും പ്രതിസന്ധിയായി നില്‍ക്കുന്നു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.