
രൺധീർ ജയ്‌സ്വാൾ, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വക്താവ്
റഷ്യന്‍ സൈന്യത്തില്‍ ഇന്ത്യാക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നു
യുക്രെയ്നെതിരായ യുദ്ധത്തില്‍ റഷ്യയ്ക്കുവേണ്ടി പോരാടാന്‍ 126 ഇന്ത്യാക്കാര്‍ റഷ്യന്‍ സൈന്യത്തില്‍ ഇതുവരെ അംഗമായിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകള്‍. ഇന്ത്യാക്കാര്‍ റഷ്യന്‍ സൈന്യത്തില്‍ ചേരുന്നത് തടയാനുള്ള പരിശ്രമങ്ങള്‍ നടക്കുമ്പോഴാണ് ഇത്. റഷ്യയിലെ ഇന്ത്യന്‍ എംബസിയുടെ അറിവിലുള്ള ഈ 126 പേരില്‍ 96 പേര്‍ ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ട്. ബാക്കിയുള്ളവരില്‍ 12 പേര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ഇതില്‍ കഴിഞ്ഞയാഴ്ച്ച കൊല്ലപ്പെട്ട തൃശൂര്‍ സ്വദേശിയും ഉള്‍പ്പെടുന്നു. ഇയാളുടെ ഒരു ബന്ധു പരിക്കേറ്റ് ചികിത്സയിലാണ്.
മറ്റ് 16 പേരെ കാണാനില്ലെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അവരുടെ നിലവിലെ അവസ്ഥ കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഇവരെ കണ്ടെത്താനും തിരിച്ചയക്കാനും വേണ്ടി റഷ്യന്‍ അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു.
തൃശൂര്‍ സ്വദേശിയായ 32 വയസ്സുള്ള ബിനില്‍ ബാബുവിന്റെ മൃതദേഹം എത്രയും വേഗം കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച്ച യുക്രെയ്ൻ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ബിനില്‍ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ബന്ധു 27 വയസ്സുള്ള ജയ്ന്‍ കുര്യന്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ നിന്നും വിടുതല്‍ ചെയ്യുമ്പോള്‍ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരും.
കേന്ദ്ര സര്‍ക്കാര്‍ 12 പേരുടെ മരണം അംഗീകരിച്ചത് കഴിഞ്ഞ ഏതാനും മാസങ്ങളായി കൂടുതല്‍ ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടുവെന്നതിന്റെ സൂചനയാണ്. ഈ വിഷയം പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനും തമ്മില്‍ രണ്ട് തവണ ചര്‍ച്ച ചെയ്തിട്ടും ഇന്ത്യാക്കാരെ റഷ്യയുടെ യുദ്ധത്തില്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനായിട്ടില്ല.
91 ഇന്ത്യാക്കാരെ റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വിദേശകാര്യ മന്ത്രാലയം എസ് ജയശങ്കര്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. എട്ട് പേര്‍ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. യുദ്ധമേഖലയില്‍ നിന്നും 69 ഇന്ത്യാക്കാരെ തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. ഡിസംബറില്‍ പാര്‍ലമെന്റില്‍ എഴുതി സമര്‍പ്പിച്ച മറുപടി പ്രകാരം 19 ഇന്ത്യാക്കാര്‍ റഷ്യന്‍ സൈന്യത്തില്‍ തുടരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, കേരളം, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് കാണാതായിട്ടുള്ളത്. ഇവരുടെ കുടുംബങ്ങളുമായി സര്‍ക്കാര്‍ ബന്ധപ്പെടുന്നുണ്ട്.