Representational Image
അഭയാർത്ഥികളുടെ എണ്ണം 90,000, പ്രതിസന്ധി നേരിട്ട് ഛാഡ്
ഏപ്രിൽ 15 മുതൽ സുഡാനിലെ പൗരന്മാർ യുദ്ധത്തിന്റെ പ്രത്യാഘാതം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ജനറൽ മുഹമ്മദ് ഹംദാൻ ദഗാലോയുടെ നേതൃത്വത്തിലുള്ള റാപ്പിട്ട് സപ്പോർട്ട് ഫോഴ്‌സും സുഡാന്റെ സായുധ സേനയുടെ തലവനായ ജനറൽ അബ്ദുൾ ഫത്താഹ് അൽ ബുർഹാന്റെ നേതൃത്വത്തിലുള്ള സുഡാന്റെ സായുധ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഏകദേശം 1.4 ലക്ഷം ആളുകൾ പലായനം ചെയ്തിട്ടുണ്ട്. ഇവരിൽ 330000 പേർ അയൽരാജ്യങ്ങളിലേക്ക് കുടിയേറിയവരാണ്.
സെൻട്രൽ ആഫ്രിക്കയിലെ ഛാഡ് രൂക്ഷമായി അഭയാർത്ഥി പ്രശ്‌നം അനുഭവിക്കുകയാണിപ്പോൾ. സംഘർഷം ആരംഭിച്ചതിന് ശേഷം ഏകദേശം 90,000 സുഡാനി അഭയാർത്ഥികൾ ഛാഡിൽ പ്രവേശിച്ചിട്ടുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ ഒന്നായ ഛാഡിന് ഈ അഭയാർത്ഥികൾ താങ്ങാവുന്നതിലും കൂടുതലാണ്. ഛാഡും സുഡാനും തമ്മിൽ 1,400 കീലോമീറ്റർ പൊതു അതിർത്തിയാണ് പങ്കിടുന്നത്. മാത്രമല്ല സുഡാനിൽ നടക്കുന്ന വംശീയവും മതപരവുമായ സംഘർഷം ഛാഡിന് സുരക്ഷയും സാമ്പത്തികവുമായി ബന്ധപ്പെട്ട വെല്ലുവിളികളാണ് ഉയർത്തുന്നത്.
മഴക്കാലം അടുത്തതോടെ കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലേക്ക് മാറുകയാണ്. ഇപ്പോൾ തന്നെ അഭയാർത്ഥി ക്യാമ്പുകളിലേക്ക് എത്തിച്ചേരാനുള്ള റോഡുകളുടെ അവസ്ഥ പരിതാപകരമാണ്. സംഘടനകൾക്ക് ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യുന്നത് തടസപ്പെടുത്തുന്നു. യുദ്ധം കാരണം ഇതിനോടകം തന്നെ ദുർബലമായ സമ്പദ് വ്യവസ്ഥ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. ഇന്ധന വിലയിലെ വർധനയും പ്രതിസന്ധിക്ക് കാരണമാകുന്നു.
സുഡാനിൽ ലൈംഗികാതിക്രമം വ്യാപകം
യുദ്ധം കാരണം പ്രതിസന്ധിയിലായിരിക്കുകയാണ് സുഡാൻ ജനത. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർധിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പലായനം ചെയ്യുകയും അക്രമങ്ങളിൽ നിന്ന് രക്ഷതേടുകയും ചെയ്യുന്ന സ്ത്രീകളെ സൈന്യം അതിക്രമിക്കുന്നു എന്ന് ഇരയാക്കപ്പെട്ട സ്ത്രീകൾ വെളിപ്പെടുത്തി. യുദ്ധത്തിൽ കുറഞ്ഞത് 1,800 പേർ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കുകൾ. യുദ്ധം ആരംഭിച്ച് രണ്ടാഴ്ചക്കുള്ളിൽ തന്നെ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ 49 അക്രമ സംഭവങ്ങൾ സർക്കാർ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആശുപത്രികൾ നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നതിനാൽ ഇരകളിൽ പലർക്കും വേണ്ട പരിചരണം ലഭിക്കുന്നില്ല. അതിജീവിച്ച സ്ത്രീകളിൽ ഭൂരിഭാഗം പേരും പറയുന്നത് ആർഎസ്എഫിന്റെ പോരാളികളാണ് തങ്ങളെ അക്രമിച്ചതെന്നാണ്. സൈനികർ വീടുകൾ അതിക്രമിച്ച് സ്ത്രീകളെ പീഡിപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ കണക്കുകൾ സ്ഥിരീകരിച്ചിട്ടില്ല.
സുഡാന്റെ രാഷ്ട്രീയവഴികൾ
വടക്ക് കിഴക്കൻ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ വലിയ രാജ്യങ്ങളിലൊന്നാണ് സുഡാൻ. ലോകത്തിലെ ദരിദ്ര രാഷ്ട്രങ്ങളുടെ പട്ടികയിലിടം പിടിച്ച ഒരു രാജ്യം. 46 ദശലക്ഷം ആളുകൾ ശരാശരി വാർഷിക വരുമാനം 750 ഡോളർ ഏകദേശം അറുപതിനായിരം (ഇന്ത്യൻ രൂപ) ആണ്. രാജ്യത്തെ ജനസംഖ്യയിൽ പ്രധാനമായും മുസ്ലിം ജനവിഭാഗമാണ്. ഓദ്യോഗിക ഭാഷ ഇംഗ്ലീഷും അറബിയുമാണ്. സുഡാന്റെ സൈനിക മേധാവി ജനറൽ അബ്ദുൾ ഫത്താഹ് ബുർഹാനും ആർ.എസ്.എഫ് തലവൻ ജനറൽ മുഹമ്മദ് ഹംദാൻ ദഗാലോയും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് രാഷ്ട്രീയപ്രതിസന്ധി രൂക്ഷമാക്കിയതും പരസ്പരമുള്ള ഏറ്റുമുട്ടലിന് വഴിതെളിച്ചതും. ആർ.എസ്.എഫ് സൈന്യവുമായി ലയിക്കണമെന്ന തീരുമാനത്തോട് ദഗാലോയ്ക്കുള്ള എതിർപ്പാണ് പ്രശ്നങ്ങളുടെ തുടക്കം. 2021 ഒക്ടോബറിലാണ് പ്രധാനമന്ത്രി അബ്ദുള്ള ഹംദോക്കിന്റെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുക്കുന്നത്. അന്ന് സൈന്യത്തിനൊപ്പം സഖ്യകക്ഷിയായുണ്ടായിരുന്ന അർദ്ധസൈനിക വിഭാഗമായിരുന്നു ആർ.എസ്.എഫ്. പിന്നീട്, അധികാരതർക്കത്തിൽ ഇരു സേനാവിഭാഗങ്ങൾക്കിടയിലും ഭിന്നിപ്പ് രൂക്ഷമായി. പട്ടാള അട്ടിമറിയിലൂടെ രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനായി രാഷ്ട്രീയപാർട്ടികൾ തമ്മിലുള്ള കരാറില്ലാതാക്കി. പ്രഖ്യാപിത കരാറിലെ സുപ്രധാന നിർദേശങ്ങളിലൊന്നാണ് സേനകളുടെ ലയനം.
ജനാധിപത്യം അട്ടിമറിച്ച് രാഷ്ട്രീയ പ്രതിസന്ധി
2019 ൽ ജനകീയപ്രക്ഷോഭത്തെത്തുടർന്ന് ഏകാധിപതിയായിരുന്ന ഒമർ ബാഷിറിന് അധികാരം നഷ്ടമായപ്പോഴായിരുന്നു ഭരണത്തിലേയ്ക്ക് അബ്ദുള്ള എത്തിയത്. തുടർന്ന് രാഷ്ട്രീയനേതാക്കളുമായി അധികാരം പങ്കിടാൻ സൈന്യം കരാർ ഒപ്പുവെച്ചു. 11 അംഗ പരമാധികാര കൗൺസിൽ അബ്ദുള്ള ഹംദോക്കിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. 2021 ൽ അട്ടിമറി നടത്തിയ സൈന്യവുമായി അധികാരം പങ്കിട്ടതിൽ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങിയതോടെ ഹംദോക്ക് സ്ഥാനമൊഴിഞ്ഞു. ഹംദോക്ക് ഉൾപ്പെടെ ഒട്ടേറെ ജനകീയനേതാക്കളെ സൈന്യം തടവിലാക്കി. വിമതരുമായി സുഡാൻ സമാധാനക്കരാറിലേർപ്പെട്ടതും ഇസ്രായേലുമായി നയതന്ത്ര ബന്ധം സുഗമമാക്കിയതുമെല്ലാം സോവെറിൻ കൗൺസിൽ ഭരണകാലത്താണ്. എന്നാൽ 2018 ലെ ജനകീയപ്രക്ഷോഭകാലം മുതൽ തന്നെ അധികാരം പിടിക്കാൻ സൈന്യം ശ്രമം നടത്തിയിരുന്നു.