TMJ
searchnav-menu
post-thumbnail

TMJ Daily

നേഴ്സുമാരുടെ സമരം വിജയകരം

12 Apr 2023   |   2 min Read
TMJ News Desk

തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ നടത്തിവരുന്ന സമരം അവസാനിപ്പിച്ച് നേഴ്‌സുമാർ. 30 സ്വകാര്യ ആശുപത്രികൾ ശമ്പളം വർധിപ്പിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. 72 മണിക്കൂർ നീണ്ട സമരമാണ് വിജയകരമായി അവസാനിച്ചത്.

നേഴ്സുമാരുടെ സമരത്തിൽ നിന്ന് ആറ് സ്വകാര്യ ആശുപത്രികളെ ഇന്നലെ തന്നെ ഒഴിവാക്കിയിരുന്നു. ഇരുപത്തിനാല് ആശുപത്രികളിലാണ് സമരം തുടർന്നത്. അമല, ജൂബിലി മിഷൻ, ദയ, വെസ്റ്റ് ഫോർട്ട്, സൺ, മലങ്കര മിഷൻ എന്നീ ആശുപത്രികൾ വേതനം വർധിപ്പിച്ചതോടെയാണ് ഇന്നലെ സമരത്തിൽ നിന്ന് ഒഴിവാക്കിയത്.

ജില്ലയിലെ മറ്റ് സ്വകാര്യ ആശുപത്രികളിൽ ഇന്നലെ മുതൽ മൂന്ന് ദിവസം നഴ്സുമാർ പണിമുടക്കി സമരം ചെയ്യും എന്നാണ് തീരുമാനിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ശമ്പള വർധനവ് ഉണ്ടായിരിക്കുന്നത്. തീവ്രപരിചരണ വിഭാഗത്തിലുൾപ്പെടെ ഇന്നലെ നേഴ്സുമാരുടെ സേവനം ലഭ്യമായില്ല. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളെ ഡിസ്ചാർജ് ചെയ്യുകയും വെന്റിലേറ്റർ, ഐസിയു രോഗികളെ ഡിസ്ചാർജ് ചെയ്ത് അയൽ ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

നിലവിൽ 800 രൂപയാണ് നേഴ്സുമാരുടെ ദിവസ വേതനം. ഇത് 1500 രൂപയായി വർധിപ്പിക്കണം എന്നും വർധിപ്പിക്കുന്ന വേതനത്തിന്റെ 50% ഇടക്കാല ആശ്വാസം നൽകണമെന്നുമാണ് നേഴ്സുമാരുടെ സംഘടന ആവശ്യപ്പെടത്. പ്രതിദിന വേതനം നിശ്ചയിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നാണ് സ്വകാര്യ മാനേജ്മെന്റുകൾ പറഞ്ഞിരുന്നത്. വിഷയത്തിൽ പലതവണ ലേബർ കമ്മീഷണർ ചർച്ച നടത്തിയിരുന്നെങ്കിലും തീരുമാനമുണ്ടായിരുന്നില്ല.

മാർച്ച് 5 ന് വേതന വർധന ആവശ്യപ്പെട്ട് തൃശൂർ ജില്ലയിൽ നേഴ്സുമാർ സൂചന പണിമുടക്ക് നടത്തിയിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി വേതനം വർദ്ധിപ്പിച്ചിട്ടില്ല എന്നാണ് നേഴ്സസ് അസോസിയേഷൻ പറഞ്ഞത്. തൃശൂരിലെ കളക്ട്രേറ്റിൽ ആരംഭിച്ച സമരം യുഎൻഎ ദേശീയ നേതാവ് ജാസ്മിൻ ഷായാണ് ഉദ്ഘാടനം ചെയ്തത്. അതേ സമയം നേഴ്സുമാരുടെ സമരം തടയണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി മാനേജ്മെന്റ്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മനേജ്മെന്റുകളും നേഴ്സുമാരും തമ്മിലുള്ള തർക്കം രമ്യമായി പരിഹരിക്കാൻ ആയിരുന്നു കോടതി നിർദേശം. എന്നാൽ സമരം തുടരുകയാണ്. 

അടിയന്തര ചികിത്സക്ക് വേണ്ടി ആശുപത്രികളിലേക്ക് എത്തുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് എത്തിക്കുന്നതിനായി യുണെറ്റഡ് നേഴ്സ് അസോസിയേഷൻ (യുഎൻഎ) അംഗങ്ങൾ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തും. ഇന്ത്യയിലെ നഴ്സുമാരുടെ സംഘടനയാണ് യുണൈറ്റഡ് നേഴ്സസ് അസ്സോസിയേഷൻ (യുഎൻഎ). നിലവിൽ കേരളത്തിൽ ജോലിയിൽ ഉള്ളവരും സർവീസിൽ നിന്ന് വിരമിച്ചവരുമായ അഞ്ചര ലക്ഷത്തോളം നഴ്സുമാർ യുഎൻഎയിൽ അംഗത്വമുള്ളവരാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ രജിസ്റ്റേഡ് നേഴ്സുമാരുള്ളതും കേരളത്തിലാണ്. ഇതിനുപുറമെ, വിവിധ സംസ്ഥാനങ്ങളിലും വിവിധ രാജ്യങ്ങളിലുമായി മൂന്നര ലക്ഷത്തോളം നഴ്സുമാർ യുഎൻഎ അംഗങ്ങളാണ്. കേരളത്തിലെ മുഴുവൻ ജില്ലകളിലും യുഎൻഎക്ക് ജില്ലാ കമ്മിറ്റികളുണ്ട്, ഇവയ്ക്ക് കീഴിൽ 457 ഓളം സ്വകാര്യ ആശുപത്രികളിലെ യൂണിറ്റുകളും. ഉൾപ്പെടുന്നു.


#Daily
Leave a comment