TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE: WIKI COMMONS

TMJ Daily

നഴ്സിംഗ് കൗണ്‍സില്‍ ഇനി നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി കമ്മീഷന്‍; ലൈസന്‍സിനായി നെക്സ്റ്റ് 

25 Jul 2023   |   2 min Read
TMJ News Desk

ഴ്സിംഗ് മിഡ്വൈഫറി പ്രൊഫഷണലുകളുടെ വിദ്യാഭ്യാസത്തിന്റെയും സേവനങ്ങളുടെയും നിലവാരം നിയന്ത്രിക്കാനും പരിപാലിക്കാനുമായി ദേശീയ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി കമ്മീഷന്‍ ആരംഭിക്കും. 1947-ലെ ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന നഴ്സിംഗ് കൗണ്‍സിലിനുപകരം നാഷണല്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കമ്മീഷന്‍ ആരംഭിക്കാനാണ് നീക്കം.

നഴ്‌സിംഗ്, മിഡ്‌വൈഫറി സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് ഏകീകൃത സംവിധാനവും ആരംഭിക്കും. ഇതിനായി നാഷണല്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കമ്മീഷന്‍ ബില്‍ 2023, നാഷണല്‍ ഡെന്റല്‍ കമ്മീഷന്‍ ബില്‍ 2023 എന്നീ ബില്ലുകളാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ.മന്‍സുഖ് മാണ്ഡവ്യ ലോക്സഭയില്‍ അവതരിപ്പിച്ചത്. 

നഴ്‌സിംഗ് ലൈസന്‍സിനായി 'നെക്സ്റ്റ്'

രാജ്യത്ത് നഴ്‌സിംഗ്-മിഡ്‌വൈഫറി ലൈസന്‍സ് അനുവദിക്കാന്‍ അവസാന വര്‍ഷക്കാര്‍ക്കു പരീക്ഷയ്ക്കും സാധ്യത. എംബിബിഎസ് യോഗ്യത നേടുന്നവര്‍ക്കായി നടത്തുന്ന നെക്സ്റ്റ് (നാഷണല്‍ എക്‌സിറ്റ് ടെസ്റ്റ്) മാതൃകയിലുള്ള പരീക്ഷയാണ് പരിഗണനയില്‍ ഉള്ളത്. നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കമ്മീഷനാകും ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. നഴ്സിംഗ്, മിഡ്വൈഫറി പ്രൊഫഷണലുകളുടെ വിദ്യാഭ്യാസത്തിന്റെയും സേവനങ്ങളുടെയും നിലവാരം നിയന്ത്രിക്കുന്നതിനും, പരിപാലിക്കുന്നതിനും, സ്ഥാപനങ്ങളുടെ വിലയിരുത്തല്‍, ദേശീയ രജിസ്റ്ററിന്റെയും സംസ്ഥാന രജിസ്റ്ററുകളുടെയും പരിപാലനം, പ്രവേശനം, ഗവേഷണം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള സംവിധാനം സൃഷ്ടിക്കുക എന്നതാണ്  നാഷണല്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കമ്മീഷന്‍ ബില്‍ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ രേഖകള്‍ പ്രകാരം 2022 ല്‍ രാജ്യത്ത് 33.41 ലക്ഷം നഴ്സിംഗ് ഉദ്യോഗസ്ഥര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബിഡിഎസ് യോഗ്യത നേടുന്നവര്‍ക്കും 'നെക്‌സ്റ്റ്' പരീക്ഷ നടത്തും. 1948 ലെ ദന്തഡോക്ടേഴ്സ് ആക്ട് റദ്ദാക്കാനും നിലവിലെ ഡെന്റല്‍ കൗണ്‍സിലിനു പകരം ദേശീയ ഡെന്റല്‍ കമ്മീഷന്‍ രൂപീകരിക്കും. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം രാജ്യത്ത് 2.89 ലക്ഷം രജിസ്റ്റര്‍ ചെയ്ത ദന്തഡോക്ടര്‍മാരുണ്ട്. ഉയര്‍ന്ന നിലവാരമുള്ള ഓറല്‍ ഹെല്‍ത്ത് കെയര്‍ ലഭ്യമാക്കുകയാണ് ദേശീയ ഡെന്റല്‍ കമ്മീഷന്‍ ബില്‍ ലക്ഷ്യമിടുന്നത്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന, ദേശീയ രജിസ്റ്ററുകളില്‍ ദന്തഡോക്ടര്‍മാരായി എന്റോള്‍ ചെയ്യുന്നതിനും ഇതു നിര്‍ബന്ധമാക്കും. 

ഡല്‍ഹി ആസ്ഥാനമായ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കമ്മീഷനില്‍ ഒരു ചെയര്‍പേഴ്സണടക്കം 29 അംഗങ്ങളാണ് ഉണ്ടാവുക. ആരോഗ്യമന്ത്രാലയം, പ്രതിരോധമന്ത്രാലയം, ദേശീയ മെഡിക്കല്‍ കമ്മീഷന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 16 അനൗദ്യോഗിക അംഗങ്ങളുമുണ്ടാകും. നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി അണ്ടര്‍ഗ്രാജ്വേറ്റ് ആന്‍ഡ് മിഡ്‌വൈഫറി ബോര്‍ഡ്, നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി അസസ്‌മെന്റ് ആന്റ് റേറ്റിങ് ബോര്‍ഡ്, നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി എത്തിക്സ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ബോര്‍ഡ് എന്നീ മൂന്ന് സ്വയംഭരണ ബോര്‍ഡുകള്‍ കമ്മീഷനുകീഴില്‍ പ്രവര്‍ത്തിക്കും.  സംസ്ഥാനങ്ങളുമായി മികച്ച ബന്ധം നിലനിര്‍ത്താന്‍ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി അഡൈ്വസറി കൗണ്‍സില്‍ എന്ന പേരില്‍ ഉപദേശക സമിതിയും രൂപീകരിക്കും. എല്ലാ സംസ്ഥാന സര്‍ക്കാരുകളും ഈ നിയമം നടപ്പാക്കി ഒരുവര്‍ഷത്തിനുള്ളില്‍ സംസ്ഥാന നഴ്സിംഗ് ആന്റ് മിഡ്‌വൈഫറി കമ്മീഷന്‍ തുടങ്ങണം എന്നാണ് നിര്‍ദേശം.


#Daily
Leave a comment