
ഓഷ്വിറ്റ്‌സ് അതിജീവിച്ച ഏക കൗമാരക്കാരന്‍ അന്തരിച്ചു
ഹിറ്റ്‌ലറുടെ ജൂതക്കൂട്ടക്കൊല കാലത്തെ കുപ്രസിദ്ധ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പായ ഓഷ്വിറ്റ്‌സിനെ അതിജീവിച്ച ഹെന്‍ട്രി ബോര്‍ലന്റ് 98-ാം വയസ്സില്‍ അന്തരിച്ചു. 1942-ല്‍ ഫ്രാന്‍സില്‍ നിന്നും ഓഷ്വിറ്റ്‌സിലേക്ക് കൊണ്ടുപോയ 6000 ജൂതക്കുട്ടികളില്‍ രക്ഷപ്പെട്ട ഏക കൗമാരക്കാരനായിരുന്നു ബോര്‍ലന്റ്.
1927 ജൂണില്‍ പാരീസില്‍ ജനിച്ച ബോര്‍ലന്റ് തന്റെ മാതാപിതാക്കളുടെ 10 മക്കളില്‍ നാലാമത്തെ മകനായിരുന്നു. 1942-ല്‍ പിതാവ് ആറോണും സഹോദരന്‍ ബെര്‍ണാര്‍ഡിനും സഹോദരി ഡെന്‍സിക്കും ഒപ്പം നാസികള്‍ 15-ാം വയസ്സില്‍ ബോര്‍ലന്റിനെ അറസ്റ്റ് ചെയ്തു. ഇവരെ ഓഷ്വിറ്റ്‌സിലേക്ക് നാടുകടത്തി. ദുരിതപൂര്‍ണമായ യാത്രയ്‌ക്കൊടുവിലാണ് ദുരന്തഭൂമിയായ ഓഷ്വിറ്റ്‌സിലേക്ക് എത്തുന്നത്.
മരണക്യാമ്പിലെത്തിയ ബോര്‍ലന്റിന്റെ ശരീരത്തില്‍ 51055 എന്ന നമ്പര്‍ ടാറ്റൂ ചെയ്തു. ആ മാര്‍ക്ക് വര്‍ഷങ്ങളോളം അദ്ദേഹത്തിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിതാവും സഹോദരങ്ങളും ഹോളോകോസ്റ്റില്‍ കൊല്ലപ്പെട്ടു.
ഓഷ്വിറ്റ്‌സ് അതിജീവിച്ച ബോര്‍ലന്റിനെ അനവധി ക്യാമ്പുകളില്‍ പാര്‍പ്പിച്ചു. 1945 ഏപ്രില്‍ മൂന്നിന് ജര്‍മനിയിലെ ബുഷെന്‍വാള്‍ഡില്‍ നിന്നും രക്ഷപ്പെട്ടു.
ദശാബ്ദങ്ങളോളും ബോര്‍ലന്റ് തന്റെ അനുഭവങ്ങളെക്കുറിച്ച് നിശബ്ദനായിരുന്നു. എന്നാല്‍ പിന്നീട് ഭാവി തലമുറകളെ പഠിപ്പിക്കുന്നതിനായി തന്റെ ജീവിതം പങ്കുവച്ചു. 2012-ല്‍ താങ്ക് യു ഫോര്‍ സര്‍വൈവ്ഡ് എന്ന അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചു.