TMJ
searchnav-menu
post-thumbnail

TMJ Daily

വ്യാവസായിക വളര്‍ച്ച സംബന്ധിച്ച് സര്‍ക്കാര്‍ പറയുന്നത് ഏച്ചുകെട്ടിയ കണക്കുകളെന്ന് പ്രതിപക്ഷ നേതാവ്

17 Feb 2025   |   3 min Read
TMJ News Desk

വ്യവസായ സൗഹൃദ അന്തരീക്ഷം പൂര്‍ണമായുമുള്ള സംസ്ഥാനമായി കേരളം മാറണമെന്നത് എല്ലാവരുടെയും സ്വപ്നമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷം രാഷ്ട്രീയത്തിന് അതീതമായ എല്ലാ പിന്തുണയും നല്‍കുമെന്നും കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ പുറത്തേക്ക് പോകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് തന്നെ തൊഴില്‍ സാധ്യതകളുണ്ടാക്കി സാമൂഹിക വികസനം സാധ്യമാകുന്ന വ്യാവസായിക വളര്‍ച്ച സംസ്ഥാനത്തുണ്ടാകണമെന്നും അദ്ധേഹം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ തെറ്റായ കണക്കുകള്‍ നിരത്തി ഏച്ചുകെട്ടിയ കാര്യങ്ങളാണ് സര്‍ക്കാര്‍ പറയുന്നത്. കോവിഡ് കാലത്ത് 'കൊച്ചു കേരളം കോവിഡിനെ പിടിച്ചുകെട്ടി' എന്ന ബിബിസി ലേഖനം നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകും. ഒന്നാം കോവിഡ് മരണ നിരക്ക്  മറച്ചുവച്ചുകൊണ്ടു പി ആര്‍ ഏജന്‍സികളെ ഉപയോഗിച്ചു കൊണ്ടാണ് ബിബിസിയെ പോലും തെറ്റിദ്ധരിപ്പിച്ചു. പിന്നീട് യാഥാര്‍ത്ഥ്യം പുറത്തുവന്നു. കേരളം കോവിഡ് കാലത്തെ യാഥാര്‍ത്ഥ മരണങ്ങള്‍ ഒളിപ്പിച്ചുവയ്ക്കുകയായിരുന്നു. 28,000 മരണങ്ങളാണ് ഒളിപ്പിച്ചു വച്ചത്. ഇപ്പോള്‍ കണക്കുകള്‍ പരിശോധിച്ചാല്‍, ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ ഉണ്ടായ രണ്ടാമത്തെ സംസ്ഥാനമാണെന്ന് മനസിലാക്കാം. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കോവിഡ് ബാധിച്ച രണ്ടാമത്തെ സംസ്ഥാനവും കേരളമാണ്. പിന്നീട് ബിബിസി തന്നെ അത് തിരുത്തി. ഇതിന് സമാനമാണ് വ്യാവസായിക വളര്‍ച്ച സംബന്ധിച്ച ഇപ്പോഴത്തെ അവകാശവാദങ്ങളെന്ന് വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ കേരളം ഒന്നാമത് എത്തിയെന്നതാണ് സര്‍ക്കാരിന്റെ അവകാശവാദം. 2021-ല്‍ തന്നെ ഈസ് ഓഫ് ഡൂയിങ് സൂചിക വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ലോക ബാങ്ക് നിര്‍ത്തലാക്കി. 3 വര്‍ഷം കൊണ്ട് 3 ലക്ഷം സംരംഭങ്ങള്‍ തുടങ്ങി എന്നതാണ് അടുത്ത അവകാശവാദം, അങ്ങനെയെങ്കില്‍ ഒരു നിയോജക മണ്ഡലത്തില്‍ 2,000 സംരംഭങ്ങളെങ്കിലും ഉണ്ടാകണം. മൂന്ന് ലക്ഷം സംരംഭങ്ങള്‍ കേരളത്തില്‍ തുടങ്ങിയെങ്കില്‍ ഏറ്റവും കുറഞ്ഞത് 10 ലക്ഷം രൂപ മുതല്‍ മുടക്കിയാല്‍ 30,000 കോടി രൂപയുടെ വളര്‍ച്ച കേരളത്തിലുണ്ടാകും. ഇത് രാജ്യത്തിന്റെ ജിഡിപിയിലേക്കുള്ള സംസ്ഥാന വിഹിതത്തിലും വര്‍ധനവുണ്ടാക്കും. എന്നാല്‍ രാജ്യത്തിന്റെ ജിഡിപിയിലേക്കുള്ള സംസ്ഥാന വിഹിതം 2022-ലും 2023-ലും 3.8 ശതമാനത്തില്‍ തന്നെ മാറ്റമില്ലാതെ തുടരുകയാണെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. (Relative Economic Performance  of Indian Statse.) തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജിഡിപി വിഹിതം ഏറ്റവും കുറഞ്ഞ സംസ്ഥാനമായിരുന്നു കേരളമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

40 ലക്ഷത്തിനു മുകളില്‍ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് ജിഎസ്ടി രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. അതോടൊപ്പം വ്യവസായങ്ങള്‍ തുടങ്ങുമ്പോള്‍ നടത്തുന്ന മുതല്‍ മുടക്കുകള്‍ക്ക് 'ഇന്‍പുട് ടാക്സ് ക്രെഡിറ്റ്' കിട്ടാനും ജിഎസ്ടി രജിസ്ട്രേഷന്‍ നടത്തും. സര്‍ക്കാര്‍ പറയുന്ന 3 ലക്ഷം സംരംഭങ്ങളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ ആവശ്യമില്ലാത്ത 50% സംരംഭങ്ങളുണ്ടെന്ന് കണക്കാക്കിയാല്‍ പോലും കുറഞ്ഞത് 1.5 ലക്ഷം പുതിയ ജിഎസ്ടി  രജിസ്ട്രേഷനുകള്‍ എങ്കിലും സംസ്ഥാനത്തു ഉണ്ടാകുമായിരുന്നു. എന്നാല്‍ അതും ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

2019 ജൂലൈ 01 മുതല്‍ 2021 ഡിസംബര്‍ 31 വരെയുള്ള കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂലൈ 01, 2021 മുതല്‍ ഡിസംബര്‍ 31, 2023 വരെ 254% വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയെന്നാണ് 2024 Global Startup Ecosystem റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുക്കുന്നത്. യഥാര്‍ത്ഥത്തില്‍ വളരെ വിചിത്രമായ ഒരു താരതമ്യമാണിത്. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂന്ന് വര്‍ഷ കാലയളവുകളില്‍ ഉണ്ടായിട്ടുള്ള വളര്‍ച്ച ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ  മൂന്ന് വര്‍ഷ കാലയളവില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 254 ശതമാനമാണെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ കാലയളവില്‍ കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ മൂല്യം 170 കോടി യുഎസ് ഡോളറാണ്. അതേസമയം കര്‍ണാടകത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ മൂല്യം 1590 കോടി യുഎസ് ഡോളറും ഡല്‍ഹിയിലേത് 1130 കോടി  യുഎസ് ഡോളറും മഹാരാഷ്ട്രയില്‍ 720 കോടി യു.എസ് ഡോളറും തെലങ്കാനയില്‍ 830 കോടി യുഎസ് ഡോളറുമായിരുന്നു. ഇതാണ് സര്‍ക്കാര്‍ പറയുന്ന പറയുന്ന സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം എന്ന് പറഞ്ഞ വി ഡി സതീശന്‍ ഇതിന് യാഥാര്‍ത്ഥ്യവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും ചോദിച്ചു.

സംസ്ഥാനത്തെ ഐ ടി വികസനത്തില്‍ അഭൂതപൂര്‍വ്വമായ വികസനം നടന്നു എന്നാണ് സര്‍ക്കാരിന്റെ മറ്റൊരു വാദം. 2012-13 ല്‍ ടെക്നോപാര്‍ക്കില്‍ 285 കമ്പനികള്‍ ഉണ്ടായിരുന്നത് 2015-16 ല്‍ യുഡിഎഫ് കാലത്ത് 390 ആയി ഉയര്‍ന്നു. അതായത് 37% വര്‍ധനവ്. എന്നാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ഇക്കണോമിക് റിവ്യൂ പ്രകാരം 2019-20 ല്‍ ടെക്നോപാര്‍ക്കില്‍ 450 കമ്പനികള്‍ ഉണ്ടായിരുന്നത്  2023-24 ല്‍ 490 ആയി ഉയര്‍ന്നു (5 വര്‍ഷം). അതായതു 8 ശതമാനം വര്‍ധനവ്. ഐ ടി എക്സ്പോര്‍ട്ട്  വരുമാനത്തില്‍ ഉണ്ടായ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന വാദം അംഗീകരിക്കുന്നു. എന്നാല്‍ അതിന് കാരണം അന്താരാഷ്ട്ര വിപണിയില്‍ രൂപയുടെ മൂല്യം ഡോളറിനെ അപേക്ഷിച്ചു കുറഞ്ഞതാണ്. കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളും കടുത്ത പ്രതിസന്ധി നേരിടുക്കുകയാണ്. കയര്‍, കൈത്തറി, ഖാദി, മണ്‍പാത്ര വ്യവസായം ഉള്‍പ്പെടെയുള്ളവയെല്ലാം സമാനകളില്ലാത്ത പ്രതിസന്ധിയിലാണ്. കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളെ സഹായിക്കാന്‍ യാതൊന്നും ചെയ്യാത്ത സര്‍ക്കാര്‍ കേരളത്തില്‍ വ്യവസായ വളര്‍ച്ച ഉണ്ടായി എന്ന നരേറ്റീവ് ഉണ്ടാക്കുമ്പോള്‍ ഇതായിരുന്നു യാഥാര്‍ത്ഥ്യമെന്ന് എല്ലാവര്‍ക്കും അറിയണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശശി തരൂരിനല്ല, കേരളത്തിലെ മുഖ്യമന്ത്രി ഇന്നലെ പറഞ്ഞതിനുള്ള മറുപടിയാണ് ഇത്. കെ റെയില്‍ സമരകാലത്തും ശശി തരൂര്‍ കെ റെയിലിന് അനുകൂല നിലപാട് എടുത്തിട്ടുണ്ട്. അന്ന് അദ്ദേഹത്തെ നേരില്‍ക്കണ്ട് കെ റെയിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നു. അതിനു പിന്നാലെ കെ റെയില്‍ പ്രായോഗികമല്ലെന്ന നിലപാട് അദ്ദേഹം സ്വീകരിച്ചു. വ്യാവസായിക വളര്‍ച്ച സംബന്ധിച്ച കണക്കുകളും അദ്ദേഹത്തെ ബോധ്യപ്പെടുത്തും. പ്രതിപക്ഷം നെഗറ്റീവാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മൂന്ന് ലക്ഷം സംരംഭങ്ങള്‍ തുടങ്ങിയെന്ന് പറയുന്ന സര്‍ക്കാര്‍ ആരെയാണ് കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്? മറുപടി പറഞ്ഞില്ലെങ്കില്‍ കോവിഡ് കാലത്ത് കബളിപ്പിച്ചതു പോലെ ഇവര്‍ വീണ്ടും ജനങ്ങളെ കബളിപ്പിക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

പെരിയ കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കുമെന്ന വാര്‍ത്ത ശരിയാണെങ്കില്‍ കേരളത്തിലെ കൊടിയ ക്രിമിനലുകള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുകയാണ്. അതിനെതിരെ ശക്തിമായി പ്രതിഷേധിക്കും. പ്രതികള്‍ ജയിലില്‍ പോയിട്ട് ഒന്നര മാസമായില്ല. ടി പി കേസിലെ പ്രതികള്‍ക്ക് 1,071 ദിവസമാണ് പരോള്‍ നല്‍കിയത്. ജയിലില്‍ കിടക്കുമ്പോള്‍ വി വി ഐ പി പരിഗണനയാണ്. പ്രതികളെ പേടിച്ചാണ് സി പി എം നേതാക്കള്‍ നടക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.



#Daily
Leave a comment