PHOTO : WIKI COMMONS
ശാന്തന്‍പാറ സി.പി.എം ഓഫീസിന്റെ മതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പൊളിച്ചുമാറ്റി
ഇടുക്കി ശാന്തന്‍പാറയിലെ സി.പി.എം ഓഫീസിന്റെ സംരക്ഷണ ഭിത്തി പൊളിച്ച് നീക്കി. പാര്‍ട്ടി തന്നെയാണ് സംരക്ഷണ ഭിത്തി പൊളിച്ചുമാറ്റിയത്. താലൂക്ക് സര്‍വേയര്‍ നേരിട്ടെത്തി അടയാളപ്പെടുത്തി നല്‍കിയ ഭാഗമാണ് പൊളിച്ച് മാറ്റിയത്. പുറമ്പോക്ക് കൈയേറിയാണ് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചതെന്ന് റവന്യു വകുപ്പ് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നടപടി.
സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റെ പേരില്‍ ശാന്തന്‍പാറയിലുള്ള എട്ട് സെന്റ് സ്ഥലത്ത് ഓഫീസ് നിര്‍മ്മിക്കാന്‍ എന്‍.ഒ.സിക്ക് അനുമതി ആവശ്യപ്പെട്ട് ജില്ല കളക്ടര്‍ക്ക് പാര്‍ട്ടി അപേക്ഷ നല്‍കിയിരുന്നു. ഇത് സംബന്ധിച്ച പരിശോധനയില്‍ കെട്ടിടം നിര്‍മിച്ചത് 12 ചതുരശ്രമീറ്റര്‍ പട്ടയമില്ലാത്ത ഭൂമിയിലാണെന്നും 48 ചതുരശ്രമീറ്റര്‍ റോഡ് പുറമ്പോക്ക് ഭൂമിയിലാണെന്നും റവന്യൂവകുപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഓഫീസ് നിര്‍മാണത്തിനുള്ള എന്‍.ഒ.സി. അപേക്ഷ ജില്ലാ കളക്ടര്‍ നിരസിക്കുകയായിരുന്നു. അതിനാല്‍ ഭിത്തി പൊളിച്ചുമാറ്റിയതോടെ ആ നിയമലംഘനം അവസാനിച്ചെന്നും എന്‍.ഒ.സിയ്ക്കുള്ള അപേക്ഷ വീണ്ടും ജില്ലാ കളക്ടര്‍ക്ക് നല്‍കുമെന്നുമാണ് സി.പി.എം അറിയിക്കുന്നത്. എന്നിട്ടും എന്‍.ഒ.സി ലഭിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.
നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്
റവന്യൂ വകുപ്പിന്റെ എന്‍.ഒ.സി ലഭിച്ചിട്ടില്ലാത്ത ശാന്തന്‍പാറ ഏരിയ കമ്മിറ്റി ഓഫീസ് അടക്കമുള്ള സി.പി.എം പാര്‍ട്ടി ഓഫീസുകളുടെ നിര്‍മാണം അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ ഓഗസ്റ്റില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവുവന്നശേഷവും ഓഫീസ് നിര്‍മാണം തുടരുകയായിരുന്നു. ഹൈക്കോടതി വിലക്കിയിട്ടും ഓഫീസ് നിര്‍മാണവുമായി മുന്നോട്ടുപോയ സി.പി.എം ജില്ലാ നേതൃത്വത്തിനെതിരെ ഹൈക്കോടതി തന്നെ നടപടിയെടുത്തിരുന്നു.
സി.പി.എം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസിനെതിരേ കോടതിയലക്ഷ്യ നടപടിക്ക് ഉത്തരവിട്ട ഹൈക്കോടതി ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഈ കെട്ടിടം സി.പി.എം
ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കുകയും ചെയ്തിരുന്നു.