
മാര്‍പാപ്പ കാലം ചെയ്തു
ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു. 88 വയസ്സായിരുന്നു. വത്തിക്കാനിലെ കാസ സാന്റാ മാര്‍ത്തയിലെ തന്റെ വസതിയില്‍ വച്ചാണ് അദ്ദേഹം അന്തരിച്ചതെന്ന് വത്തിക്കാന്‍ ന്യൂസ് സര്‍വീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഈസ്റ്ററിന് ആയിരക്കണക്കിന് ഈസ്റ്റര്‍ ആശംസകള്‍ അറിയിക്കാന്‍ അദ്ദേഹം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ സന്നിഹിതനായിരുന്നു.
2013 മാര്‍ച്ചില്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്നാണ് അര്‍ജന്റീനക്കാരനായ കര്‍ദിനാള്‍ ജോര്‍ജെ മാരിയോ ബര്‍ഗോഗ്ലിയോയെ മാര്‍പാപ്പയായി തിരഞ്ഞെടുത്തത്. ബര്‍ഗോഗ്ലിയോ പോപ് ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ചു.
ഇന്ന് രാവിലെ പ്രാദേശിക സമയം 7.35നാണ് അദ്ദേഹം അന്തരിച്ചത്. അദ്ദേഹം ദൈവത്തിനും സഭയ്ക്കും വേണ്ടി തന്റെ ജീവിതം മുഴുവന്‍ ഉഴിഞ്ഞുവച്ചുവെന്ന് വത്തിക്കാന്‍ പ്രസ്താവനയില്‍ പറഞ്ഞു. കര്‍ദിനാള്‍ ഫാറെല്‍ ആണ് പോപ്പിന്റെ മരണ വിവരം പുറംലോകത്തെ അറിയിച്ചത്.
ദക്ഷിണ അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ പോപ്പാണ് അദ്ദേഹം. 741ല്‍ സിറിയക്കാരനായ ഗ്രിഗറി മൂന്നാമന്‍ അന്തരിച്ചതിനുശേഷം പോപ്പായി തിരഞ്ഞെടുക്കപ്പെടുന്ന യൂറോപ്പുകാരനല്ലാത്ത ആദ്യ വ്യക്തിയും ഫ്രാന്‍സിസ് മാര്‍പാപ്പയാണ്.
റോം എക്കാലവും സംശയത്തോടെ വീക്ഷിച്ചിരുന്ന ജെസ്യൂട്ടുകളില്‍ നിന്നും ഒരാള്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിന്റെ അധിപനാകുന്നതും ഫ്രാന്‍സിസ് മാര്‍പാപ്പയിലൂടെയാണ്.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്‍ഗാമിയായ ബെനഡിക്ട് പതിനാറാമന്‍ സ്ഥാനത്യാഗം ചെയ്തതും അപൂര്‍വമായ സംഭവമായിരുന്നു. ഏകദേശം 600 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരു പോപ്പ് സ്ഥാന ത്യാഗം ചെയ്തത്. ഇതേതുടര്‍ന്ന് റോമില്‍ ഒരേ സമയം രണ്ട് മാര്‍പ്പാപ്പമാര്‍ വസിക്കുന്ന സാഹചര്യവും സംജാതമായിരുന്നു.
കഴിഞ്ഞ മാസം ഫ്രാന്‍സിസ് മാര്‍പാപ്പ ഏതാനും ആഴ്ച്ചകളില്‍ രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.


