PHOTO: GOAL.IN
പ്രീമിയര്‍ ലീഗിന് ഇന്ന് കിക്കോഫ്
ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ ലീഗായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം രാത്രി 12:30 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ബേണ്‍ലിയെ നേരിടും. ബേണ്‍ലിയുടെ ഗ്രൗണ്ടിലാണ് മത്സരം. നാളെ ആഴ്സണല്‍, ന്യൂകാസില്‍, ബ്രൈറ്റണ്‍ എന്നീ ടീമുകള്‍ സീസണിലെ ആദ്യ മത്സരത്തിനായി ഇറങ്ങും. നോട്ടിങ്ഹാം ഫോറസ്റ്റാണ് ആഴ്സണലിന്റെ എതിരാളികള്‍. കഴിഞ്ഞ സീസണില്‍ അവസാനംവരെ കിരീട പോരാട്ടത്തില്‍ ആഴ്സണല്‍ മുന്നിലായിരുന്നെങ്കിലും ലീഗിലെ അവസാന മത്സരങ്ങളില്‍ പതറിയതോടെ കിരീടം സിറ്റിക്ക് വിട്ട് കൊടുക്കേണ്ടി വന്നിരുന്നു. ഈ വര്‍ഷം പ്രീമിയര്‍ ലീഗിലേക്ക് പ്രമോഷന്‍ കിട്ടിയ ലുട്ടണ്‍ ടൗണ്‍ ബ്രൈറ്റണിനെ നേരിടുമ്പോള്‍ ന്യൂകാസിലിന്റെ എതിരാളികള്‍ കരുത്തരായ ആസ്റ്റണ്‍ വില്ലയാണ്.
വിജയക്കുതിപ്പ് തുടരാന്‍ സിറ്റി
ഏറ്റവും മികച്ച ഫുട്ബോള്‍ ലീഗെന്ന് പ്രീമിയര്‍ ലീഗിനെ വിശേഷിപ്പിക്കുമ്പോഴും കഴിഞ്ഞ മൂന്ന് വര്‍ഷമായി ചാമ്പ്യന്മാരാകുന്നത് പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കെടുത്താല്‍ സിറ്റിയാണ് നാല് വര്‍ഷവും കിരീടം ചൂടിയത്. 2019-20 സീസണില്‍ ലിവര്‍പൂളാണ് ഇതിനിടയില്‍ സിറ്റിക്ക് പുറമേ ചാമ്പ്യന്മാരായത്. ക്യാപ്റ്റനായ ഇല്‍കായ് ഗുണ്ടോആന്‍ ഈ സീസണില്‍ ടീം വിട്ടെങ്കിലും സിറ്റിയെ അതൊന്നും കാര്യമായി ബാധിക്കില്ല. അവരുടെ സ്‌ക്വാഡ് ഡെപ്ത് അത്രയ്ക്ക് ശക്തമാണ്. മാഞ്ചസ്റ്റര്‍ സിറ്റി തന്നെയാണ് ഈ സീസണിലും കിരീട പ്രതീക്ഷയില്‍ മുന്നില്‍ നില്‍ക്കുന്ന ടീം. സിറ്റിക്ക് പ്രധാന വെല്ലുവിളി ഉയര്‍ത്തുക മികേല്‍ അര്‍ട്ടേറ്റ പരിശീലിപ്പിക്കുന്ന ആഴ്സണല്‍ ആയിരിക്കും. കഴിഞ്ഞ തവണ അവസാന നിമിഷം നഷ്ടപ്പെട്ട കിരീടം ഇത്തവണ എന്ത് വില കൊടുത്തും സ്വന്തമാക്കാന്‍ തന്നെയായിരിക്കും ആഴ്സണലിന്റെ ശ്രമം. കമ്മ്യൂണിറ്റി ഷീല്‍ഡില്‍ കിരീടം നേടാനായത് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. വെസ്റ്റഹാം യുണൈറ്റഡില്‍ നിന്ന് ഡെക്ലന്‍ റൈസിനെ ടീമിലെത്തിച്ചത് ആഴ്സണലിന്റെ മധ്യനിരയെ ശക്തമാക്കുന്നുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് കിരീട സാധ്യത നിലനിര്‍ത്തുന്ന മറ്റൊരു ടീം. സമീപ കാലങ്ങളിലെ യുണൈറ്റഡിന്റെ പ്രകടനമെടുത്ത് നോക്കിയാല്‍ എറിക് ടെന്‍ഹാഗ് പരിശീലകനായതിന് ശേഷം മികച്ച പ്രകടനമാണ് അവര്‍ പുറത്തെടുക്കുന്നത്. കഴിഞ്ഞ സീസണില്‍ കാര്‍ബഡോ കപ്പ് നേടുകയും എഫ്.എ കപ്പിന്റെ ഫൈനല്‍ വരെ എത്താനും യുണൈറ്റഡിന് സാധിച്ചിട്ടുണ്ട്. പന്ത് കയ്യില്‍ വച്ച് കളിച്ച് കൂടുതല്‍ ഗോള്‍ നേടി കളി വിജയിക്കുക എന്നുള്ളത് തന്നെയാണ് ടെന്‍ഹാഗിന്റെയും തന്ത്രം. ഈ തന്ത്രത്തിന്റെ ഭാഗമായിട്ടാണ് അവര്‍ ഗോള്‍ കീപ്പറെ ഉള്‍പ്പെടെ ഈ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ മാറ്റിയത്. ന്യൂകാസില്‍, ലിവര്‍പൂള്‍ എന്നീ ടീമുകളാണ് കിരീട പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മറ്റ് രണ്ട് ടീമുകള്‍. ന്യൂകാസില്‍ യുണൈറ്റഡിന്റെ ഉടമസ്ഥര്‍ മാറിയതില്‍ പിന്നെ വമ്പന്‍ മാറ്റങ്ങളും സൈനിങ്ങുകളുമാണ് ടീമിലുണ്ടായത്. ഇതിനുശേഷം ടീമിന്റെ പ്രകടനത്തിലും കാര്യമായ മാറ്റങ്ങള്‍ വരുകയും വര്‍ഷങ്ങള്‍ക്ക് ശേഷം ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രകടനം എടുത്ത് നോക്കിയാല്‍ ലിവര്‍പൂളിന്റെ ഏറ്റവും മോശം പ്രകടനമായിരുന്നു ഇക്കഴിഞ്ഞ സീസണിലേത്. ലീഗില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചാമ്പ്യന്‍സ് ലീഗ് യോഗ്യത നഷ്ടപ്പെടുകയും ചെയ്തിരുന്നു. ക്ലോപ്പ് ടീമിന്റെ പരിശീലകനായി തുടരുന്നതുകൊണ്ട് തന്നെ ലിവര്‍പൂളിനെ ഒരിക്കലും എഴുതിത്തള്ളാനും സാധിക്കില്ല. അര്‍ജന്റീനക്കാരന്‍ അലക്സി മാക് അല്ലിസ്റ്ററാണ് ഈ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ ലിവര്‍പൂളിലേക്ക് എത്തിയ പ്രധാന താരം.