
അല്‍-ഷാറയുടെ തലയ്ക്ക് യുഎസ് പ്രഖ്യാപിച്ചിരുന്ന വില പിന്‍വലിച്ചു
ഹയാത്ത് താഹ്രിര്‍ അല്‍-ഷാം (എച്ച്ടിഎസ്) നേതാവ് അഹമ്മദ് അല്‍-ഷാറയുടെ തലയ്ക്ക് യുഎസ് പ്രഖ്യാപിച്ചിരുന്ന 10 മില്ല്യണ്‍ ഡോളറിന്റെ സമ്മാനത്തുക പിന്‍വലിച്ചു. അമേരിക്കന്‍ നയതന്ത്രജ്ഞരും എച്ച്ടിഎസ് നേതൃത്വവും തമ്മില്‍ നടന്ന മുഖാമുഖ കൂടിക്കാഴ്ച്ചയ്ക്കുശേഷമാണ് യുഎസ് തീരുമാനം.
സിറിയന്‍ മണ്ണില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്), മറ്റ് ഭീകര സംഘടനകള്‍ എന്നിവയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ലെന്ന് ഷാറ ഉറപ്പുനല്‍കിയെന്ന് മധ്യേഷ്യയിലെ മുതിര്‍ന്ന യുഎസ് നയതന്ത്രജ്ഞയായ ബാര്‍ബറാ ലീഫ് പറഞ്ഞു.
എച്ച്ടിഎസ് നേതാവുമായുള്ള സംഭാഷണ ശ്രമങ്ങളെ സങ്കീര്‍ണമാക്കും എന്നതിനാലാണ് അദ്ദേഹത്തിന്റെ തലയ്ക്ക് പ്രഖ്യാപിച്ചിരുന്ന സമ്മാനത്തുക പിന്‍വലിക്കുന്നത്. ഇക്കാര്യം നേരത്തെ അബു മുഹമ്മദ് അല്‍-ജുലാനിയെന്ന് അറിയിപ്പെടുന്ന ഷാറയെ യുഎസ് പ്രതിനിധി സംഘം അറിയിച്ചു.
ഞങ്ങള്‍ എച്ച്ടിഎസുമായി ചര്‍ച്ച ആരംഭിക്കുന്നുവെന്ന വസ്തുതയുമായി ബന്ധപ്പെട്ട നയതീരുമാനമാണ് അത്. യുഎസിന്റേയും സിറിയയുടേയും ഈ മേഖലയുടേയും താല്‍പര്യങ്ങള്‍ യുഎസും എച്ച്ടിഎസും തമ്മില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അസദിന്റെ പതനം സിറിയയുടെ മേലുള്ള ഇറാന്റെ സ്വാധീനത്തെ അവസാനിപ്പിച്ചുവെന്ന് ബാര്‍ബറ പറഞ്ഞു.
സിറിയ അവരുടെ അയല്‍ക്കാരായ ഇറാക്കിനെ പോലെ സ്വന്തം കാലില്‍ നില്‍ക്കുന്നതും സ്വന്തം കാര്യങ്ങളില്‍ പൂര്‍ണമായും പരമാധികാരവും നേടുന്നത് കാണാനാണ് തങ്ങളുടെ സര്‍ക്കാരിന് താല്‍പര്യമെന്ന് അവര്‍ പറഞ്ഞു.
2012-ല്‍ സിറിയയില്‍ കാണാതായ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഓസ്റ്റിന്‍ ടൈസിനെക്കുറിച്ചും സിറിയന്‍-അമേരിക്കന്‍ സൈക്കോതെറാപ്പിസ്റ്റായ മാജ്ദ് കമാല്‍മാസിനെക്കുറിച്ചും അസദിന്റെ ഭരണകാലത്ത് സിറിയയില്‍ കാണാതായ മറ്റ് അമേരിക്കന്‍ പൗരന്‍മാരെക്കുറിച്ചും നയതന്ത്ര പ്രതിനിധികള്‍ എച്ച്ടിഎസിനോട് ആരാഞ്ഞു. 2012-ല്‍ എംബസി അടച്ചതു മുതല്‍ സിറിയയുമായി യുഎസിന് നയതന്ത്ര ബന്ധം ഇല്ല. നിലവില്‍ യുഎന്നും യുഎസും അടക്കം ഭീകരസംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സംഘടനയാണ് എച്ച്ടിഎസ്.