
വിമതര്‍ തലസ്ഥാനം കീഴടക്കി; സിറിയന്‍ പ്രസിഡന്റ് അസാദ് രാജ്യം വിട്ടു
വിമതര്‍ സിറിയയിലെ വിവിധ പ്രദേശങ്ങള്‍ കീഴടക്കുന്നതിന് പിന്നാലെ പ്രസിഡന്റ് ബാഷര്‍ അല്‍-അസാദ് രാജ്യം വിട്ടു. വിമതര്‍ രാജ്യ തലസ്ഥാനമായ ഡമാസ്‌കസില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് 24 വര്‍ഷമായി സിറിയ ഭരിക്കുന്ന അസാദ് സ്വകാര്യ വിമാനത്തില്‍ അജ്ഞാത സ്ഥലത്തേക്ക് മാറിയത്.
ഡമാസ്‌കസ് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഒരു സിറിയന്‍ വിമാനം രാജ്യത്ത് അസാദിന്റെ ശക്തികേന്ദ്രമായ തീരപ്രദേശത്തേക്ക് പറന്നുവെങ്കിലും പെട്ടെന്ന് യു-ടേണ്‍ എടുത്ത് എതിര്‍ ദിശയിലേക്ക് കുറച്ചുനേരം പറന്നശേഷം മാപില്‍ നിന്നും അപ്രത്യക്ഷമായിയെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ വിമാനത്തില്‍ ആരാണ് യാത്ര ചെയ്യുന്നതെന്ന് റോയിട്ടേഴ്സിന് സ്ഥിരീകരിക്കാന്‍ ആയിട്ടില്ല.
ഇതേതുടര്‍ന്ന് ഡമാസ്‌കസിന് അസാദില്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ചതായി വിമതര്‍ പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ സൈന്യം പിന്‍മാറിയെങ്കിലും ഡമാസ്‌കസില്‍ വെടിവയ്പ്പ് നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. സിറിയയില്‍ 24 വര്‍ഷത്തെ അസാദിന്റെ ഭരണം അവസാനിച്ചുവെന്ന് രാജ്യത്തിന്റെ സൈനിക കമാന്‍ഡ് ഓഫീസര്‍മാരെ അറിയിച്ചുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അസാദിന്റെ എതിരാളികളെ പീഡിപ്പിക്കുകയും വധശിക്ഷയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്ന കുപ്രസിദ്ധമായ സെയ്ദ്നയ ജയിലില്‍ നിന്നും ആയിരക്കണക്കിന് തടവുകാരെ സ്വതന്ത്രമാക്കിയതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഈ ജയിലിലെ അനീതിയുടെ കാലഘട്ടം അവസാനിച്ചുവെന്ന് വിമതര്‍ പ്രഖ്യാപിച്ചു. ഹോമസ് നഗരം 'പൂര്‍ണ സ്വതന്ത്രമാക്കി' എന്ന് വിമതര്‍ പ്രഖ്യാപിച്ചശേഷമാണ് അവര്‍ രാജ്യ തലസ്ഥാനത്തിലേക്ക് നീങ്ങിയത്.


