മാര്‍ട്ടിന്‍ ഗ്രിഫിത്ത്‌സ് | PHOTO: UN
ഗാസയിലെ സ്ഥിതി അസഹനീയം, ഇങ്ങനെ തുടരാന്‍ പറ്റില്ല: യുഎന്‍
ഇസ്രയേലിനോട് വീണ്ടും വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍. അടിയന്തിരമായി ആക്രമണം നിര്‍ത്തണം, അസാധ്യമായ കാര്യമല്ല ആവശ്യപ്പെടുന്നത്. സിവിലിയന്‍മാര്‍ക്ക് സുരക്ഷിതമായി ഒഴിഞ്ഞുപോകാനുള്ള അവസരം ഒരുക്കണം. ഗാസയില്‍ മാനുഷിക സഹായങ്ങളുമായി എത്തുന്ന സംഘങ്ങള്‍ക്ക് സുരക്ഷിതമായ വഴിയൊരുക്കണം എന്ന് യുഎന്‍ ഹ്യുമാനിറ്റേറിയന്‍ വിഭാഗം തലവന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത്‌സ് ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഗാസയില്‍ മാനുഷിക പ്രതിസന്ധി അസഹനീയമാണ്, അത് തുടര്‍ന്നുകൂട എന്നും യുഎന്‍ പൊതുസഭയില്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത്‌സ് ആവശ്യപ്പെട്ടു.
ഇന്ധനക്ഷാമം രൂക്ഷം
ഗാസയില്‍ വെള്ളവും ഭക്ഷണവും ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളുടെ വിതരണം നിര്‍ത്തിവെക്കാന്‍ യുഎന്‍ നിര്‍ബന്ധിതമായത് ഇന്ധനക്ഷാമം കൊണ്ടാണ്. മൂന്ന് ദിവസം മുന്‍പ് ഗാസയിലേക്ക് ഇന്ധന ടാങ്കറുകള്‍ക്ക് കടക്കാനുള്ള അനുമതി ഇസ്രയേല്‍ നല്‍കിയിരുന്നു. എന്നാല്‍ അത് യുഎന്‍ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി മാത്രമാണ്. ഇന്ധന ടാങ്കറുകള്‍ ഗാസയിലേക്ക്് എത്തിക്കുന്നതിനുള്ള കരാര്‍ ഇസ്രയേല്‍ ഒപ്പിട്ടിരുന്നെങ്കിലും നടപ്പാക്കിയില്ല. ഇന്ധന ക്ഷാമം രൂക്ഷമായിട്ടില്ലെന്നും ഹമാസ് ബന്ധികളാക്കിയവരെ വിട്ടയക്കാനുള്ള ചര്‍ച്ചക്കായി കാത്തിരിക്കുകയാണ് എന്നുമാണ് കരാര്‍ വൈകുന്നതിനുള്ള കാരണമായി ഇസ്രയേല്‍ പറഞ്ഞത്. മൂന്ന് ഇന്ധന ട്രക്കുകള്‍ ഗാസയിലേക്ക് കടക്കാന്‍ തയ്യാറാണെന്ന് ഈജിപ്ഷ്യന്‍ സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ ട്രക്കുകള്‍ക്ക് കടന്നുപോകാന്‍ അനുവാദം ലഭിച്ചിരുന്നില്ല. ഭക്ഷ്യവിതരണം ഉള്‍പ്പെടെയുള്ളവ തടസ്സപ്പെട്ടതോടെ യുഎന്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയതോടെയാണ് ഇന്ധന ടാങ്കുകള്‍ കടത്തിവിടാന്‍ നിലവില്‍ ഇസ്രയേല്‍ അനുവദിച്ചിരിക്കുന്നത്.
ഒഴിഞ്ഞു പോകണം: ലഘുലേഖ വിതരണം ചെയ്ത് ഇസ്രയേല്‍
ഇസ്രയേല്‍ സൈന്യം നിയന്ത്രണം ഏറ്റെടുത്ത ഗാസയിലെ ആശുപത്രികളില്‍ കുടുങ്ങിക്കിടക്കുന്നത് 7000 പേരാണ്. അല്‍ ഷിഫ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ 22 രോഗികള്‍ കൊല്ലപ്പെട്ടതായി ആശുപത്രി ഡയറക്ടര്‍ അറിയിച്ചു. മൂന്ന് ദുവസത്തിനിടെ ഇവിടെ കൊല്ലപ്പെട്ടത് 55 പേരാണ്. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലും റഫാ അതിര്‍ത്തിക്കു സമീപവും അഭയാര്‍ത്ഥികള്‍ക്കു നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടതായും ജബലിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ 18 പേര്‍ കൊല്ലപ്പെട്ടതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഭയാര്‍ത്ഥികള്‍ ഒഴിഞ്ഞുപോകണം എന്നാണ് ഇസ്രയേല്‍ പറയുന്നത്. ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ഖാന്‍ യൂനിസില്‍ ഇസ്രയേല്‍ ലഘുലേഖകള്‍ വിതരണം ചെയ്തു.