
കേന്ദ്രഅവഗണനയെന്ന വ്യാജപ്രചരണം അവസാനിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ മാപ്പ് പറയണം: കെ സുരേന്ദ്രന്‍
കേരളത്തെ കേന്ദ്രം അവഗണിക്കുകയാണെന്ന വ്യാജപ്രചരണം ഇനിയെങ്കിലും അവസാനിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
ഭരണപരാജയം മറച്ചുവെക്കാന്‍ എല്ലാം കേന്ദ്രത്തിന്റെ തലയിലിടുന്ന പരിപാടി ഇനി നടക്കില്ലെന്നും കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ആശാവര്‍ക്കര്‍മാരുടെ സമരം. കേന്ദ്രം പണം നല്‍കാത്തത് കൊണ്ടാണ് ആശാവര്‍ക്കര്‍മാര്‍ക്ക് വേതനം കിട്ടാത്തതെന്ന വ്യാജ പ്രചരണമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയത്.
നിര്‍ഭാഗ്യവശാല്‍ പ്രതിപക്ഷവും ഇതേവാദം ഏറ്റുപിടിച്ചു. പാര്‍ലമെന്റില്‍ അവര്‍ കേന്ദ്രത്തിനെതിരെ സമരം ചെയ്തു. യുഡിഎഫ് സമരം ചെയ്യേണ്ടത് സെക്രട്ടറിയേറ്റിന്റെ മുമ്പിലാണ്. തൊഴിലുറപ്പ് പദ്ധതിയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് കേരളം നല്‍കുന്നില്ല. കൃത്യമായ കണക്ക് സംസ്ഥാനം നല്‍കുന്നില്ല. ഇത് ഫണ്ട് ലഭ്യതയ്ക്ക് തടസം സൃഷ്ടിക്കുകയാണ്.
ദേശീയപാത നിര്‍മ്മാണത്തിന്റെ കാര്യത്തിലും കേരളത്തിന്റെ വിഹിതം ലഭിക്കുന്നില്ല. പൂര്‍ണമായും കേന്ദ്രഫണ്ടിലാണ് നിര്‍മ്മാണം നടക്കുന്നത് എന്‍എച്ച്എമ്മിന്റെ ഫണ്ടില്‍ കേന്ദ്രവിഹിതം കൃത്യമായി ലഭിച്ചപ്പോള്‍ സംസ്ഥാനം വിഹിതം നല്‍കുന്നില്ല. ഇത് കേരളത്തിന്റെ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുന്നു. അര്‍ബന്‍ പിഎംഎവൈ പദ്ധതിയില്‍ സംസ്ഥാനം ഒപ്പുവെച്ചില്ല. ജല്‍ ജീവന്‍ മിഷന്‍ പോലെ പിഎംഎവൈയും മുടക്കിയത് സംസ്ഥാന സര്‍ക്കാരാണ്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഒരു വര്‍ഷമായി നടക്കുന്നില്ല. ആയുഷ്മാന്‍ ഭാരത് കേരളത്തില്‍ നടപ്പാക്കുന്നില്ല. ഇതൊന്നും ഇവിടുത്തെ പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
ജിം നടന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്ന് ലക്ഷം കോടിയല്ലാതെ വേറെന്ത് നിക്ഷേപമാണ് വന്നത്. കോടികള്‍ പൊടിച്ച് നടത്തിയ മാമാങ്കം കൊണ്ട് സംസ്ഥാനത്തിന് എന്ത് ഗുണമാണുണ്ടായത്. കെ വി തോമസിനെ പോലെയുള്ളവരെ ദില്ലിയില്‍ നിയമിച്ച് സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുകയാണ്.
ഭരണപക്ഷവും പ്രതിപക്ഷവും കടല്‍മണല്‍ ഖനനത്തിനെതിരെ സമരം തുടങ്ങിയത് എന്ത് അടിസ്ഥാനത്തിലാണ്. സംസ്ഥാന സര്‍ക്കാര്‍ കടല്‍മണല്‍ ഖനനത്തിന്റെ ആഘാതം പരിശോധിക്കാന്‍ എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ? പിന്നെന്തിനാണ് ഇവര്‍ സമരം നടത്തുന്നതെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.