TMJ
searchnav-menu
post-thumbnail

TMJ Daily

ഖനന വരുമാനത്തില്‍ 70 ശതമാനം വര്‍ദ്ധനവ് നേടി സംസ്ഥാനം 

14 Nov 2023   |   2 min Read
TMJ News Desk

സംസ്ഥാനത്തെ ഖനന പ്രവര്‍ത്തനങ്ങളില്‍ 70 ശതമാനം വരുമാനം വര്‍ദ്ധിപ്പിച്ച് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ്. ഈ വര്‍ഷം ഒക്ടോബര്‍ വരെയുള്ള കണക്കുകളിലാണ് 70 ശതമാനം വര്‍ദ്ധനവ്.
സംസ്ഥാനത്ത് ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള റോയല്‍റ്റിയും വിവിധതരം ഫീസുകളും ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട വരുമാനം പിരിച്ചെടുക്കുന്നതില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് കൈവരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

ഒക്‌ടോബര്‍ 31 വരെയുള്ള കാലയളവില്‍ 273. 97 കോടി രൂപയാണ് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് പിരിച്ചെടുത്തത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ പിരിച്ചെടുത്തതിനേക്കാള്‍ 70 ശതമാനം വരുമാനം ഇക്കൊല്ലം വര്‍ദ്ധിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഇ- ഓഫീസ്, കോമ്പസ് സോഫ്റ്റ്‌വെയര്‍ തുടങ്ങി സംസ്ഥാന സര്‍ക്കാര്‍ വകുപ്പില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ ഫലമായാണ് വര്‍ദ്ധനവ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 165.96 കോടി രൂപയാണ് സര്‍ക്കാര്‍ ഈയിനത്തില്‍ സമാഹരിച്ചത്. 2021-22 വരെ രേഖപ്പെടുത്തിയ വാര്‍ഷിക വരുമാന വര്‍ധനവില്‍ ഏറ്റവും ഉയര്‍ന്നത് 17 ശതമാനമായിരുന്നു. എന്നാല്‍ 2022-23 ല്‍ ഇത് 56 ശതമാനമായും നടപ്പുവര്‍ഷം 70 ശതമാനമായും കുതിച്ചുയര്‍ന്നു. 2016 ല്‍ സംസ്ഥാനത്തെ ക്വാറികളുടെ എണ്ണം 3505 ആയിരുന്നു. ഇത്രയും ക്വാറികളില്‍ നിന്ന് ലഭിച്ച ആകെ വരുമാനം 138.72 കോടി രൂപയായിരുന്നു. എന്നാല്‍ നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ എണ്ണം കുത്തനെ കുറഞ്ഞു. 651 ക്വാറികളില്‍ നിന്നാണ് 273.97 കോടി രൂപ സര്‍ക്കാര്‍ പിരിച്ചെടുത്തത്.

എല്ലാ ജില്ലകളിലും വരുമാന വര്‍ധനവ് ഉണ്ടായി. പാലക്കാട് ജില്ലയില്‍ നിന്നാണ് ഏറ്റവുമധികം വരുമാനം ഉണ്ടായത്. 45.46 കോടി രൂപ പാലക്കാട് ജില്ലയില്‍ നിന്ന് മാത്രം പിരിച്ചെടുക്കാന്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന് കഴിഞ്ഞു. കഴിഞ്ഞവര്‍ഷം ഇത് 13.54 കോടി രൂപ മാത്രമായിരുന്നു. മലപ്പുറം ആണ് രണ്ടാം സ്ഥാനത്ത്. 37.28 കോടി രൂപയാണ് ഇവിടെ നിന്ന് പിരിച്ചെടുത്തത്. മുന്‍വര്‍ഷം ഇത് 25.08 കോടി രൂപയായിരുന്നു. എറണാകുളം - 33.17 കോടി, തിരുവനന്തപുരം -27, 22 കോടി, കോട്ടയം -22 29 കോടി, കൊല്ലം - 20.62 കോടി, കണ്ണൂര്‍ - 20.10 കോടി, പത്തനംതിട്ട - 19.87 കോടി, തൃശൂര്‍ - 13.07 കോടി, കോഴിക്കോട് - 11.91 കോടി, ഇടുക്കി - 9.47 കോടി, കാസര്‍ഗോഡ് - 6.51 കോടി, ആലപ്പുഴ -3.27 കോടി, വയനാട് 2.86 കോടി.



#Daily
Leave a comment