വക്കം പുരുഷോത്തമന്‍ | PHOTO: WIKI COMMONS
വക്കം പുരുഷോത്തമന്‍ അന്തരിച്ചു; വിടപറഞ്ഞത് കര്‍ക്കശക്കാരനായ സ്പീക്കര്‍
മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വക്കം പുരുഷോത്തമന്‍ (96) അന്തരിച്ചു. ശാരീരിക അവശതകളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് വക്കത്ത് നടക്കും. മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ആയിരുന്ന ഡോ. ലില്ലിയാണ് ഭാര്യ. ബിനു, ബിന്ദു, പരേതനായ ബിജു എന്നിവര്‍ മക്കളാണ്.
ജീവിതരേഖ
1928 ഏപ്രില്‍ 12 ന് ആറ്റിങ്ങല്‍ താലൂക്കിലെ വക്കം ഗ്രാമത്തില്‍ ഭാനു പണിക്കരുടെയും ഭവാനിയുടെയും മകനായി ജനിച്ച അദ്ദേഹം സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് എന്ന വിദ്യാര്‍ത്ഥി സംഘടനയിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് എത്തിയത്. അഭിഭാഷക ജോലിയില്‍ നിന്നാണ് വക്കം പുരുഷോത്തമന്റെ രാഷ്ട്രീയ പ്രവേശനം.
1953 ല്‍ വക്കം ഗ്രാമപഞ്ചായത്ത് അംഗമായി. പിന്നീടാണ് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്, കെപിസിസി വൈസ് പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ പദവികളില്‍ എത്തിയത്. 25 വര്‍ഷം എഐസിസി അംഗമായിരുന്നു. കേരളാ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, സിന്‍ഡിക്കേറ്റ് അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
അഞ്ചു തവണ ആറ്റിങ്ങലില്‍ നിന്ന് നിയമസഭാംഗമായിരുന്നു. ത്രിപുര, മിസോറാം, ആന്‍ഡമാന്‍ സംസ്ഥാനങ്ങളില്‍ ഗവര്‍ണറായും സേവനം അനുഷ്ഠിച്ചു. നിയമസഭാ സ്പീക്കറും മൂന്നു തവണ മന്ത്രിയുമായിരുന്നു. ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സ്പീക്കറായ വ്യക്തിയെന്ന ബഹുമതിയും വക്കം പുരുഷോത്തമനാണ്. കേരളം കണ്ട ഏറ്റവും കര്‍ക്കശകാരനായ സ്പീക്കറും ഇദ്ദേഹമായിരുന്നു. രണ്ടുതവണ ആലപ്പുഴയില്‍ നിന്നും എംപിയുമായിട്ടുണ്ട്. കന്നിമത്സരത്തില്‍ സുശീലാ ഗോപാലനെ പരാജയപ്പെടുത്തി പാര്‍ലമെന്റില്‍ എത്തുകയായിരുന്നു. 89 ലും വിജയം ആവര്‍ത്തിച്ചെങ്കിലും 91 ല്‍ ടിജെ ആഞ്ചലോസിനോടു പരാജയപ്പെട്ടു.
കെപിസിസി വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനവും അലങ്കരിച്ചിട്ടുണ്ട്. 2004 ല്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട വക്കം പുരുഷോത്തമന്‍ അതേവര്‍ഷം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്നു. ഉമ്മന്‍ചാണ്ടി ചികിത്സയില്‍ പോയപ്പോള്‍, മുഖ്യമന്ത്രിയുടെ ചുമതലയും വഹിച്ചിട്ടുണ്ട്.
കര്‍ഷക തൊഴിലാളി നിയമത്തിനും ചുമട്ടുതൊഴിലാളി നിയമത്തിനും രൂപംനല്‍കിയതും സ്‌കൂള്‍ ഹെല്‍ത്ത് കാര്‍ഡ്, റഫറല്‍ ആശുപത്രി സമ്പ്രദായം തുടങ്ങിയവ നടപ്പിലാക്കിയതും സര്‍ക്കാരിന്റെ സംസ്ഥാനതല ഓണാഘോഷത്തിനു തുടക്കം കുറിച്ചതും വക്കം പുരുഷോത്തമനാണ്.
പാര്‍ലമെന്റിന്റെ പബ്ലിക് അണ്ടര്‍ടേക്കിങ് കമ്മിറ്റിയുടെ ചെയര്‍മാനായും പാര്‍ലമെന്റിന്റെ കീഴിലുള്ള നിയമനിര്‍മാണ സമിതിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. അഞ്ചുവര്‍ഷം ജനീവയിലെ ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്റെ സിഐഡിപിയിലേക്കുള്ള വിദഗ്ധരുടെ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയുടെ ചെയര്‍മാനുമായിരുന്നു. 1982 ല്‍ ബഹാമസ്, 1983 ല്‍ നെയ്‌റോബി, 1984 ല്‍ ഐല്‍ ഓഫ് മാന്‍, 2001 ല്‍ ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നടന്ന കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സിലേക്കുള്ള പ്രതിനിധിയുമായിരുന്നു. 1996 ല്‍ ബാര്‍ബഡോസില്‍ നടന്ന ചെറുദ്വീപ് വികസ്വര സംസ്ഥാനങ്ങളുടെ സുസ്ഥിരവികസനം സംബന്ധിച്ച ആഗോള സമ്മേളനത്തിലേക്കുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ നേതാവുമായിരുന്നു വക്കം പുരുഷോത്തമന്‍.