PHOTO: WIKI COMMONS
സമരം അവസാനിച്ചു; വീണ്ടും സജീവമാകാന്‍ ഹോളിവുഡ്
118 ദിവസമായി ഹോളിവുഡിനെ സ്തംഭിപ്പിച്ച സമരം അവസാനിച്ചു. സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ്-അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടെലിവിഷന്‍ ആന്‍ഡ് റേഡിയോ ആര്‍ട്ടിസ്റ്റ് (SAG-AFTRA) വേതന പരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നിര്‍മ്മാണ കമ്പനികള്‍ക്കെതിരെ നടത്തിയ സമരമാണ് വ്യാഴാഴ്ച പുലര്‍ച്ചെ അവസാനിപ്പിച്ചത്. നിര്‍മ്മാണ കമ്പനികളുമായി സാഗ്-ആഫ്ട്ര മൂന്ന് വര്‍ഷത്തേക്ക് പുതിയ കരാര്‍ ഒപ്പുവെച്ചു. നെറ്റ്ഫ്‌ലിക്‌സ്, വാള്‍ട്ട് ഡിസ്‌നി എന്നിവ ഉള്‍പ്പെടെയുള്ള കമ്പനികളെ പ്രതിനിധീകരിക്കുന്ന അലയന്‍സ് ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്‌സുമായാണ് സാഗ്-ആഫ്ട്ര കരാറില്‍ ഒപ്പുവെച്ചത്.
സമരവിജയം
118 ദിവസം നീണ്ടുനിന്ന സമരം അവസാനിക്കുമ്പോള്‍ ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള പരിഷ്‌കരണങ്ങളാണ് നടപ്പിലാകുന്നത്. ശമ്പള വര്‍ധനവ്, സ്ട്രീമിങ് പങ്കാളിത്ത ബോണസ്, എഐ നിയന്ത്രണങ്ങള്‍, പെന്‍ഷന്‍ വര്‍ധനവ്, നഷ്ടപരിഹാര തുകയുടെ വര്‍ധന എന്നീ കാര്യങ്ങളില്‍ കരാറിലൂടെ പരിഷ്‌കരണം ഉണ്ടായി. സമരം അവസാനിക്കുന്നതോടെ ഹോളിവുഡ് വീണ്ടും സജീവമാകാന്‍ പോവുകയാണ്.
പ്രമുഖ ടിവി, ഫിലിം കമ്പനികള്‍ക്കെതിരെ ഹോളിവുഡ് താരങ്ങള്‍ ജൂലൈ 13 മുതലാണ് സമരം ആരംഭിച്ചത്. മെയ് രണ്ട് മുതല്‍ തന്നെ വേതന പരിഷ്‌ക്കരണമുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഹോളിവുഡ് ടിവി, സിനിമ തിരക്കഥാകൃത്തുക്കള്‍ പണിമുടക്കിലായിരുന്നു. എഴുത്തുകാരുടെ സംഘടനയായ റൈറ്റേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്കയിലെ 9000 ലധികം വരുന്ന അംഗങ്ങളാണ് സമരവുമായി അന്ന് രംഗത്തെത്തിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വിപുലമായ ഉപയോഗം, വന്‍കിട നിര്‍മ്മാണ കമ്പനികള്‍ അധിക വേതനം നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ്് എഴുത്തുകാര്‍ മുന്നോട്ട് വച്ചത്. എഴുത്തുകാരുടെ സമരം പിന്നീട് ഒത്തുതീര്‍പ്പില്‍ എത്തുകയും അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
സമാന ആവശ്യങ്ങളോടെ തന്നെ തിരക്കഥാക്കൃത്തുക്കളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അഭിനേതാക്കളും പ്രക്ഷോഭം തുടങ്ങുകയായിരുന്നു. അതോടെ പ്രതിഷേധം കൂടുതല്‍ ലോക ശ്രദ്ധ നേടി. റെക്കോഡിങ്, പ്രചാരണം ഉള്‍പ്പെടെ ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്ന് മുന്‍നിര താരങ്ങളടക്കം പ്രഖ്യാപിച്ചു. ഒന്നര ലക്ഷത്തിലേറെ അഭിനേതാക്കള്‍ അംഗങ്ങളായ സംഘടനയാണ് സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ് - അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടെലിവിഷന്‍ ആന്‍ഡ് റേഡിയോ ആര്‍ട്ടിസ്റ്റ് പണിമുടക്കിയതോടെ ഹോളിവുഡ് സ്തംഭിച്ചു 1960 ന് ശേഷം ആദ്യമായാണ് ഇരുസംഘടനകളും സമര രംഗത്ത് കൈകോര്‍ത്തത്. 1985 ലും 2007, 2008 കാലയളവിലും എഴുത്തുകാര്‍ സമരം ചെയ്തിരുന്നു. 1980 ലാണ് അഭിനേതാക്കളുടെ അവസാന സമരം നടന്നത്.