Representational Image : PTI
പരിഹാരമില്ലാതെ ഗുസ്തി താരങ്ങളുടെ സമരം തുടരുന്നു
ഡൽഹി ജന്തർ മന്തറിൽ ഗുസ്തി താരങ്ങളുടെ സമരം ഇരുപത്തി മൂന്നാം ദിവസവും തുടരുന്നു. സമരത്തിന് പിന്തുണ തേടി ബിജെപി വനിതാ നേതാക്കളെ സമീപിക്കാനാണ് സമരക്കാരുടെ തീരുമാനം. സുപ്രീം കോടതി ഇടപെട്ട സാഹചര്യത്തിൽ താരങ്ങൾ സമരം അവസാനിപ്പിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. എന്നാൽ ബ്രിജ് ഭൂഷൺ ശരൺ സിങിനെ അറസ്റ്റ് ചെയ്യും വരെ സമരം തുടരും എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് താരങ്ങൾ.
തുടർന്നുള്ള സമര രീതി എങ്ങനെയാണെന്ന് ചർച്ച ചെയ്ത് തീരുമാനിക്കും എന്ന് താരങ്ങൾ അറിയിച്ചു. തങ്ങൾക്കെതിരെയുള്ള നടപടികൾ ഇനിയും നീളുകയാണെങ്കിൽ നേടിയ മെഡലുകൾ രാഷ്ട്രപതിക്ക് തിരികെ നല്കി രാജ്യത്തിനുവേണ്ടി കളിക്കുന്നത് അവസാനിപ്പിക്കുമെന്ന് സമരം നടത്തുന്ന താരങ്ങൾ പറഞ്ഞിരുന്നു. കർണാടക തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തോൽവിയെ പരിഹസിച്ചും ഗുസ്തി താരങ്ങൾ രംഗത്തെത്തി. ജനങ്ങളെ കേൾക്കാൻ തയ്യാറായില്ലെങ്കിൽ ഇനിയും ബിജെപി തോൽക്കും എന്ന് താരങ്ങൾ പറഞ്ഞു.
പിന്മാറാതെ താരങ്ങൾ
കേസിൽ ആരോപണവിധേയനായ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ തലവനുമായ ബ്രിജ് ഭൂഷൺ ശരൺ സിങിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ കഴിഞ്ഞ ഇരുപത്തിമൂന്ന് ദിവസമായി ജന്തർ മന്തറിൽ പ്രതിഷേധം നടത്തി വരികയാണ്. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം. ജനുവരി 18 മുതൽ താരങ്ങൾ പ്രതിഷേധ സമരം നടത്തുകയും ചർച്ചകളെ തുടർന്ന് പിന്നീട് പിൻവലിക്കുകയും ചെയ്തു. എന്നാൽ, അന്വേഷണ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് കേന്ദ്രം പുറത്തുവിടുന്നതിൽ കാലതാമസം വരുത്തിയെന്നാരോപിച്ച് ഏപ്രിൽ 23 ന് ഗുസ്തി താരങ്ങൾ വീണ്ടും പ്രതിഷേധം ആരംഭിക്കുകയായിരുന്നു. പരാതിക്കാരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ്.
തങ്ങൾ ഉന്നയിച്ച ലൈംഗിക പീഡന പരാതിയിൽ ഡൽഹി പോലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഒരാളുടെ മൊഴി പോലും രേഖപ്പെടുത്തിയില്ലെന്നും ഏഴു വനിതാ ഗുസ്തി താരങ്ങൾ സുപ്രീംകോടതിയെ അറിയിക്കുകയും ബന്ധപ്പെട്ട ഹർജി സുപ്രീം കോടതി തീർപ്പാക്കുകയും ചെയ്തിരുന്നു. കേസെടുത്ത സാഹചര്യത്തിൽ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു. പരാതിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും, കൈവശമുള്ള രേഖകൾ സമർപ്പിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ബ്രിജ് ഭൂഷൺ നടത്തിയ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ മുദ്രവച്ച കവറിൽ സമർപ്പിക്കാൻ താരങ്ങൾ സുപ്രീംകോടതിയുടെ അനുമതി തേടിയിരുന്നു. ജനുവരിയിൽ കായിക മന്ത്രാലയം പരാതികൾ അന്വേഷിക്കാൻ ഒളിമ്പിക് മെഡൽ ജേതാവ് എംസി മേരികോമിന്റെ നേതൃത്വത്തിൽ അഞ്ചംഗ കമ്മിറ്റി രൂപീകരിക്കുകയും, ഒരു മാസത്തിനകം കണ്ടെത്തലുകൾ സമർപ്പിക്കാൻ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടിണ്ട്.
സർക്കാർ സമിതി ഏപ്രിൽ ആദ്യവാരം റിപ്പോർട്ട് സമർപ്പിച്ചെങ്കിലും മന്ത്രാലയം ഇതുവരെ റിപ്പോർട്ട് പരസ്യമാക്കിയിട്ടില്ല. ഫെഡറേഷൻ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരെ ജനുവരി 18 ന് നിരവധി ഗുസ്തി താരങ്ങൾ പരസ്യമായി രംഗത്തെത്തിയിരുന്നു. സർക്കാരുമായി നടത്തിയ ചർച്ചയിൽ തൃപ്തരല്ലെന്നും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രാക്ടീസ് നടത്തുകയോ മത്സരങ്ങളിൽ പങ്കെടുക്കുകയോ ചെയ്യില്ലെന്നും താരങ്ങൾ പറഞ്ഞിരുന്നു. ഫെഡറേഷന്റെ പ്രവർത്തനത്തിൽ കെടുകാര്യസ്ഥത ആരോപിച്ച് ഫെഡറേഷനെ സമ്പൂർണമായി നവീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ആരോപണവിധേയനായ ബ്രിജ് ഭൂഷൺ
2011 മുതൽ ദേശീയ ഗുസ്തി ഫെഡറേഷൻ അംഗമായ ബ്രിജ് ഭൂഷൺ ശരൺ സിംഗ് ആറു തവണ ഉത്തർപ്രദേശിൽ നിന്ന് പാർലമെന്റിലേക്ക് എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അഞ്ചു തവണ ബിജെപിയിലും ഒരു തവണ സമാജ്‌വാദിയിലും നിന്നാണ് വിജയിച്ചത്. കൂടാതെ, അയോധ്യ മുതൽ ശ്രാവസ്തി വരെ 100 കിലോമീറ്ററിലധികം വ്യാപിച്ചു കിടക്കുന്ന 50 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളും ബ്രിജ് ഭൂഷനു കീഴിലുണ്ട്. ബിജെപിയിൽ ചേരുന്നതിനു മുമ്പ് സംഘപരിവാറുമായി ബന്ധമുണ്ടായിരുന്ന ആളാണ് ബ്രിജ് ഭൂഷൺ. 1992 ഡിസംബർ 6 ന് ബാബറി മസ്ജിദ് തകർക്കപ്പെട്ട കേസിലും പ്രതിയാണ്. 1990 കളുടെ മധ്യത്തിൽ ഗുണ്ടാനേതാവ് ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികൾക്ക് അഭയം നൽകിയെന്ന പേരിൽ അറസ്റ്റിലാവുകയും തീവ്രവാദ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം തിഹാർ ജയിലിൽ കഴിയുകയും ചെയ്തിരുന്നു. എന്നാൽ, തെളിവുകളുടെ അഭാവത്തിൽ കോടതി ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കി.