TMJ
searchnav-menu
post-thumbnail

TMJ Daily

ആ​ഗോള പ്ലാസ്റ്റിക് പ്രതിസന്ധി പരിഹരിക്കാനുള്ള ഉച്ചകോടി ദക്ഷിണ കൊറിയയിൽ ആരംഭിച്ചു

27 Nov 2024   |   1 min Read
TMJ News Desk

പ്ലാസ്റ്റിക് മലിനീകരണം മൂലമുണ്ടാകുന്ന ആ​ഗോള പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാൻ ദക്ഷിണ കൊറിയയിലെ ബുസാനിൽ ഒത്തുകൂടി രാജ്യങ്ങൾ. പ്രതിസന്ധിയ്ക്ക് പരിഹാരം കണ്ടെത്താൻ ഉതകുന്ന ഒരു ഉടമ്പടി തയ്യാറാക്കുകയാണ് ഈ സമ്മേളനത്തിന്റെ ലക്ഷ്യം. അഞ്ചാം തവണയാണ് പ്ലാസ്റ്റിക് മലീനികരണം തടയുന്നതിനുള്ള ഉടമ്പടി തയ്യാറാക്കാൻ രാജ്യങ്ങൾ ഒത്തുചേരുന്നത്. ഓരോ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്ക് പുറമേ ശാസ്ത്രജ്ഞർ, പരിസ്ഥിതിപ്രവർത്തകർ എന്നിവരും ഉച്ചകോടിയുടെ ഭാഗമാവാൻ എത്തിയിട്ടുണ്ട്.

പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നുള്ള മലിനീകരണം നമ്മുടെ ജീവനെടുക്കും മുമ്പ് പ്ലാസ്റ്റിക് മലിനീകരണം നമ്മൾ അവസാനിപ്പിക്കണമെന്ന് ദക്ഷിണ കൊറിയൻ പരിസ്ഥിതി മന്ത്രി കിം വാൻസുപ്പ് പറഞ്ഞു. പ്ലാസ്റ്റിക് മൂലമുണ്ടാവുന്ന പാരിസ്ഥിതിക മലിനീകരണങ്ങളാൽ ഭൂമി വലയുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ തടാകങ്ങളെയും നദികളെയും മനുഷ്യശരീരത്തെയും മലിനമാക്കുന്നു.  പ്ലാസ്റ്റിക്കിന്റെ ഉപഭോ​ഗം, ഉത്പാദനം എന്നിവ നിയന്ത്രിച്ച് ഭൂമിയിൽ മുഴുവനായുള്ള പ്ലാസ്റ്റിക്കിന്റെ അളവ് കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നതായി നോർവേയുടെയും റുവാണ്ടയുടെയും നേതൃത്വത്തിൽ ഒത്തുചേർന്ന 66 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും വ്യക്തമാക്കി. മറ്റു രാജ്യങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ കാരണം ദ്വീപ് രാജ്യങ്ങളാണ് ഏറെ വലയുന്നത്. സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പ്ലാസ്റ്റിക് ഉത്പാദനത്തിനും ഉപഭോ​ഗത്തിലും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണത്തോടുള്ള വിയോജിപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങൾ ഭൂരിഭാ​ഗം പ്ലാസ്റ്റിക്കും ഫോസിൽ ഇന്ധനങ്ങളിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.

പ്ലാസ്റ്റിക് ഇന്റസ്ട്രി അസോസിയേഷന്റെ കണക്കനുസരിച്ച് സൗദി അറേബ്യയാണ് ഏറ്റവും കൂടുതൽ പോളിപ്രൊഫൈലിൻ കയറ്റുമതി നടത്തുന്നത്. ചൈന, അമേരിക്ക, ജർമ്മനി എന്നീ രാജ്യങ്ങളാണ് പ്ലാസ്റ്റിക് കയറ്റുമതിയിലൂടെയും ഇറക്കുമതിയിലൂടെയും ആ​ഗോള പ്ലാസ്റ്റിക് വ്യവസായത്തെ നയിച്ചത്.  പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ പുനരുപയോ​ഗത്തിന് പ്രാധാന്യം നൽകുന്ന ഒരു ഉടമ്പടിയ്ക്കാണ് പ്ലാസ്റ്റിക് വ്യവസായം ആവശ്യപ്പെടുന്നത്. പ്ലാസ്റ്റിക് മൂലമുണ്ടാവുന്ന മലിനീകരണം ഇല്ലാതാക്കാൻ പ്ലാസ്റ്റിക് ഉപയോ​ഗത്തേക്കാൾ പ്ലാസ്റ്റിക് ഉത്പാദനത്തിനാണ് പരിധിയേർപ്പെടുത്തേണ്ടതെന്ന് ഇന്റർനാഷണൽ കൗൺസിൽ ഫോർ കെമിക്കൽ അസോസിയേഷൻ സെക്രട്ടറിയേറ്റിൽ നിന്നുള്ള ക്രിസ് ജാൻ പറഞ്ഞു.



#Daily
Leave a comment