TMJ
searchnav-menu
post-thumbnail

TMJ Daily

പിഎഫ്‌ഐ മുന്‍ചെയര്‍മാന്‍ ഇ അബൂബക്കറുടെ ജാമ്യാപേക്ഷ സുപ്രീംകോടതി നിരസിച്ചു

17 Jan 2025   |   1 min Read
TMJ News Desk

നിരോധിത പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) മുന്‍ചെയര്‍മാന്‍ ഇ അബൂബക്കര്‍ക്ക് സുപ്രീംകോടതി ജാമ്യം നിഷേധിച്ചു. ഭീകരവിരുദ്ധ നിയമമായ യുഎപിഎ പ്രകാരമുള്ള കേസില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ജാമ്യം തേടിയാണ് അബൂബക്കര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

2022-ല്‍ പിഎഫ്‌ഐയ്‌ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ആണ് അബൂബക്കറെ അറസ്റ്റ് ചെയ്തത്. നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും ജാമ്യാപേക്ഷകള്‍ നിരസിച്ചിരുന്നു.

മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാണ് ജസ്റ്റിസുമായി എംഎം സന്ദ്രേഷും രാജേഷ് ബിന്‍ഡാലും ജാമ്യാപേക്ഷ തള്ളിയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നതിനായി പണം സ്വരൂപിക്കുന്നതിനുള്ള ക്രിമിനല്‍ ഗൂഢാലോചന പിഎഫ്‌ഐയുടെ നേതാക്കളും അംഗങ്ങളും നടത്തിയെന്ന് ദേശീയ ഭീകരവിരുദ്ധ ഏജന്‍സി പറയുന്നു. കൂടാതെ, ഈ ലക്ഷ്യത്തോടെ പിഎഫ്‌ഐ കേഡറിനെ പരിശീലിപ്പിക്കുന്നതിനായി ക്യാമ്പുകള്‍ സംഘടിപ്പിച്ചുവെന്നും ഏജന്‍സി ആരോപിക്കുന്നു.

70 വയസ്സ് കഴിഞ്ഞ തനിക്ക് പാര്‍ക്കിന്‍സണ്‍സ് രോഗം ഉണ്ടെന്നും അര്‍ബുദ ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നും അബൂബക്കര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. തനിക്കെതിരെയുള്ള കേസ് തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ എന്‍ഐഎ ദയനീയമായി പരാജയപ്പെട്ടതിനാല്‍ ജാമ്യത്തിന് അര്‍ഹനാണെന്ന് അബൂബക്കര്‍ പറയുന്നു. 2022 സെപ്തംബര്‍ 22-നാണ് അബൂബക്കറെ അറസ്റ്റ് ചെയ്തത്.

കേരളം, മഹാരാഷ്ട്ര, കര്‍ണാടക, അസം, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് എന്‍ഐഎ റെയ്ഡുകളും അറസ്റ്റുകളും നടത്തിയത്.

2022 സെപ്തംബര്‍ 28നാണ് പിഎഫ്‌ഐയിനേയും ബന്ധപ്പെട്ട സംഘടനകളേയും അഞ്ചുവര്‍ഷത്തേക്ക് നിരോധിച്ചത്. ഐഎസ്ഐഎസ് പോലുള്ള ആഗോള ഭീകര സംഘടനകളുമായി പിഎഫ്‌ഐയ്ക്ക് ബന്ധമുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ആരോപിക്കുന്നു.







 

#Daily
Leave a comment