PHOTO: FACEBOOK
സോറൻ: അറസ്റ്റിന് എതിരായ ഹർജി സുപ്രീം കോടതി തള്ളി
ഭൂമി കുംഭകോണക്കേസില്‍ ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് തിരിച്ചടി. ഹര്‍ജിയില്‍ സുപ്രീം കോടതി ഇടപെടാന്‍ വിസമ്മതിച്ചു. റാഞ്ചി ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. എന്തുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കാതിരുന്നതെന്നും കോടതി ചോദിച്ചു. ഹൈക്കോടതിയും ഭരണഘടനയ്ക്കു കീഴിലെ കോടതിയാണെന്നും ഒരു ഹര്‍ജിയില്‍ ഇടപെട്ടാല്‍ എല്ലാ ഹര്‍ജികളിലും ഇടപെടേണ്ടി വരുമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. അറസ്റ്റ് ന്യായമല്ലെന്നും നടപടിക്രമങ്ങള്‍ ലംഘിച്ചാണ് നടന്നതെന്നും ഹേമന്ത് സോറന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. അധികാരം ഉപയോഗിച്ചുകൊണ്ട് ഏകപക്ഷീയമായ അറസ്റ്റാണ് നടന്നതെന്നും സോറന്റെ ഹര്‍ജിയില്‍ പറയുന്നു.
ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഹേമന്ത് സോറനെ ഇന്നലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച സോറന്റെ വീട്ടില്‍ നിന്ന് 36 ലക്ഷം രൂപയും ബിഎംഡബ്ല്യൂ കാറും പിടിച്ചെടുത്തു. ഇതിനുപിന്നാലെ ബുധനാഴ്ചത്തന്നെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനവും ഹേമന്ത് സോറന്‍ രാജിവച്ചിരുന്നു. തുടര്‍ന്ന് ചംപായ് സോറനെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയും ചെയ്തു.
അറസ്റ്റ് ആസൂത്രിതമാണെന്ന് അറസ്റ്റിലാകും മുമ്പ് റെക്കോര്‍ഡ് ചെയ്ത വീഡിയോ സന്ദേശത്തില്‍ ഹേമന്ത് സോറന്‍ ആരോപിച്ചിരുന്നു. താന്‍ ഷിബു സോറന്റെ മകനാണെന്നും അതുകൊണ്ടുതന്നെ ഇതിലൊന്നും ഭയപ്പെടാന്‍ പോകുന്നില്ലെന്നും താനുമായി ബന്ധമുള്ള കാര്യങ്ങള്‍ക്കല്ല അറസ്റ്റ് നടക്കാന്‍ പോകുന്നതെന്നുമായിരുന്നു വീഡിയോയില്‍ ഹേമന്ത് സോറന്‍ പറഞ്ഞത്. അറസ്റ്റിനു പിന്നാലെ ബുധനാഴ്ച ഏഴുമണിക്കൂറോളമാണ് സോറനെ ഇഡി ചോദ്യം ചെയ്തത്.
അനിശ്ചിതത്വങ്ങള്‍ നീങ്ങി
ജാര്‍ഖണ്ഡ് ഗതാഗത മന്ത്രിയും ജെഎംഎം നേതാവുമായ ചംപായ് സോറനെ ഗവര്‍ണര്‍ സിപി രാധാകൃഷ്ണനാണ് നിയുക്ത മുഖ്യമന്ത്രിയായി നിയമിച്ചത്. ഇതോടെ ഭൂമി കുംഭകോണക്കേസില്‍ ഹേമന്ത് സോറന്‍ അറസ്റ്റിലായതിനു പിന്നാലെ ഉടലെടുത്ത അനിശ്ചിതത്വമാണ് നീങ്ങിയിരിക്കുന്നത്. പിന്തുണയ്ക്കുന്ന എംഎല്‍എ മാരുടെ പട്ടികയുമായി ചംപായ് സോറന്‍ വ്യാഴാഴ്ച രാത്രി ഗവര്‍ണറെ കണ്ടതിനു പിന്നാലെയാണ് തീരുമാനം. 47 പേരുടെ പിന്തുണ ഉള്ളതായും ചംപായ് സോറന്‍ കത്തില്‍ പറയുന്നു. ഹേമന്ത് സോറന്റെ അറസ്റ്റ് നടന്ന് 24 മണിക്കൂര്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കാതിരുന്നതില്‍ ജാര്‍ഖണ്ഡില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. 81 അംഗ നിയമസഭയില്‍ മഹാസഖ്യത്തിന് 47 സീറ്റും ബിജെപി നയിക്കുന്ന പ്രതിപക്ഷത്തിന് 32 സീറ്റുമാണ് ഉള്ളത്. കേവല ഭൂരിപക്ഷത്തിന് ഒമ്പത് സീറ്റ് മതിയെന്നിരിക്കെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എംഎല്‍എ മാരെ ബിജെപി പാളയത്തിലേക്ക് അടുപ്പിക്കുമോ എന്ന ആശങ്കയും മഹാസഖ്യത്തിനുണ്ട്.
ബിജെപിയെ സഹായിക്കാനാണ് ഗവര്‍ണര്‍ നടപടി വൈകിപ്പിക്കുന്നതെന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ആരോപിച്ചിരുന്നു. 18 മണിക്കൂറായി സംസ്ഥാനത്ത് സര്‍ക്കാരില്ല. ആശയക്കുഴപ്പത്തിന്റെ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഭരണഘടനാ തലവന്‍ എന്ന നിലയ്ക്ക് ഭൂരിപക്ഷമുള്ള പാര്‍ട്ടിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ചംപായ് സോറന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
ഹേമന്ത് സോറന്‍
2019 ഡിസംബര്‍ 29 നാണ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. അനധികൃതമായി ഭൂമിയുടെ ഉടമസ്ഥാവകാശം മാറ്റുന്ന മാഫിയയുടെ മറവില്‍ വന്‍തോതില്‍ കള്ളപ്പണ ഇടപാട് നടന്ന കേസില്‍ സോറന് ബന്ധമുള്ളതായാണ് ഇഡിയുടെ ആരോപണം. മുഖ്യമന്ത്രി പദത്തിലിരിക്കെ അറസ്റ്റിലാകുന്ന മൂന്നാമത്തെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയാണ് ഹേമന്ത് സോറന്‍. ഹേമന്ത് സോറന്റെ പിതാവ് ഷിബു സോറനും മധു കോഡയുമാണ് ഇതിനുമുമ്പ് അറസ്റ്റിലായ മുഖ്യമന്ത്രിമാര്‍. 2000 നവംബര്‍ 15 നാണ് ജാര്‍ഖണ്ഡ് സംസ്ഥാനം രൂപീകൃതമായത്. 23 വര്‍ഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരാണ് അറസ്റ്റിലാകുന്നത്. മൂന്നുതവണ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന് കീഴിലാവുകയും ചെയ്തു.
മധു കോഡ
2006-2008 കാലയളവില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന മധു കോഡയും അഴിമതിക്കേസിലാണ് അറസ്റ്റിലായത്. കള്ളപ്പണം വെളുപ്പിക്കല്‍, അനധികൃത സ്വത്ത് സമ്പാദനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മധു കോഡയെ അറസ്റ്റ് ചെയ്തത്. ഖനന അഴിമതിയില്‍ പങ്കാളിയായെന്നും മുഖ്യമന്ത്രി പദത്തിലിരിക്കെ കല്‍ക്കരി, ഖനന ബ്ലോക്കുകള്‍ അനുവദിച്ചതില്‍ കൈക്കൂലി വാങ്ങിയതായും സിബിഐയും ഇഡിയും ആരോപിക്കുകയായിരുന്നു. 4,000 കോടിയിലേറെ രൂപയുടെ അഴിമതി നടന്നതായാണ് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍. 2009 ലാണ് അറസ്റ്റിലായ മധു കോഡ 2013 ല്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത്.
ഷിബു സോറന്‍
1994 ല്‍ പ്രൈവറ്റ് സെക്രട്ടറി ശശിനാഥ് ഝായെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് ഹേമന്ത് സോറന്റെ പിതാവും മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായിരുന്ന ഷിബു സോറന്‍ അറസ്റ്റിലായത്. മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ കല്‍ക്കരി മന്ത്രിയായിരുന്നു ഷിബു സോറന്‍. 1994 മെയ് മാസത്തില്‍ കാണാതായ ശശി നാഥ് ഝായുടെ മൃതദേഹം റാഞ്ചിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പാര്‍ലമെന്റില്‍ വിശ്വാസവോട്ട് നേടുന്നതിനായി സോറനും പാര്‍ട്ടിയിലെ മറ്റ് അംഗങ്ങള്‍ക്കും അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു കൈക്കൂലി നല്‍കിയതായി ശശി നാഥ് ഝാ അറിഞ്ഞതാണ് വൈരാഗ്യത്തിനു കാരണമായതെന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. കേസില്‍ 2006 ഡിസംബര്‍ അഞ്ചിന് ഡല്‍ഹി കോടതി ഷിബു സോറനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. എന്നാല്‍ 2007 ല്‍ തെളിവുകളില്ലെന്ന കാരണത്താല്‍ സോറനെ ഡല്‍ഹി ഹൈക്കോടതി കുറ്റവിമുക്തനാക്കി. 2018 ഏപ്രിലില്‍ സുപ്രീംകോടതിയും വിധി ശരിവച്ചു.