
ഇലക്ടറല്‍ ബോണ്ട് പദ്ധതി റദ്ദാക്കിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി
അജ്ഞാതമായ രാഷ്ട്രീയ ഫംണ്ടിങ്ങിന് മോഡി സര്‍ക്കാര്‍ നടപ്പാക്കിയ ഇലക്ടറല്‍ ബോണ്ട് പദ്ധതി റദ്ദാക്കിയ ഫെബ്രുവരി 15 ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ രേഖപ്പെടുത്തണമെന്ന ആവശ്യവും സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളിയത്.
ഇലക്ടറല്‍ ഫണ്ടിംഗിനായി ഏത് ഷെഡ്യൂള്‍ഡ് ബാങ്കിനും ഇലക്ടറല്‍ ബോണ്ടുകള്‍ ഇഷ്യൂ ചെയ്യാവുന്ന ഒരു സംവിധാനം 2017 ബില്ലായി പാസാക്കി, 2017ലെ ഫിനാന്‍ഷ്യല്‍ ആക്ട് വഴി വിവിധ ചട്ടങ്ങളില്‍ വരുത്തിയ അഞ്ച് ഭേദഗതികളെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പരിധിയില്ലാത്തതും പരിശോധിക്കപ്പെടാത്തതുമായ ഫണ്ടിങ്ങിന് വഴിയൊരുക്കുന്നുവെന്ന് കാണിച്ച് സുപ്രീം കോടതിയില്‍ വിവിധ ഹര്‍ജികള്‍ സമര്‍പ്പിക്കുകയായിരുന്നു. ആദായനികുതി നിയമത്തിലും ജനപ്രാതിനിധ്യ നിയമത്തിലും വരുത്തിയ ഭേദഗതികളും പദ്ധതിയും ഫെബ്രുവരി 15ന് കോടതി റദ്ദാക്കിയിരുന്നു.
ഇലക്ടറല്‍ ബോണ്ട് പദ്ധതി, അതിന്റെ രഹസ്യ സ്വഭാവം കാരണം, വിവരാവകാശത്തിന്റെ ലംഘനമാണെന്നും അതുവഴി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(എ) പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള അവകാശത്തെ ബാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.