PHOTO: WIKI COMMONS
അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി
മദ്യനയ അഴിമതി കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. കെജ്‌രിവാളിനെ പുറത്താക്കാനുള്ള ആവശ്യം റദ്ദാക്കിയ ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഡല്‍ഹി സ്വദേശിയായ കാന്ത് ഭാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിക്ക് നിയമപരമായ യോഗ്യതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
ഇടക്കാല ജാമ്യം അനുവദിച്ച് കോടതി
അരവിന്ദ് കെജ്രിവാളിന്് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജാമ്യത്തില്‍ പുറത്തിറങ്ങിയതോടെ കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കിയിരിക്കുകയാണ്. ജൂണ്‍ ഒന്ന് വരെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഹര്‍ജിയില്‍ വാദംകേട്ട കോടതി ഇടക്കാല ജാമ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിക്കുമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടമായ മെയ് 25 ന്് ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കെജ്രിവാളിന് ജാമ്യം ലഭിച്ചത്. ജാമ്യകാലാവധി ജൂണ്‍ 5 വരെ നീട്ടണമെന്ന് കെജ്രിവാളിന്റെ അഭിഭാഷകന്‍ മനു അഭിഷേക് സിങ്വി ആവശ്യപ്പെട്ടെങ്കിലും കോടതി വിസമ്മതിച്ചു. ജൂണ്‍ രണ്ടിന് തന്നെ കെജ്രിവാള്‍ കീഴടങ്ങണമെന്നാണ് കോടതിയുടെ നിര്‍ദേശം. ജാമ്യത്തിലിരിക്കുമ്പോള്‍ മുഖ്യമന്ത്രി ഓഫീസ് സന്ദര്‍ശിക്കുകയോ ഔദ്യോഗിക ഫയലുകള്‍ കൈകാര്യം ചെയ്യുകയോ പാടില്ലെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കെജ്രിവാളിന് ജാമ്യം അനുവദിക്കുന്നതിനെതിരെ ഇഡി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. മദ്യനയക്കേസില്‍ മാര്‍ച്ച് 21 നാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്.