TMJ
searchnav-menu
post-thumbnail

TMJ Daily

ദക്ഷിണേഷ്യയിൽ ജനകീയ പ്രക്ഷോഭത്തിൽ പുറത്താവുന്ന മൂന്നാം സർക്കാർ

09 Sep 2025   |   3 min Read
TMJ News Desk

ഴിഞ്ഞ മൂന്ന് വർഷത്തിനിടെ ദക്ഷിണേഷ്യയിലെ നിലവിലുള്ള ഭരണാധികാരികളെ പുറത്താക്കിയ ജനകീയ തെരുവ് പ്രക്ഷോഭങ്ങളുടെ പരമ്പരയിൽ നേപ്പാളും എത്തി. 2022 ജൂലൈയിൽ ശ്രീലങ്കയിലെ ജനകീയ മുന്നേറ്റം പ്രസിഡന്റ് ഗോതബയ രാജപക്‌സെയെ സ്ഥാനമൊഴിയാനും രാജ്യം വിട്ട് പലായനം ചെയ്യാനും നിർബന്ധിതനാക്കി. ബംഗ്ലാദേശിൽ, 2024 ജൂലൈയിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന വ്യാപകമായ പ്രകടനങ്ങൾ ഷെയ്ഖ് ഹസീനയുടെ ദീർഘകാല ഭരണം അവസാനിപ്പിച്ചു.

സോഷ്യൽ മീഡിയ നിരോധനത്തിനും അഴിമതിക്കും എതിരെ നേപ്പാളിൽ യുവാക്കൾ നയിച്ച വലിയ പ്രകടനങ്ങൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയെ രാജിവയ്ക്കാൻ നിർബന്ധിതനാക്കി. പ്രകടനങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പിൽ 19 പേർ കൊല്ലപ്പെടുകയും 400 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ചയും തുടർന്ന പ്രതിഷേധ പ്രകടനങ്ങൾ പ്രധാനമന്ത്രി ഒലിയുടെ സ്വകാര്യ ഭവനം അടക്കം നിരവധി മന്ത്രിമാരുടെയും നേതാക്കളുടെയൂം വസതികൾ അഗ്നിക്കിരയാക്കി, നേപ്പാളിലെ പാർലിമെന്റ് മന്ദിരത്തിനും തീയിട്ടതായി റിപ്പോർട്ടുകൾ പറയുന്നു.

ഇന്ത്യയുടെ മൂന്ന് അയൽരാജ്യങ്ങളിലാണ് കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കുള്ളിൽ ഭരണാധികാരികളെ പുറത്താക്കുന്ന തരത്തിൽ ജനകീയ പ്രക്ഷോഭങ്ങൾ ഉണ്ടായത്.      

ശ്രീലങ്ക: സാമ്പത്തിക തകർച്ചയും ജനകീയ പ്രക്ഷോഭവും

സാമ്പത്തിക തകർച്ചയോടെയാണ് ശ്രീലങ്കയിൽ പ്രക്ഷുബ്ധാവസ്ഥ ആരംഭിച്ചത്. വിദേശ കരുതൽ ശേഖരം റെക്കോർഡ് നിലയിലേക്ക് കൂപ്പുകുത്തിയതോടെ ഇറക്കുമതി സ്തംഭിച്ചു. ഇന്ധനം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കൾ വിപണിയിൽ നിന്നും അതോടെ അപ്രത്യക്ഷമായി. അതിനെ തുടർന്ന് പതിനായിരക്കണക്കിന് പേർ 'അരഗലയ' പ്രസ്ഥാനത്തിൽ ചേരുകയും രാഷ്ട്രീയ മാറ്റം ആവശ്യപ്പെടുകയും ചെയ്തതോടെ പ്രതിസന്ധി പൊതുസ്ഥലങ്ങളിലേക്ക് പെട്ടെന്ന് നീങ്ങി. പ്രതിഷേധക്കാർ മധ്യ കൊളംബോയിൽ തമ്പടിച്ചു. സർക്കാർ ഓഫീസുകൾ ആക്രമിച്ചു. ഒടുവിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ പ്രവേശിച്ചു. 2022 ജൂലൈയോടെ രാജപക്‌സെ രാജി വയ്ക്കുകയും രാജ്യം വിട്ട് പോവുകയും ചെയ്തു. വർഷങ്ങളായി രാജപക്‌സെ കുടുംബത്തിന്റെ ആധിപത്യം അവസാനിപ്പിക്കുകയും, ഇടക്കാല ഭരണം വരികയും ചെയ്തു.

ഒരു പ്രബല രാഷ്ട്രീയ കുടുംബത്തിന്റെ പതനവും, അടിസ്ഥാന സേവനങ്ങളും, വായ്പാ ലൈനുകളും പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളായിരുന്നു പിന്നീടുള്ള രാഷ്ട്രീയ ഫലം. പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ ശ്രീലങ്കയിലെ പ്രമുഖ രാഷ്ട്രീയ കക്ഷികളെ പിന്നിലാക്കി ജനത വിമുക്തി പെരുമുന (ജെവിപി) എന്ന കക്ഷി അധികാരത്തിൽ എത്തുന്നതിന് വഴിയൊരുക്കിയത് 2022 ജൂലൈയിലെ പ്രക്ഷോഭമായിരിന്നു.

ബംഗ്ലാദേശ് ഓഗസ്റ്റ് 2024 പ്രതിഷേധം:

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, പെട്ടെന്നുള്ള ഭരണമാറ്റത്തിനുള്ള വേദി ബംഗ്ലാദേശായിരുന്നു. സർക്കാർ ജോലിക്കുള്ള  ക്വാട്ടയെച്ചൊല്ലി 2024 ജൂലൈയിൽ ആരംഭിച്ച പ്രതിഷേധങ്ങൾ അതിവേഗം വിശാലമായ സർക്കാർ വിരുദ്ധ പ്രസ്ഥാനമായി വികസിച്ചു. ധാക്കയിലും മറ്റ് നഗരങ്ങളിലും വിദ്യാർത്ഥികൾ മാർച്ചുകൾ നയിച്ചു. ഭരണകൂടം വിയോജിപ്പുകളെ അടിച്ചമർത്തുകയും, അധികാരം കേന്ദ്രീകരിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് തൊഴിലാളികളും പ്രതിപക്ഷ ഗ്രൂപ്പുകളും ചേർന്നു. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ നിരവധി പേർ മരിക്കുകയും രാജ്യം സ്തംഭിക്കുകയും ചെയ്തു. ഓഗസ്റ്റ് ആദ്യത്തോടെ, ഷെയ്ഖ് ഹസീന ധാക്ക വിട്ട് ഇന്ത്യയിൽ അഭയം തേടി. ശാന്തത പുനഃസ്ഥാപിക്കുന്നതിനും, പുതിയ തിരഞ്ഞെടുപ്പിന് കളമൊരുക്കുന്നതിനുമായി നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഒരു ഇടക്കാല സർക്കാർ ചുമതലയേറ്റു.

നേപ്പാൾ സെപ്റ്റംബർ 2025: സോഷ്യൽ മീഡിയ നിരോധനവും, ദേശീയ പ്രതിസന്ധിയും

2025 സെപ്റ്റംബറിൽ, പ്രാദേശികമായി രജിസ്റ്റർ ചെയ്തില്ലെങ്കിൽ പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിയന്ത്രിക്കാൻ സർക്കാർ നീക്കം നടത്തിയതിനെത്തുടർന്ന് നേപ്പാളിൽ അശാന്തി പടർന്നു. സ്വതന്ത്രമായ ആവിഷ്‌കാരത്തിനെതിരായ ആക്രമണമായി ഇതിനെ കണ്ട യുവജനങ്ങളെ സർക്കാർ തീരുമാനം പ്രകോപിപ്പിച്ചു, ദിവസങ്ങൾക്കുള്ളിൽ പ്രധാന പട്ടണങ്ങളിൽ തെരുവ് പ്രകടനങ്ങൾ പെരുകി. ഡിജിറ്റൽ അവകാശ പ്രതിഷേധമായി ആരംഭിച്ചത് ഉടൻ തന്നെ അഴിമതി, തൊഴിലില്ലായ്മ, മോശം ഭരണം എന്നിവയെ ചൊല്ലിയുള്ള പ്രതിഷേധങ്ങളായി. ജനറേഷൻ സി (ജൻ സി - അഥവാ 1997നും 2012നും ഇടയിൽ ജനിച്ച തലമുറ) ആയിരിന്നു പ്രതിഷേധങ്ങളുടെ മുൻനിരയിൽ.      

രാജ്യത്തുടനീളമുള്ള പ്രതിഷേധങ്ങൾ സുരക്ഷാ സേനയും പ്രകടനക്കാരും തമ്മിൽ ഏറ്റുമുട്ടലുകളിലേക്ക് നയിച്ചു, പ്രകടനക്കാർക്ക് നേരെയുള്ള നടപടികളിൽ കുറഞ്ഞത് 19 മരണങ്ങളെങ്കിലും അധികൃതർ റിപ്പോർട്ട് ചെയ്തു. അതിനെ തുടർന്ന്, സർക്കാർ നിരോധനം പിൻവലിക്കുകയും ചില മന്ത്രിമാർ രാജിവയ്ക്കുകയും ചെയ്തു, പക്ഷേ പ്രകടനങ്ങൾ തുടർന്നു, പ്രതിഷേധം കഴിഞ്ഞ് 36 മണിക്കൂറിനുള്ളിൽ പ്രധാനമന്ത്രി കെ പി ഒലി ഒടുവിൽ സ്ഥാനമൊഴിഞ്ഞു. ഒരു ഡിജിറ്റൽ നയ തീരുമാനം ദേശീയ പ്രതിസന്ധിയായി മാറുന്നതും, ഓൺലൈൻ സംഘാടനത്തിന്റെ വേഗതയും രാഷ്ട്രീയ ആവാസവ്യവസ്ഥ എത്രത്തോളം സെൻസിറ്റീവ് ആയി മാറുന്നുവെന്ന കാര്യത്തെ വെളിപ്പെടുത്തുന്നു.

ദക്ഷിണേഷ്യയുടെ പൊതുവിലുള്ള അസ്ഥിരതയുടെ അടയാളമായി ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ നടന്ന ഈ സംഭവവികാസങ്ങൾ വിലയിരുത്തപ്പെടുന്നു. 

 

#Daily
Leave a comment