കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവെന്ന് ടൂറിസം വകുപ്പ്
കേരളത്തിലേക്കെത്തുന്ന ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിലും വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവുണ്ടായതായി ടൂറിസം വകുപ്പ്. 2023 ല്‍ രാജ്യത്തിനകത്തുനിന്ന് കേരളം സന്ദര്‍ശിക്കാനെത്തിയത് 2,18,71,641 പേര്‍ ആണെന്നും മുന്‍ വര്‍ഷത്തില്‍ നിന്നും 15.92 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
ടൂറിസം വകുപ്പിന്റെ അറിയിപ്പനുസരിച്ച് 44,87,930 സഞ്ചാരികളെത്തിയ എറണാകുളം ജില്ലയാണ് വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇടുക്കി, തിരുവനന്തപുരം, തൃശൂര്‍, വയനാട് ജില്ലകളാണ് തൊട്ടുപിന്നിലുള്ളത്.
വിദേശ സഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനവ്
കേരളത്തിലേക്കെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ട്. 2022 നെ അപേക്ഷിച്ച് 2023 ല്‍ 87.83 ശതമാനത്തിന്റെ വര്‍ധനവുള്ളതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 2022 ല്‍ 3,45,549 സഞ്ചാരികളാണ് എത്തിയതെങ്കില്‍ 2023 ല്‍ 6,49,057 പേരാണ് എത്തിയത്. വിദേശസഞ്ചാരികളുടെ എണ്ണത്തിലും എറണാകുളം ജില്ലയാണ് മുന്നില്‍. 2,79,904 വിദേശസഞ്ചാരികളാണ് 2023 ല്‍ എറണാകുളത്തെത്തിയത്. ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളാണ് തൊട്ടുപിന്നില്‍.
വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഉണ്ടാവുന്ന വര്‍ധനവ് കേരളത്തിന് ലഭിക്കുന്ന അംഗീകാരമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മലബാറിലേക്ക് വിദേശസഞ്ചാരികളെ എത്തിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാഹസിക വിനോദ പ്രവര്‍ത്തനങ്ങള്‍ പരിശീലിപ്പിക്കുന്ന ക്ലബ്ബുകള്‍ക്ക് രജിസ്‌ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.