TMJ
searchnav-menu
post-thumbnail

Representational Image: PTI

TMJ Daily

വന്ന രണ്ടായിരവും പോയി, വീണ്ടും ചർച്ചയായി നോട്ട് നിരോധനം

20 May 2023   |   2 min Read
TMJ News Desk

2000 രൂപ നോട്ടിന്റെ വിതരണം അവസാനിപ്പിച്ചിരിക്കുകയാണ് റിസർവ് ബാങ്ക്. 2016 ലെ ഒന്നാം മോദി സർക്കാറിന്റെ കറൻസി പിൻവലിക്കൽ നയത്തിന്റെ ഭാഗമായി പുറത്തിറക്കിയ 2000 ത്തിന്റെ നോട്ടുകളാണ് പിൻവലിച്ചിരിക്കുന്നത്. ഈ മാസം 23 മുതൽ സെപ്റ്റംബർ 30 വരെ നോട്ടുകൾ മാറ്റിയെടുക്കുകയും ബാങ്കുകളിൽ നിക്ഷേപിക്കുകയും ചെയ്യാം. പരമാവധി 10 നോട്ടുകൾ മാത്രമാണ് ഒരു ദിവസം മാറ്റാൻ സാധിക്കുക. അക്കൗണ്ടിൽ നോട്ടുകൾ നിക്ഷേപിക്കുന്നതിന് പരിധിയില്ല. നോട്ടു നിരോധനത്തെ തുടർന്ന് പെട്ടന്നുണ്ടായ നോട്ട്ക്ഷാമം മറികടക്കുന്നതിന് വേണ്ടിയാണ് 2000 രൂപ നോട്ട് അച്ചടിച്ചത്. പിന്നീട് 2000 രൂപ നോട്ടിന്റെ അച്ചടി കുറച്ചിരുന്നു. 2019 മുതൽ 2000 ത്തിന്റെ കറൻസി അച്ചടിക്കുന്നത് നിർത്തുകയും ചെയ്തു. ക്ലീൻ നോട്ട് നയത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം എന്നാണ് വിശദീകരണം. നോട്ടുകൾ മാറ്റിയെടുക്കാനും നിക്ഷേപിക്കാനുമുള്ള സമയപരിധിക്കു ശേഷവും ഇടപാടുകൾക്ക് തടസ്സമുണ്ടാവില്ല എന്നാണ് ആർബിഐ വ്യക്തമാക്കുന്നത്. എന്നാൽ ഇത് നിരോധനത്തിൽ തന്നെയാണ് അവസാനിക്കുക.

പൊതുജനങ്ങൾക്ക് തങ്ങളുടെ പക്കലുളള 2000 രൂപയുടെ നോട്ടുകൾ നിക്ഷേപിക്കുന്നതിനും അല്ലെങ്കിൽ മാറ്റുന്നതിനും വേണ്ടി ബാങ്ക് ശാഖകളെ സമീപിക്കാം. അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിനും 2000 രൂപയുടെ നോട്ടുകൾ മാറ്റി വാങ്ങുന്നതിനുമുള്ള സൗകര്യം 2023 സെപ്റ്റംബർ 30 വരെ ഇഷ്യൂ ഡിപ്പാർട്ട്‌മെന്റുകളുള്ള ആർബിഐയുടെ 19 റീജനൽ ഓഫീസുകളിലും നോട്ടുകൾ മാറാനുള്ള സൗകര്യം ലഭ്യമാണ്. വ്യവസായത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ഒരാൾക്ക് 20,000 ൽ കൂടുതൽ പണം ആവശ്യമായാൽ നിയന്ത്രണങ്ങളില്ലാതെ അക്കൗണ്ടുകളിൽ നിക്ഷേപം നടത്താം. 2000 രൂപ നോട്ടുകൾ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാനും അതിനുശേഷം ഈ നിക്ഷേപങ്ങളിൽ നിന്ന് പണം പിൻവലിക്കാനും കഴിയും. 2000 രൂപയുടെ നോട്ടുകൾ മാറ്റാനും നിക്ഷേപിക്കാനും ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്കുള്ള അസൗകര്യം കുറയ്ക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്താൻ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.  

പ്രതിഷേധിച്ച് പ്രതിപക്ഷം

താൻ പ്രതീക്ഷിച്ചതുപോലെ തന്നെ സർക്കാർ രണ്ടായിരത്തിന്റെ നോട്ട് പിൻവലിക്കുകയും നോട്ടുകൾ മാറാൻ സെപ്റ്റംബർ 30 വരെ സമയം നൽകുകയും ചെയ്തിരിക്കുകയാണ്. 2000 രൂപാ നോട്ട് വിനിമയത്തിനുള്ള ഒരു ജനപ്രിയ മാധ്യമമല്ലെന്നും ഇക്കാര്യം 2016 ൽ തന്നെ തങ്ങൾ പറഞ്ഞുവെന്നും, തങ്ങളാണ് ശരിയെന്ന് തെളിയിക്കപ്പെട്ടുവെന്നും മുൻ ധനമന്ത്രിയും നോട്ട് നിരോധനത്തിന്റെ കടുത്ത വിമർശകനുമായ പി ചിദംബരം പറഞ്ഞു. പ്രചാരത്തിലുണ്ടായിരുന്ന 500 ന്റെയും, 1000 ത്തിന്റെയും നോട്ടുകൾ അസാധുവാക്കിയ മണ്ടൻ തീരുമാനം മറയ്ക്കാനുള്ള ഉപാധിയായിരുന്നു 2000ത്തിന്റെ നോട്ടുകൾ. നോട്ട് നിരോധനത്തിന് ഏതാനും ആഴ്ചകൾക്കുശേഷം 500 രൂപ നോട്ട് വീണ്ടും അവതരിപ്പിക്കാൻ സർക്കാരും ആർബിഐയും നിർബന്ധിതരായി. സർക്കാർ 1000 ത്തിന്റെ നോട്ടുകൾ വീണ്ടും കൊണ്ടുവന്നാലും താൻ അത്ഭുതപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആർബിഐ യുടെ തീരുമാനത്തിൽ രൂക്ഷവിമർശനം ഉന്നയിച്ചിട്ടുണ്ട്. തീരുമാനത്തിനെതിരെ എഎപിയും രംഗത്തെത്തി. ആദ്യം പറഞ്ഞു 2000 രൂപാ നോട്ട് വരും അഴിമതി തടയും എന്ന് ഇപ്പോൾ പറയുന്നു 2000 രൂപാ നോട്ട് പിൻവലിക്കും അഴിമതി അവസാനിക്കുമെന്ന്''- അരവിന്ദ് കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു. ഇതിനാലാണ് പ്രധാനമന്ത്രി വിദ്യാഭ്യാസമുള്ളയാളാകണമെന്ന് തങ്ങൾ പറഞ്ഞതെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു. അതേസമയം കള്ളപ്പണത്തിനെതിരായ രണ്ടാം സർജിക്കൽ സ്‌ട്രൈക്കാണ് 2000 നോട്ടിന്റെ പിൻവലിക്കലെന്ന് സുശീൽ കുമാർ മോദി പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ പ്രതികരണം പ്രതീക്ഷിച്ചതാണെന്നാണ് ബിജെപിയുടെ വിശദീകരണം.

ജനങ്ങളെ വലച്ച നോട്ട് നിരോധനം

2016 നവംബർ എട്ടിനാണ് ഒന്നാം മോദി സർക്കാർ നോട്ട് നിരോധനം നടപ്പാക്കുന്നത്. ജനങ്ങളെ വലച്ച ഒരു സർക്കാർ തീരുമാനമായിരുന്നു അത്. കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ ഒന്നും തന്നെ നടപ്പിലാവുകയോ സർക്കാരെടുത്ത തീരുമാനം ന്യായീകരിക്കാൻ കഴിയുന്നതോ അല്ല എന്ന് പരിണിത ഫലങ്ങൾ വ്യക്തമാക്കുന്നു. പണമൊഴുക്ക് കുറയ്ക്കുക, കള്ളപ്പണം തടയുക എന്നതായിരുന്നു പ്രധാനപ്പെട്ട പ്രഖ്യാപിത ഉദ്ദേശങ്ങൾ. എന്നാൽ കണക്കുകൾ വ്യക്തമാക്കുന്നത് ഇതൊന്നും നടപ്പിലായില്ല എന്നാണ്. 17.97 ലക്ഷം കോടി ആയിരുന്ന ക്യാഷ് സർക്കുലേഷൻ പിന്നീട് അഞ്ച് വർഷത്തിൽ തന്നെ ഏകദേശം 29.45 ലക്ഷം കോടിയിലേക്ക് ഉയരുകയാണ് ചെയ്തത്. അസംഘടിത മേഖലയെ തകർക്കുന്ന ഒരു തീരുമാനവും കൂടിയായിരുന്നു നോട്ട് നിരോധനം.

തീവ്രവാദപ്രവർത്തനങ്ങളും മയക്കുമരുന്ന് കച്ചവടങ്ങളും അവസാനിപ്പിക്കും എന്നതായിരുന്നു മറ്റൊരു പ്രഖ്യാപനം. എന്നാൽ ഇവ നടന്നില്ലെന്നു മാത്രമല്ല, ആഗോള തീവ്രവാദ സൂചിക 2020 പ്രകാരം ഇന്ത്യയുടെ റാങ്ക് മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു. ആക്രമണങ്ങളിൽ 20 ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ലോകത്ത് ഏറ്റവും കൂടുതൽ തീവ്രവാദബാധിത പ്രദേശങ്ങളിൽ ആദ്യ പത്തിൽ ഇന്ത്യയും ഉണ്ട്. മയക്കുമരുന്ന് ഉപഭോഗവും വിതരണവും ഇന്നും വലിയ മാറ്റമില്ലാതെ തുടരുന്നു.

#Daily
Leave a comment