TMJ
searchnav-menu
post-thumbnail

TMJ Daily

യുവേഫ ചാമ്പ്യന്‍സ് ലീഗിന് ഇന്ന് തുടക്കമാവും

19 Sep 2023   |   2 min Read
TMJ News Desk

ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കോംപറ്റീഷനുകളിലൊന്നായ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. വര്‍ഷങ്ങളായി തങ്ങളുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം കൊതിക്കുന്ന പി.എസ്.ജിയും കഴിഞ്ഞ സീസണില്‍ യൂറോപ്പാ ലീഗിലേക്ക് തള്ളപ്പെട്ട മുന്‍ ചാമ്പ്യന്‍മാര്‍ കൂടിയായിട്ടുള്ള ബാഴ്‌സലോണയും നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിനായി ഇറങ്ങും. വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്നും ചാമ്പ്യന്‍സ് ലീഗ് യോഗ്യത ലഭിച്ച ന്യൂകാസില്‍ യുണൈറ്റഡ് ഇന്ന് മുന്‍ ചാമ്പ്യന്‍മാര്‍ കൂടിയായ എ.സി മിലാനേയും നേരിടും.

ഫേവറേറ്റുകള്‍ ഇന്ന് ഇറങ്ങും

ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യ ദിവസമായ ഇന്ന് നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി സെര്‍ബിയന്‍ ക്ലബ്ബായ ക്രവ്‌ന വെസ്ദയെ നേരിടും. സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ സീസണില്‍ സിറ്റിയുടെ ക്യാപ്റ്റനായിരുന്ന ഇല്‍കായി ഗുണ്ടോആന്‍ ക്ലബ്ബ് വിട്ടെങ്കിലും ടീമിന്റെ പ്രകടനത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല. പ്രീമിയര്‍ ലീഗിലുള്‍പ്പടെ മികച്ച പ്രകടനം നടത്തുന്നതിന്റെ ബലത്തിലാണ് സിറ്റി ഇറങ്ങുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലായി ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും പുറത്തായി യൂറോപ്പാ ലീഗിലേക്ക് തരംതാഴ്ത്തപ്പെട്ട ബാഴ്‌സലോണ ഇത്തവണ ഇറങ്ങുന്നത് രണ്ടും കല്‍പ്പിച്ചാണ്. കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ബാഴ്‌സ സൈന്‍ ചെയ്ത ജാവാ ക്യാന്‍സലോ,ഗുണ്ടോആന്‍,ജാവാ ഫെലിക്‌സ് എന്നിവര്‍ ടീമിനെ കൂടുതല്‍ ശക്തമാക്കുന്നുണ്ട്. ബെല്‍ജിയം ക്ലബ്ബായ ആന്ത്വേര്‍പ്പ് ആണ് ബാഴ്‌സയുടെ ആദ്യ മത്സരത്തിലെ എതിരാളികള്‍. ചാമ്പ്യന്‍സ് ലീഗിലെ ഇത്തവണത്തെ മരണ ഗ്രൂപ്പായ ഗ്രൂപ്പ് എഫിലെ മത്സരങ്ങളും ഇന്ന് ആരംഭിക്കും. പി.എസ്.ജി, എ.സി മിലാന്‍, ന്യൂകാസില്‍ യുണൈറ്റഡ്, ബൊറൂസിയ ഡോര്‍ട്ട്മുണ്ട് എന്നിവരാണ് എഫ് ഗ്രൂപ്പിലുള്ളത്. ന്യൂകാസില്‍ യുണൈറ്റഡ് അവരുടെ തട്ടകത്തില്‍ എ.സി മിലാനെ നേരിടുമ്പോള്‍ പി.എസ്.ജി തങ്ങളുടെ ഹോംഗ്രൗണ്ടില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനോടും ഏറ്റുമുട്ടും. കഴിഞ്ഞ തവണ സെമിഫൈനല്‍ വരെയെത്തിയ വിശ്വാസത്തിലാണ് മിലാന്‍ ഇറങ്ങുന്നത്. ചാമ്പ്യന്‍സ് ലീഗ് ഏഴ് തവണ വിജയിച്ച മിലാന് അടുത്ത കാലത്തായി ടൂര്‍ണ്ണമെന്റില്‍ നല്ല രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ചാമ്പ്യന്‍സ് ലീഗിന് കിണഞ്ഞ് പരിശ്രമിക്കുന്ന ടീമാണ് പി.എസ്.ജി. മെസ്സിയും എംബാപ്പെയും നെയ്മറുമുള്‍പ്പെടെയുള്ള താരങ്ങള്‍ ടീമിന്റെ ഭാഗമായിട്ടും അവര്‍ക്ക് ടൂര്‍ണ്ണമെന്റിന്റെ സെമിയില്‍ പോലും എത്താന്‍ സാധിച്ചിട്ടില്ല. ഇത്തവണ എംബാപ്പേയിലാണ് പി.എസ്.ജി പ്രതീക്ഷ വയ്ക്കുന്നത്. സ്പാനിഷ് വമ്പന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡ് ഇറ്റാലിയന്‍ ക്ലബ്ബ് ലാസിയോയേയും നേരിടും.


#Daily
Leave a comment