TMJ
searchnav-menu
post-thumbnail

IMAGE | WIKI COMMONS

TMJ Daily

റഫ അതിര്‍ത്തിയില്‍ ഇസ്രയേല്‍ നിയന്ത്രണം അവസാനിപ്പിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി യുഎന്‍

08 May 2024   |   1 min Read
TMJ News Desk

ജിപ്തിനും തെക്കന്‍ ഗാസയ്ക്കുമിടയിലുള്ള റഫ അതിര്‍ത്തിയിലെ ഇസ്രയേല്‍ നിയന്ത്രണത്തെ വിമര്‍ശിച്ച് ഐക്യരാഷ്ട്ര സഭ. ഗാസയില്‍ ആവശ്യമായ ഭക്ഷണവും മെഡിക്കല്‍ സപ്ലെകളും ലഭ്യമാകാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും അതിര്‍ത്തിയിലെ നിയന്ത്രണം കൂടുതല്‍ ക്ഷാമത്തിലേക്ക് നയിക്കുമെന്നും യുഎന്‍ സഹായ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടി.

ഇസ്രയേലിന്റെ റഫ ആക്രമണം തന്ത്രപരമായ പിഴവാണെന്നും വന്‍ വിപത്തിലേക്ക് നയിക്കുമെന്നും യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. റഫയിലേക്കുള്ള പ്രധാന ക്രോസിംഗായ കരേം അബു സലേം അടച്ചുപൂട്ടുന്നത് പലസ്തീനികളെ ദുരിതത്തിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇസ്രയേല്‍ അധികാരികള്‍ ജീവന്‍രക്ഷാ സഹായം തടയുന്ന ഓരോ ദിവസവും കൂടുതല്‍ പലസ്തീനികള്‍ മരിക്കാനുള്ള സാധ്യതയുണ്ടെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പ്രതികരിച്ചു.

ഖത്തറിന്റെയും ഈജിപ്തിന്റെയും നേതൃത്വത്തില്‍ മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി ഹമാസ് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് റഫയില്‍ ഇസ്രയേല്‍ കരയാക്രമണം ആരംഭിക്കുന്നതും, അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും. വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ അംഗീകരിച്ചതായി ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയാണ് അറിയിച്ചത്. എന്നാല്‍ നിര്‍ദേശങ്ങള്‍ തങ്ങളുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നില്ലെന്ന് ഇസ്രയേല്‍ പ്രതികരിച്ചതോടെ ചര്‍ച്ച അവസാനിക്കുകയായിരുന്നു. റഫ നഗരത്തിലും ഗാസയുടെ മറ്റ് ഭാഗങ്ങളിലും ഹമാസിനെ ഇല്ലാതാക്കുന്നത് വരെ റഫ ഓപ്പറേഷന്‍ തുടരുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. 


 

#Daily
Leave a comment