അനധികൃത കൈയേറ്റവും ഖനനവും അനുവദിച്ചതിന്റ ഫലമാണ് വയനാട് ദുരന്തമെന്ന് കേന്ദ്ര വനംമന്ത്രി
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ്. അനധികൃത കൈയേറ്റവും ഖനനവും അനുവദിച്ചതിനാലാണ് ദുരന്തം നേരിടുന്നതെന്ന് കേന്ദ്രമന്ത്രി പ്രതികരിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇത്തരം പ്രവര്‍ത്തികള്‍ക്ക് നിയമവിരുദ്ധ സംരക്ഷണം നല്‍കിയെന്നും വളരെ സെന്‍സിറ്റീവായ പ്രദേശത്തിന് പ്രധാന്യം നല്‍കിയില്ലെന്നും ഭൂപേന്ദ്ര യാദവ് കുറ്റപ്പെടുത്തി. ഭാവിയിലെങ്കിലും ഈ രീതിയിലുളള ഖനനവും മണ്ണെടുപ്പും ഇല്ലാതാകേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പ്രദേശത്ത് കൈയേറ്റം തടയാന്‍ നടപടികളുണ്ടായിട്ടില്ലെന്നും കൈയേറ്റത്തിന് പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ സംരക്ഷണം നല്‍കുന്നുവെന്നും മന്ത്രി വിമര്‍ശിച്ചു. പരിസ്ഥിതി ലോല മേഖലകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ പദ്ധതി തയ്യാറാക്കണം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി ഈ കമ്മിറ്റിയെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. പരിസ്ഥിതി ലോല മേഖലയില്‍ അനധികൃത ഖനനവും കൈയേറ്റവും പാടില്ലെന്നും മന്ത്രി പറഞ്ഞു. പ്രകൃതിയെ സംരക്ഷിച്ചാല്‍ പ്രകൃതി മനുഷ്യരെയും സംരക്ഷിക്കുമെന്നും അഭിപ്രായപ്പെട്ടു.
കേരളത്തിന് ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും പറഞ്ഞിരുന്നു. ഏഴ് ദിവസം മുമ്പ് കേരളത്തിന് പ്രളയമുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് വലിയ വീഴ്ച ഉണ്ടായിട്ടുണ്ടെന്നുമാണ് അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞത്.