PHOTO: FACEBOOK
ഗാസയിലേക്ക് കൂടുതല്‍ മാനുഷിക സഹായം എത്തിക്കണം; പ്രമേയം അംഗീകരിച്ച് യുഎന്‍
ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഗാസയിലേക്ക് അടിയന്തര സഹായം എത്തിക്കുന്നതിനുള്ള പ്രമേയം അംഗീകരിച്ച് യുഎന്‍ രക്ഷാകൗണ്‍സില്‍. 15 അംഗ രക്ഷാ സമിതിയില്‍ 13 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. അമേരിക്കയും റഷ്യയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. തടസ്സങ്ങളില്ലാതെ സഹായമെത്തിക്കാന്‍ എല്ലാ കക്ഷികളെയും അനുവദിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.
യുഎഇ-യാണ് ഇന്നലെ പ്രമേയം അവതരിപ്പിച്ചത്. ഗാസയില്‍ വെടിനിര്‍ത്തലിനും ജനങ്ങള്‍ക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ മാനുഷിക ഇടനാഴികള്‍ തയ്യാറാക്കുന്നതിനും ലക്ഷ്യമിടുന്നതായി പ്രമേയം വ്യക്തമാക്കുന്നു.
സഹായ വിതരണം വേഗത്തിലാക്കും
നിലവില്‍ ഗാസയില്‍ ആകെ ജനസംഖ്യയുടെ മൂന്നിലൊന്ന് മനുഷ്യര്‍ പട്ടിണിയിലാണെന്ന് യുഎന്‍ വ്യക്തമാക്കുന്നു. ജനസംഖ്യയുടെ പത്തുശതമാനത്തിന് മാത്രമാണ് സഹായം ലഭിക്കുന്നത്. ഗാസയിലെ സാഹചര്യം വളരെ മോശമാണെന്ന് അന്താരാഷ്ട്ര ഏജന്‍സികളും മാനുഷിക സംഘടനകളും നേരത്തെതന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം വോട്ടെടുപ്പ് നടത്തി പ്രമേയം അംഗീകാരം നേടിയതോടെ സുരക്ഷിതമായും തടസ്സമില്ലാതെയും സഹായവിതരണം വേഗത്തിലാക്കാന്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും. ഇതിന് മേല്‍നോട്ടം വഹിക്കാന്‍ കോര്‍ഡിനേറ്ററെ നിയമിക്കണം എന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 20,057 മനുഷ്യരാണ് ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ടത്. 23 ലക്ഷം നിവാസികളില്‍ 90 ശതമാനത്തിലേറെയും കുടിയൊഴിപ്പിക്കപ്പെട്ടു. എന്നാല്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ഖാന്‍ യൂനിസും റഫയും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ശക്തമായ ബോംബാക്രമണം ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.