TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ വീണ്ടും ആക്രമണം നടത്തി അമേരിക്കയും ബ്രിട്ടനും

23 Jan 2024   |   1 min Read
TMJ News Desk

യെമനിലെ ഹൂതികള്‍ക്ക് നേരെ വീണ്ടും ആക്രമണവുമായി യു എസ്-യു കെ സഖ്യം. ഹൂതികളുടെ എട്ട് കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുകൊണ്ടാണ് ഇരു രാജ്യങ്ങളും ചേര്‍ന്ന് വീണ്ടും ആക്രമണം നടത്തിയിരിക്കുന്നത്.  രണ്ട് രാജ്യങ്ങളും ചേര്‍ന്ന് നടത്തുന്ന ഹൂതികള്‍ക്കെതിരായ രണ്ടാമത്തെ ആക്രമണമാണിത്. രഹസ്യാന്വേഷണവും നിരീക്ഷണവും ഉള്‍പ്പടെയുള്ള ദൗത്യത്തിന് ഓസ്‌ട്രേലിയ,ബഹറൈന്‍,കാനഡ,നെതര്‍ലന്‍ഡ് എന്നീ രാജ്യങ്ങളുടെയും പിന്തുണ ലഭിച്ചിട്ടുണ്ട്.

ലക്ഷ്യം ഹൂതികളുടെ സുപ്രധാന കേന്ദ്രങ്ങള്‍ തകര്‍ക്കല്‍
 
ഹൂതികളുടെ ഭൂഗര്‍ഭ കേന്ദ്രവും മിസൈല്‍ വ്യോമ നിരീക്ഷണ ശേഷിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം എന്നാണ് ആറ് രാജ്യങ്ങളും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചത്. ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ഹൂതി ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണിതെന്നാണ് അമേരിക്കയുടെ വിശദീകരണം. സ്വയം പ്രതിരോധത്തിന്റെ ഭാഗമായി യു എ സുമായി ചേര്‍ന്ന് വീണ്ടും ആക്രമണം നടത്തിയിരിക്കുന്നുവെന്നും ഹൂതികള്‍ക്ക് ഇത് കനത്ത തിരിച്ചടിയാണെന്നും യു കെ ഡിഫന്‍സ് സെക്രട്ടറി ഗ്രാന്റ് ഷാപ്പ്‌സ് പ്രതികരിച്ചു. ഗള്‍ഫ് ഓഫ് ഏദനില്‍ വച്ച് അമേരിക്കന്‍ സൈനിക ചരക്ക് കപ്പലായ ഓഷ്യന്‍ ജാസ് ആക്രമിച്ചതായി ഹൂതികള്‍ അവകാശപ്പെട്ടതിന് പിന്നാലെയാണ് പുതിയ ആക്രമണം.

പ്രത്യാക്രമണം ഉണ്ടാകുമെന്ന് ഹൂതികള്‍ 

തങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തിന് മറുപടി പറയുമെന്ന്് ഹൂതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ ഗാസ അധിനിവേശത്തില്‍ ഹമാസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഹൂതികള്‍ ചെങ്കടലിലൂടെയുള്ള കപ്പലുകള്‍ക്കുനേരെ ആക്രമണം നടത്തുന്നത്. യു എസിന് പിന്തുണ നല്‍കുന്ന രാജ്യങ്ങള്‍ക്കു നേരെയും തിരിച്ചടി ഉണ്ടാകുമെന്ന് ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

ഡിസംബര്‍ 19നു ശേഷം 27 തവണ ചരക്കു കപ്പലുകള്‍ക്കുനേരെ ഹൂതികള്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലേക്കുള്ള കപ്പലുകള്‍ക്കുനേരെയും ആക്രമണം നടന്നു. ആക്രമണങ്ങള്‍ രൂക്ഷമായതിനു പിന്നാലെ ചെങ്കടല്‍ വഴിയുള്ള കപ്പലുകളുടെ യാത്രയും താല്‍കാലികമായി നിര്‍ത്തിവച്ചിരുന്നു. ഇതോടെ പല കപ്പലുകളും പരമ്പരാഗതമായി ഉപയോഗിച്ചുവന്ന കപ്പല്‍പാത ഉപേക്ഷിച്ച് ആഫ്രിക്കയെ ചുറ്റിയുള്ള ദീര്‍ഘദൂര പാതയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇത് വന്‍ സാമ്പത്തിക നഷ്ടത്തിനും ചരക്കുകൈമാറ്റം വൈകുന്നതിനും കാരണമായി.


#Daily
Leave a comment