.jpg)
പശ്ചിമേഷ്യൻ യുദ്ധങ്ങൾക്കായി യുഎസ് ഇസ്രായേലിന് നൽകിയത് 20 ബില്യൺ ഡോളർ
ഗാസയ്ക്കും, യെമെനുമെതിരെ ഇസ്രായേൽ നടത്തിവരുന്ന യുദ്ധങ്ങൾക്കായി യുഎസ് ചെലവഴിച്ചത് 22.76 ബില്യൺ ഡോളർ. കഴിഞ്ഞ ഒക്ടോബറിൽ ഗാസയ്ക്കെതിര ഇസ്രായേൽ ആരംഭിച്ച ആക്രമണങ്ങൾക്ക് ശേഷം, സൈനിക സഹായങ്ങളായി മാത്രം യുഎസ് ഇസ്രായേലിന് നൽകിയത് 17.9 ബില്യൺ ഡോളർ. യുദ്ധസാമഗ്രികളും, ആർട്ടില്ലെറി ഷെല്ലുകളും കൂടാതെ 907 കിലോഗ്രാം ബോംബുകളുമാണ് യുഎസ് നൽകിയത്.
യുഎസ് യുക്രൈനിന് നൽകിയ സഹായങ്ങൾ പോലെ ഇസ്രായേലിന് നൽകുന്ന സഹായങ്ങളുടെ വിവരങ്ങൾ പരസ്യമല്ല. അതിനാൽ 17.9 ബില്യൺ ഡോളർ എന്ന കണക്ക് പൂർണമല്ലെന്ന് ബ്രൗൺ സർവകലാശാലയിലെ ഗവേഷകർ പറയുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം ചെലവുകളുടെ പൂർണമായ കണക്ക് മറച്ചുപിടിക്കുകയാണെന്നും ഗവേഷകർ പറഞ്ഞു.
പശ്ചിമേഷ്യയിലെ യുഎസിന്റെ ഏറ്റവും ശക്തരായ സഖ്യരാജ്യമാണ് ഇസ്രായേൽ. യുഎസിന്റെ ഏറ്റവും വലിയ സൈനിക സഹായങ്ങൾ ലഭിക്കുന്ന രാജ്യവും കൂടെയാണ് ഇസ്രായേൽ. 1959 മുതൽ 251.2 ബില്യൺ ഡോളറാണ് ഇസ്രായേലിന് അമേരിക്ക വിവിധ സഹായങ്ങളായി നൽകിയിട്ടുള്ളത്. ഒക്ടോബർ 7, 2023നു ശേഷം യുഎസ് സൈനിക സഹായമായി നൽകിയ 17.9 ബില്യൺ ഡോളർ, ഒരു വർഷം സൈനിക സഹായമായി യുഎസ് ചിലവഴിച്ച ഏറ്റവും വലിയ തുകയാണ്.
ഇതുകൂടാതെ 4.86 ബില്യൺ ഡോളറാണ് യെമനിലെയും മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളിലെയും വിവിധ ആക്രമണങ്ങൾക്കും മറ്റു പദ്ധതികൾക്കുമായി യുഎസ് ചിലവഴിച്ചത്. കഴിഞ്ഞ ജനുവരി മുതൽ യുഎസും യുകെയും യെമനിലെ ഹൂതികൾക്ക് നേരെ ആക്രമണങ്ങൾ നടത്തുന്നുണ്ട്. യെമനിലെ കടലിലൂടെ കടന്നുപോകുന്ന കപ്പലുകളെ ഹൂതികൾ ആക്രമിക്കുന്നതിനെതിരെയുള്ള നടപടിയാണിത്. കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഇസ്രായേലിനെതിരെയാണെന്നും, ഇത് ഗാസയ്ക്കുള്ള തങ്ങളുടെ പിന്തുണയാണെന്നും ഹൂതികൾ പറഞ്ഞു.
ഗാസയിലെയും ലെബനനിലെയും ആക്രമണങ്ങളുടെയും മരണനിരക്കിന്റെയും വിവരങ്ങൾ പുറത്തുവന്നതിന് ശേഷം അമേരിക്കൻ സമൂഹത്തിന്റെ ഇടയിൽ വലിയൊരു വേർതിരിവാണ് ഉണ്ടായിരിക്കുന്നത്. ഗാസയ്ക്ക് പിന്തുണയുമായി നിരവധിയാളുകളാണ് തെരുവുകളിലും മറ്റും പ്രതിഷേധവുമായി ഇറങ്ങിയത്. അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെയും സ്ക്കൂളുകൾക്കു നേരെയും അമേരിക്കൻ ആയുധങ്ങൾ ഉപയോഗിച്ച് ഇസ്രായേൽ നടത്തിവരുന്ന ആക്രമണങ്ങൾക്ക് വലിയ എതിർപ്പാണ് നല്ലൊരു വിഭാഗം അമേരിക്കൻ ജനങ്ങളിൽ നിന്നും കാണാൻ കഴിയുന്നത്.