
അമേരിക്ക സർക്കാർ അടച്ചുപൂട്ടൽ ഭീഷണിയിൽ
നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണയുള്ള ചെലവ് ബിൽ വ്യാഴാഴ്ച യുഎസ് ജനപ്രതിനിധി സഭയിൽ പരാജയപ്പെട്ടു, ഡസൻ കണക്കിന് റിപ്പബ്ലിക്കൻമാർ നിയുക്ത പ്രസിഡന്റിനെ എതിർത്തു. ഇതോടെ ക്രിസ്മസ്-പുതുവത്സര അവധി യാത്രകൾ തടസ്സപ്പെടുത്തുന്ന വിധം സർക്കാർ നേരിടുന്ന അടച്ചുപൂട്ടൽ ഭീഷണി ഒഴിവാക്കാൻ കോൺഗ്രസിന് വ്യക്തമായ പദ്ധതിയില്ല. സർക്കാർ ധനസഹായം വർദ്ധിപ്പിക്കുകയും, കടപരിധി താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്യുന്നതാണ് സഭ തള്ളിയ ബിൽ. ട്രംപ് ആവശ്യപ്പെട്ട ബില്ലിനെതിരെ ഡസൻ കണക്കിന് റിപ്പബ്ലിക്കൻമാർ വോട്ട് ചെയ്തു. അടുത്ത വർഷം വൈറ്റ് ഹൗസിനെയും, കോൺഗ്രസിന്റെ രണ്ട് ചേംബറുകളെയും നിയന്ത്രിക്കുന്ന ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിൽ വീണ്ടും ഉയർന്നുവന്നേക്കാവുന്ന ഭിന്നതകളെ ഇന്നലത്തെ ഈ വോട്ടെടുപ്പ് തുറന്നുകാട്ടി.
ജനുവരി 20ന് അധികാരമേൽക്കുന്നതിന് മുമ്പ് ചെലവിന്റെ കാര്യത്തിൽ തീരുമാനമാക്കാൻ നിയമനിർമ്മാതാക്കളുടെ മേൽ ട്രംപ് സമ്മർദ്ദം ചെലുത്തിയെങ്കിലും ചെലവ് വർദ്ധിപ്പിക്കുകയും അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ നിലവിലുള്ള 36 ട്രില്യൺ ഡോളർ കടത്തിലേക്ക് ട്രില്യൺ കണക്കിന് ഡോളർ കൂടി ചേർക്കുന്ന ഒരു പദ്ധതിക്ക് വഴിയൊരുക്കുകയും ചെയ്യുന്ന പാക്കേജിനെ പിന്തുണയ്ക്കാൻ പാർട്ടിയിലെ വലതുപക്ഷ അംഗങ്ങൾ വിസമ്മതിച്ചു.
"സാമ്പത്തിക ഉത്തരവാദിത്തത്തെക്കുറിച്ച് പ്രചാരണം നടത്തുകയും അമേരിക്കൻ ജനങ്ങളോട് ഈ ബിൽ സാമ്പത്തികമായുള്ള ഉത്തരവാദിത്തമാണെന്ന് പറയുകയും ചെയ്യുന്ന ഒരു പാർട്ടിയിൽ ഞാൻ തികച്ചും അസ്വസ്ഥനാണ്" ബില്ലിനെ എതിർത്ത് വോട്ട് ചെയ്ത 38 റിപ്പബ്ലിക്കൻമാരിൽ ഒരാളായ റിപ്പബ്ലിക്കൻ പ്രതിനിധി ചിപ്പ് റോയ് പറഞ്ഞു.