യുദ്ധം തുടരുന്നു; ആയുധങ്ങളുമായി അമേരിക്കന്‍ വിമാനം ഇസ്രയേലില്‍
ഇസ്രയേല്‍-ഹമാസ് യുദ്ധം അഞ്ചാം ദിവസവും തുടരുകയാണ്. 1900 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 4600 പേര്‍ക്കാണ് പരിക്കേറ്റത്. ആയുധങ്ങളുമായി അമേരിക്കയുടെ ആദ്യ വിമാനം തെക്കന്‍ ഇസ്രയേലില്‍ എത്തിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് വെളിപ്പെടുത്തി. ആണവശേഷിയുള്ള വിമാനവാഹിനി കപ്പലായ യുഎസ്എസ് ജെറാള്‍ഡ് മെഡിറ്ററേനിയന്‍ കടലിലെത്തി. ഇസ്രയേല്‍ സൈന്യത്തിന് അമേരിക്ക നല്‍കുന്ന പിന്തുണയില്‍ തങ്ങള്‍ ഏറെ കടപ്പെട്ടവരാണ് എന്ന്് ഇസ്രയേല്‍ സൈന്യം അറിയിച്ചു.
യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യാഴാഴ്ച്ച ഇസ്രയേല്‍ സന്ദര്‍ശിക്കും. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും സൈനിക, നയതന്ത്ര ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും. അമേരിക്കയുടെ പ്രത്യേക ദൗത്യസംഘം ഇസ്രയേല്‍ സേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ വെളിപ്പെടുത്തി.
ഗാസയില്‍ സമ്പൂര്‍ണ്ണ ഉപരോധം
ഇസ്രയേല്‍ സമ്പൂര്‍ണ്ണ ഉപരോധം പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ ദുരിതത്തിലാണ്. നിലവില്‍ 1.87 ലക്ഷം പേരാണ് ഗാസയില്‍ നിന്ന് പലായനം ചെയ്തത്. ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്കുനേരെ ആക്രമണമുണ്ടായി. 790 വീടുകള്‍ പൂര്‍ണ്ണമായും 5330 വീടുകള്‍ ഭാഗികമായും തകര്‍ത്തു. ഹമാസ് ആക്രമണത്തിനു പിന്നാലെ പലസ്തീനുള്ള സാമ്പത്തിക സഹായം യൂറോപ്യന്‍ യൂണിയന്‍ നിര്‍ത്തിയിരുന്നു. ഗാസയെ വിജന ദ്വീപാക്കും എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ഇസ്രയേലിന്റെ ആക്രമണം. ഉപരോധം ഗാസയെ മഹാദുരന്തത്തിലെത്തിക്കും എന്ന് നോര്‍വീജിയന്‍ റെഫ്യൂജി കൗണ്‍സില്‍ വ്യക്തമാക്കി.
ഹമാസിനെ ഇല്ലാതാക്കാനുള്ള ഇസ്രയേല്‍ നീക്കത്തെ പിന്തുണച്ച് ഒബാമ
ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ചൊവ്വാഴ്ച്ച പ്രതികരിച്ചിരുന്നു. ഇസ്രയേലിനെതിരായ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ യുഎസിലെ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ഹമാസിനെ ഇല്ലാതാക്കുന്നതിനുള്ള ഇസ്രയേല്‍ നീക്കത്തെ പിന്തുണക്കുന്നു, ഇരുരാജ്യങ്ങള്‍ക്കും ഒരുപോലെ നീതി ലഭിക്കാനും സമാധാനം ഉണ്ടാക്കുന്നതിനും പരിശ്രമിക്കണം, ബന്ദികളാക്കപ്പെട്ടവരുടെ സുരക്ഷിതമായ തിരിച്ചുവരവിനായി പ്രാര്‍ത്ഥിക്കുന്നു എന്നും എക്‌സിലെ കുറിപ്പില്‍ ഒബാമ വ്യക്തമാക്കി.
യുദ്ധം ഇസ്രയേല്‍ പൂര്‍ത്തിയാക്കും: നെതന്യാഹു
ഇസ്രയേല്‍-ഹമാസ് പോരാട്ടം ശക്തമായി തുടരുകയാണ് നിലവില്‍. ആയിരക്കണക്കിനാളുകളാണ് യുദ്ധത്തില്‍ മരിച്ചു വീഴുന്നത്. ഗാസയില്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ തുടക്കം മാത്രമാണ്. യുദ്ധം ഇസ്രയേല്‍ ആഗ്രഹിച്ചതല്ല. ഇസ്രയേലിനുമേല്‍ ക്രൂരമായ് അടിച്ചേല്‍പ്പിച്ചതാണ്. എന്നാല്‍ യുദ്ധം അവസാനിപ്പിക്കാന്‍ പോകുന്നത് ഇസ്രയേല്‍ ആയിരിക്കും എന്ന് ബെഞ്ചമിന്‍ നെതന്യാഹു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യയില്‍ മാറ്റം വരുത്താന്‍ പോവുകയാണ്. അതിന് എല്ലാ ജനങ്ങളും കൂടെ നില്‍ക്കണം എന്നും നെതന്യാഹു ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇസ്രയേലിലെ പൗരന്മാരെ ആക്രമിക്കാന്‍ ഹമാസിനെ ഇനി അനുവദിക്കില്ലെന്നും ആരുമായും ചര്‍ച്ചക്കില്ല, പൗരന്മാരുടെ സുരക്ഷക്കുവേണ്ടി എന്തു നടപടിയും സ്വീകരിക്കാന്‍ തയ്യാറാണ് എന്നും ഇസ്രയേല്‍ വിദേശകാര്യ വക്താവ് ലിയോര്‍ ഹയാത്തും വ്യക്തമാക്കി.