
പാർലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങി, അദാനി, മണിപ്പൂർ വിഷയങ്ങളിൽ സഭയിൽ ബഹളം.
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്, അദാനി വിഷയത്തിൽ അന്വേഷണവും മണിപ്പൂർ വിഷയത്തിൽ ചർച്ചയും ആവശ്യപ്പെട്ടുള്ള ബഹളത്തോടെ തുടക്കം. പ്രതിപക്ഷത്തിന്റെ ബഹളത്തെത്തുടർന്ന് ലോക്സഭ സമ്മേളനം സ്പീക്കർ പന്ത്രണ്ട് മണിവരെ നിർത്തിവച്ചു.
സമ്മേളനം ആരംഭിച്ച് ആദ്യം തന്നെ അദാനി വിഷയത്തിൽ അന്വേഷണവും മണിപ്പൂർ വിഷയത്തിൽ ചർച്ചയും പ്രതിപക്ഷം ആവശ്യപ്പെട്ടതായിരുന്നു ബഹളത്തിന് കാരണമായത്. ഇതേ തുടർന്ന് 12 മണിവരെ സഭ നിർത്തിവയ്ക്കുന്നതായി ലോക്സഭ സ്പീക്കർ ഓം ബിർള അറിയിച്ചു. രാജ്യസഭ സമ്മേളന നടപടികൾ തുടരുകയാണ്. പല കാരണങ്ങളാൽ നിരവധി പ്രത്യേകതകൾ ഉള്ളതാണ് ശീതകാല സമ്മേളനമെന്നും, സമ്മേളനത്തിൽ ആരോഗ്യപരമായ ചർച്ചകൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. ഡിസംബർ 20 വരെയായിരിക്കും സമ്മേളനം നടക്കുക. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ശൈത്യകാല പാർലമെന്റ് സമ്മേളനമാണിത്. വഖഫ് ഭേദഗതിയും 16 ബില്ലുകളാണ് സർക്കാർ അജണ്ടയിലുണ്ടായിരുന്നത്.
ഇന്ത്യൻ തുറമുഖ ബില്ല്, പഞ്ചാബ് കോടതി ബിൽ, രാഷ്ട്രീയ സഹകാരി വിശ്വസാഹിത്യ ബിൽ തുടങ്ങി അഞ്ചോളം ബില്ലുകൾക്കാണ് പ്രഥമ പരിഗണന നൽകിയിരിക്കുന്നത്. വഖഫ് ഭേദഗതി സംയുക്ത പാർലമെന്ററി സമിതി പരിശോധിച്ച് വരികയാണ്. ശീതകാല സമ്മേളനത്തിൽ ഇത് സംബന്ധിച്ച റിപ്പോർട്ട് സമിതി സമർപ്പിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ സമിതിയുടെ സമയപരിധി നീട്ടണമെന്ന് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചിരുന്നു. ദുരന്ത നിവാരണ ഭേദഗതി ബിൽ ഈ സമ്മേളനത്തിൽ കേന്ദ്രം കൊണ്ടു വന്നേക്കും. മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്ത സഹായത്തിലെ കേന്ദ്ര അവഗണന കേരള എംപിമാർ പാർലമെന്റിൽ ഉന്നയിച്ചേക്കും.