TMJ
searchnav-menu
post-thumbnail

ഐക്കണ്‍ ഓഫ് ദി സീസ് | PHOTO: WIKI COMMONS

TMJ Daily

കുതിക്കാനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പല്‍

13 Jul 2023   |   2 min Read
TMJ News Desk

ദ്യ ഔദ്യോഗിക യാത്രയിലൂടെ ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലാകാന്‍ ഒരുങ്ങുകയാണ് ''ഐക്കണ്‍ ഓഫ് ദി സീസ്'' എന്ന ആഡംബര കപ്പല്‍. 365 മീറ്റര്‍ നീളവും (ഏകദേശം 35 ബസുകളുടെ നീളം) 2,50,800 ടണ്‍ ഭാരവുമുള്ള കപ്പല്‍ 2024 ജനുവരിയിലാണ് ഔദ്യോഗിക യാത്ര ആരംഭിക്കുന്നത്. 20 ഡെക്കുകളുള്ള കപ്പലില്‍ 7,600 അതിഥികള്‍ ഉള്‍പ്പടെ 10,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയും. എല്ലാ രീതിയിലും ആഡംബര കപ്പലുകളിലെ രാജാവെന്ന് ഐക്കണ്‍ ഓഫ് ദി സീസിനെ വിളിക്കാന്‍ കഴിയുന്നതാണ്. കടലിലെ ഏറ്റവും വലിയ വാട്ടര്‍ പാര്‍ക്ക്, 7 സ്വിമ്മിങ് പൂള്‍ അടക്കം കടലിലെ ഏറ്റവും വലിയ സ്വിമ്മിങ് പൂള്‍ എന്നിങ്ങനെ ഒട്ടനവധി കാഴ്ച്ചാനുഭവങ്ങളാണ് യാത്രികര്‍ക്കായി കാത്തിരിക്കുന്നത്. റോയല്‍ കരീബിന്‍ ക്രൂയിസ് കമ്പനിയാണ്  ഈ ആഡംബര കപ്പലിന്റെ ഉടമകള്‍.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ആദ്യ യാത്രയ്ക്ക് മുന്നോടിയായി കപ്പലിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു കഴിഞ്ഞു. ഈ വര്‍ഷം ഒക്ടോബറോടെ തന്നെ കപ്പല്‍ റോയല്‍ കരീബിയന്‍ ക്രൂയിസിന്റെ ഭാഗമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഫിന്‍ലാന്റിലുള്ള മേയര്‍ തുര്‍ക്കു കപ്പല്‍ശാലയാണ് ആഡംബര കപ്പലിന്റെ നിര്‍മ്മാണം വഹിക്കുന്നത്. പരീക്ഷണ യാത്രയും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം കപ്പലിന്റെ ഏകദേശ നിര്‍മ്മാണ ചെലവ് 2 ബില്ല്യണ്‍ (16,000 കോടിയിലധികം) ഡോളറിനടുത്താണ്. ജനുവരിയിലുള്ള യാത്രയുടെ ഭാഗമായി റോയല്‍ കരീബിയന്‍ കമ്പനി ഔദ്യോഗിക വെബ്സൈറ്റിലൂടെ ബുക്കിങ്ങുകള്‍ ആരംഭിച്ചിട്ടുണ്ട്. അമേരിക്കയിലെ ഫ്ളോറിഡയില്‍ നിന്ന് ആരംഭിക്കുന്ന യാത്രയുടെ ദൈര്‍ഘ്യം 7 ദിവസമാണ്. ഹൊന്‍ഡൂറസ്, മെക്സിക്കോ, ബഹാമാസ് വഴിയാണ് സഞ്ചാരം. 1800 ഡോളറിന് മുകളിലേക്കാണ് ടിക്കറ്റ് നിരക്ക്.

കപ്പല്‍ ലോകത്തിലെ മറ്റു ഭീമന്മാര്‍

നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പല്‍ റോയല്‍ കരീബിയന്‍ കമ്പനിയുടെ തന്നെ ഉടമസ്ഥതയിലുള്ള ''വണ്ടര്‍ ഓഫ് ദി സീസ് എന്ന ക്രൂയിസാണ്. ഏകദേശം 1.35 ബില്ല്യണ്‍ ഡോളറായിരുന്നു ഈ കപ്പലിന്റെ നിര്‍മ്മാണ ചിലവ്. 362 മീറ്റര്‍ നീളവും 18 ഡെക്കുകളുമാണ് ഈ കപ്പലിന്റെ സവിശേഷത. കണ്ടെയ്നര്‍ ഷിപ്പുകളില്‍ ഏറ്റവും വലുത് എം.എസ്.സി ലൊറെറ്റോയാണ്. 400 മീറ്ററാണ് ഈ കപ്പലിന്റെ ആകെ നീളം. 24000 ത്തിലധികം കണ്ടെയ്നറുകള്‍ വഹിക്കാന്‍ ഈ പേടകത്തിനാകും. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലായാണ് ഇതിനെ കണക്കാകുന്നത്.

ആധുനിക രീതിയിലുള്ള പാസഞ്ചര്‍ വള്ളങ്ങളാണ് യാച്ചുകള്‍. 180.65 മീറ്റര്‍ നീളം വരുന്ന അസം ആണ് ഈ കൂട്ടത്തിലെ ഭീമന്‍. ജര്‍മ്മന്‍ കപ്പല്‍ നിര്‍മ്മാതാക്കളായ ലുര്‍സെന്‍ ആണ് ഈ യാച്ച് നിര്‍മ്മിച്ചിരിക്കുന്നത്. 600 മില്ല്യണ്‍ ഡോളര്‍ ചിലവില്‍ നിര്‍മ്മിച്ചിരിക്കുന്ന യാച്ച് അബുദാബി പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഉടമസ്ഥതയിലാണുള്ളത്.
സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ ഉയരത്തിന് സമാനമായ, അതായത് ഏകദേശം 87.3 മീറ്റര്‍ നീളം വരുന്ന ഡ്രാഗണ്‍ ബോട്ട് ഉള്ളത് കംബോഡിയയിലാണ്. ഡ്രാഗണ്‍ ബോട്ട് ഇനത്തില്‍ ഏറ്റവും വലുതാണിത്. ചൈനയില്‍ നിന്ന് ഉത്ഭവിച്ച ജലവാഹനമാണ് ഡ്രാഗണ്‍ ബോട്ടുകള്‍. മനുഷ്യസഹായത്തോടെയാണ് ബോട്ട് നിയന്ത്രിക്കുന്നതും സഞ്ചരിക്കുന്നതും. ബോട്ടിന്റെ രണ്ട് ഭാഗത്തും മനുഷ്യനിര്‍മ്മിതമായ ഡ്രാഗണ്‍ തലകള്‍ കാണാന്‍ കഴിയുന്നതാണ്. അതു തന്നെയാണ് ഈ ബോട്ടുകളുടെ പ്രത്യേകതയും. ബോട്ടിന്റെ പേരില്‍ ഒരു ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും നിലവിലുണ്ട്.


#Daily
Leave a comment