TMJ
searchnav-menu
post-thumbnail

TMJ Daily

4.5ബില്യൺ ആളുകൾക്ക് അവശ്യ ആരോ​ഗ്യ സേവനങ്ങൾ ലഭ്യമല്ലെന്ന് ലോകാരോ​ഗ്യ സംഘടന

21 Oct 2024   |   2 min Read
TMJ News Desk

4.5 ബില്യൺ ആളുകൾക്ക് അവശ്യ ആരോ​ഗ്യ സേവനങ്ങൾ ലഭിക്കുന്നില്ലെന്ന് ലോകാരോ​ഗ്യ സംഘടന. ഏകദേശം 1,00,000ത്തോളം എംപോക്സ് കേസുകളും 200 മരണങ്ങളും ആ​ഗോളതലത്തിൽ റിപ്പോർട്ട് ചെയ്തതായി യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രവൻഷൻ ആന്റ് കൺട്രോളിന്റെ കണക്കുകൾ പറയുന്നു. ഈ സാഹചര്യത്തെ പൊതുജനാരോ​ഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. 

സുഡാനിൽ മാത്രമായി 15,000 ആളുകൾക്കാണ് കോളറ ബാധിച്ചത് 473 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് രാജ്യത്തെ ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് 19ന്റെ ഒരു പുതിയ വകഭേദം 27 രാജ്യങ്ങളിലായി വ്യാപിച്ചിട്ടുണ്ടെന്ന് ഇതിനകം നൂറിലധികം ആളുകളെ ബാധിച്ചുവെന്നും പറയുന്നു. 2024ലെ ആ​ഗോള സാമ്പത്തിക ഉച്ചകോടിയിൽ ആന്റിമൈക്രോബയോൽ റെസിസ്റ്റന്റുകലുടെ ഉപയോ​ഗം ആ​ഗോളതലത്തിൽ 2050 ഓടെ 1 കോടിയോളം ആളുകളുടെ മരണത്തിന് കാരണമാകുമെന്നും പറയുന്നു.

2050 ഓടെ കാലാവസ്ഥ വ്യതിയാനം മൂലം 14.5 മില്യൺ മരണങ്ങൾ സംഭവിക്കുമെന്നും 12.5 ട്രില്യൺ ഡോളർ വരെ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും 'കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം മാനുഷിക ആരോ​ഗ്യത്തിൽ' എന്ന പഠനം പറയുന്നു. ലോകമെമ്പാടുമുള്ള ആരോ​ഗ്യ സംരക്ഷണ സംവിധാനങ്ങൾ ഇതിനകം തന്നെ സമ്മർദ്ദത്തിലാണെന്നും കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം മൂലം 1.1 ട്രില്യൺ ഡോളർ അധികഭാരം ആരോ​ഗ്യമേഖലയ്ക്ക് നേരിടേണ്ടി വരുമെന്നും പഠനം പറയുന്നു. എം പോക്സ് വിവിധ രാജ്യങ്ങളിൽ പൊട്ടിപുറപ്പെട്ടതിന്റെ ഫലമായി നമ്മൾ പൊതുജനാരോ​ഗ്യ അടിയന്തരാവസ്ഥയുടെ മധ്യത്തിലാണെന്നും അതിനെതിരെ പ്രവർത്തിക്കാൻ ആവശ്യമായ ആരോ​ഗ്യ ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുകയും ഒരു ആ​ഗോള കമ്മ്യൂണിറ്റി എന്ന രീതിയിൽ പ്രവർത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കണമെന്നും യുണൈറ്റഡ് നേഷൻ ഫൗണ്ടേഷന്റെ ​ഗ്ലോബൽ ഹെൽത്ത് സ്ട്രാറ്റർജി വൈസ് പ്രസിഡന്റും ആഫ്രിക്ക സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രവൻക്ഷൻ മുൻ ഡയറക്ടർ ജനറലുമായ  അഹമ്മദ് ഓ​ഗ്വെൽ പറയുന്നു.

നിലവിലുള്ള എം പോക്സ്, കോളറ, ഡെങ്കിപനി, പോളിയോ എന്നീ രോ​ഗങ്ങളുടെ വ്യാപനം മാത്രമല്ല കോവിഡിന്റെ വ്യാപനം മൂലമുണ്ടായ പ്രശ്നങ്ങൾ ഇപ്പോഴും ആരോ​ഗ്യ മേഖലയിൽ ദൃശ്യമാണ്. കോവിഡ് സമയത്തെ പഠിച്ച ശീലങ്ങളൊന്നും തന്നെ ഇപ്പോൾ പാലിക്കുന്നില്ല എന്നതാണ് ഇപ്പോഴും ഇത്തരം വ്യാപനങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നത്. കോവിഡ് ഉന്മൂലനം ചെയ്യപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ ശേഷം നിലവിൽ ഉപയോ​ഗിച്ചു കൊണ്ടിരുന്ന സംവിധാനങ്ങൾ പ്രവർത്തനക്ഷമമല്ലാതാക്കി. ഇതിനൊരു ഉത്തമ ഉദാഹരണം ആണ് എയർപോർട്ടിലെ ടെംബറേച്ചർ സ്കാനിം​ഗ് മെഷീനുകൾ. ഇത് പോലും പ്രവർത്തിക്കുന്നില്ല എന്നത് വ്യക്തമാക്കുന്നത് രോ​ഗബാധിതനായ ഒരാളെ തിരിച്ചറിയാൻ വേണ്ടുന്ന അടിസ്ഥാന  സംവിധാനങ്ങൾ പോലും ഇല്ലെന്നതാണ്.

ലോകമെമ്പാടുമുള്ള വിനിമയ ശൃംഖല ശക്തമായതിനാൽ എംപോക്സ് വ്യാപന സാധ്യത വളരെ കൂടുതലാണ്. അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയാണ് എംപോക്സ് വ്യാപനം സംഭവിക്കുന്നത്. കോവിഡ്, എബോള, കോളറ എന്നിവ ഉണ്ടാക്കിയ പ്രതിസന്ധികളെ നേരിടാൻ ബാധിത രാജ്യങ്ങൾക്ക് ഐക്യദാർഡ്യം ആവശ്യമാണ്. ഈ സാഹചര്യങ്ങളോട് പൊരുതാൻ ആവശ്യമായ സംവിധാനങ്ങളുള്ള രാജ്യങ്ങൾ മറ്റുള്ളവയ്ക്ക് വേണ്ട സേവനങ്ങൾ നൽകാൻ സന്നദ്ധത കാണിക്കമെന്നും അഹമ്മദ് ഓ​ഗ്വെൽ ആവശ്യപ്പെടുന്നു. യുദ്ധം പോലുള്ള അവസ്ഥകൾ ജനങ്ങളെ ശുദ്ധമല്ലാത്ത വായുവും ജലവുമൊക്കെ ഉപയോഗിക്കാൻ നിർബന്ധിതരാക്കുന്നു. ഇവയൊക്കൊപ്പം തന്നെ കാലാവസ്ഥ വ്യതിയാനവും പൊതുജനാരോഗ്യ പ്രതിസന്ധിയ്ക്ക് കാരണമാകുന്നുണ്ട്. ആരോഗ്യമേഖലയിൽ മിക്ക ഗവൺമെൻ്റുകൾക്കും നിക്ഷേപം വളരെ കുറവാണ്,  ദുർബലരായ ജനങ്ങൾക്ക് ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാക്കാൻ കഴിയുന്നില്ല എന്നാണ് ഇതിനർത്ഥം. ആരോഗ്യരംഗം വളരെയധികം വാണിജ്യവൽക്കരിക്കപ്പെട്ടിരിക്കപ്പെട്ടിരിക്കുന്നതും മറ്റൊരു കാരണമായി വിലയിരുത്താം.


#Daily
Leave a comment