TMJ
searchnav-menu
post-thumbnail

TMJ Daily

ഇന്ത്യൻ മരുന്ന് കമ്പനിക്കെതിരെ മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

27 Apr 2023   |   3 min Read
TMJ News Desk

വിദേശ രാജ്യത്ത് ചുമയ്ക്കുള്ള മരുന്ന് വിൽപന നടത്തുന്ന മറ്റൊരു ഇന്ത്യൻ കമ്പനിക്കെതിരെയും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. പസഫിക് ദ്വീപ് രാഷ്ട്രങ്ങളായ മൈക്രോനേഷ്യ, മാർഷൽ ദ്വീപുകൾ എന്നിവിടങ്ങളിലേയ്ക്ക് കയറ്റി അയച്ചതെന്ന് കരുതുന്ന 'ഗെയഫെനസിൻ ടി ജി' എന്ന സിറപ്പിനെതിരെയാണ് വിഷാംശമടങ്ങിയതായി ആരോപണം. ഏഴു മാസത്തിനിടെ ലോകാരോഗ്യ സംഘടന നൽകുന്ന മൂന്നാമത്തെ മുന്നറിയിപ്പാണിത്. മുന്നറിയിപ്പ് പ്രകാരം, ചുമയ്ക്കും നെഞ്ചിലെ മറ്റ് അസ്വസ്ഥകളും ഒഴിവാക്കാൻ ഉപയോഗിക്കുന്ന ഗൈഫെനെസിൻ സിറപ്പിൽ നിയന്ത്രണാതീതമായ അളവിൽ ഡൈതലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും അടങ്ങിയതായി ഓസ്ട്രേലിയയിലെ തെറപ്പ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന്റെ (ടിജിഎ) ഗുണനിലവാര നിയന്ത്രണ ലാബുകൾ കണ്ടെത്തി. നേരത്തെ, ഗാംബിയ, ഉസ്‌ബെക്കിസ്ഥാൻ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയച്ച് വിവാദമായ ചുമ മരുന്നിലും ഇവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

മരുന്ന് സുരക്ഷിതമല്ലെന്നും പ്രത്യേകിച്ച് കുട്ടികൾക്ക് നൽകുന്നതു മൂലം വയറുവേദന, ഛർദ്ദി, വയറിളക്കം, തലവേദന വരുന്നതിനും ഇതിലൂടെ വൃക്കയുടെ പ്രവർത്തനം ക്ഷയിച്ച് മരണത്തിന് കാരണമാകാമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പസഫിക് മേഖലയിലെ മറ്റ് രാജ്യങ്ങളിലും മരുന്നിന് അംഗീകാരം നല്കിയിട്ടുണ്ടാവാം. എന്നാലിതുവരെ, ഈ ഉൽപ്പന്നങ്ങളുടെ സുരക്ഷയെയും ഗുണനിലവാരത്തെയും കുറിച്ച് നിർമ്മാതാക്കളോ വിപണനക്കാരോ ലോകാരോഗ്യ സംഘടനയ്ക്ക് വ്യക്തമായ മറുപടി നല്കിയിട്ടില്ലെന്നും സംഘടന വെളിപ്പെടുത്തി.

രണ്ട് പസഫിക് സമുദ്ര രാജ്യങ്ങളിലേയ്ക്കും പഞ്ചാബ് ആസ്ഥാനമായുള്ള ക്യുപി ഫാർമക്കെം ലിമിറ്റഡ് നിർമ്മിച്ച സിറപ്പ് ഹരിയാന ആസ്ഥാനമായുള്ള ട്രില്ലിയം ഫാർമയാണ് വിപണനം ചെയ്യുന്നത്. 2023 ഒക്ടോബറിൽ കാലഹരണപ്പെടുന്ന മരുന്നിന്റെ ഒരു ബാച്ചിൽ നിന്നാണ് വിഷാംശങ്ങൾ റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ ആറിനാണ് വിഷാംശത്തിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്തതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. മരുന്ന് കൈയിലുള്ളവരോ അവ ഉപയോഗിക്കുന്നവരോ ഇനിയും ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മരുന്ന് വിൽക്കാൻ സാധ്യതയുള്ള രാജ്യങ്ങളെയും മറ്റ് പ്രദേശങ്ങളെയും നിരീക്ഷിക്കുകയാണെന്നും നിലവാരമില്ലാത്ത ഈ ഉൽപ്പന്നങ്ങൾ അതത് രാജ്യങ്ങളിൽ കണ്ടെത്തിയാൽ ഉടൻ തന്നെ ലോകാരോഗ്യ സംഘടനയെ അറിയിക്കാൻ ദേശീയ റെഗുലേറ്ററി അതോറിറ്റികളെയും ആരോഗ്യ അധികാരികളെയും ചുമതലപ്പെടുത്തിയതായും WHO അറിയിച്ചു.

ജീവൻ നഷ്ടപ്പെട്ട് ഗാംബിയയിലെ കുരുന്നുകൾ

ഇന്ത്യൻ നിർമ്മിത ചുമ മരുന്നുകൾ കഴിച്ച് ആഫ്രിക്കയിലെ ഗാംബിയയിൽ 69 കുട്ടികൾ വൃക്ക തകരാറിലായി മരിച്ചത് 2022 ഒക്ടോബറിലായിരുന്നു. ഹരിയാനയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിച്ച നാല് സിറപ്പുകൾക്കെതിരെയാണ് ആരോപണം. സെപ്തംബർ 29ന് ഈ സിറപ്പുകളെപ്പറ്റി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുകയും സംഭവത്തിൽ ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

നാല് മരുന്നുകളിലും വൃക്ക തകരാറിലാകുന്ന ഡയാത്തൈലീൻ ഗ്ലൈക്കോൾ, ഈതൈലീൻ ഗ്ലൈക്കോൾ എന്നിവ അമിത അളവിൽ അടങ്ങിയതായി രാസപരിശോധനയിൽ തെളിഞ്ഞിരുന്നു. മലേറിയ, ആസ്ത്മ, മെനിഞ്ചൈറ്റിസ് എന്നിവയ്ക്കുള്ള ചികിത്സക്കാണ് അതുവരെ കുട്ടികൾക്ക് ഡോക്ടർമാർ ഈ മരുന്ന് നല്കിയിരുന്നത്.

മരണം ആവർത്തിച്ച് ഉസ്‌ബെക്കിസ്ഥാൻ

ഗാംബിയയിലെ സംഭവത്തിന് പിന്നാലെ ഇന്ത്യൻ നിർമ്മിത മരുന്ന് കഴിച്ച് ഉസ്‌ബെക്കിസ്ഥാനിലും 18 കുട്ടികൾ മരിച്ച സംഭവം രാജ്യാന്തരതലത്തിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. നോയിഡ കേന്ദ്രമായ മാരിയോൺ ബയോടെക് ഉല്പാദിപ്പിക്കുന്ന ഡോക്-1-മാക്‌സ് എന്ന കഫ് സിറപ്പ് കഴിച്ചാണ് 18 കുട്ടികൾക്ക് ജീവൻ നഷ്ടമായത്. മരുന്ന് ഇന്ത്യയിൽ വിറ്റിരുന്നില്ല.

എഥിലിൻ ഗ്ലൈക്കോൺ എന്ന രാസവസ്തുവിന്റെ സാന്നിധ്യം കഫ് സിറപ്പിലുണ്ടായിരുന്നുവെന്നാണ് ഉസ്‌ബെക്കിസ്ഥാൻ ആരോഗ്യമന്ത്രാലയത്തിന്റെ കണ്ടെത്തൽ. സാംപിളുകൾ പരിശോധിച്ചതിനു പിന്നാലെ ഗുണനിലവാരം ഇല്ല എന്ന കാരണത്താൽ ലോകാരോഗ്യ സംഘടന ഈ മരുന്ന് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇന്ത്യയിൽ സർക്കാർ ലാബിൽ നടത്തിയ സാംപിൾ പരിശോധനയിൽ അപകടകരമായ ഒന്നും കണ്ടെത്തിയിരുന്നില്ല. തുടർന്ന് മരുന്നിന് ഗുണനിലവാരമുണ്ടെന്ന് സാക്ഷ്യപ്പെടുത്തി ഡ്രഗ്‌സ് കൺട്രോളർ ഓഫ് ഇന്ത്യ ലോകാരോഗ്യ സംഘടനയ്ക്ക് കത്ത് വരെ നൽകുകയുണ്ടായി.

ഇന്ത്യൻ മരുന്ന് നിരോധിച്ച് അമേരിക്കയും

ഇന്ത്യയിൽ നിന്നുള്ള ചുമ സിറപ്പുകൾ മരണകരണമായെന്ന വാർത്തകൾക്കു പിന്നാലെ കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നും ജീവനെടുത്തതായി വാർത്ത പുറത്തു വന്നിരുന്നു. ഇന്ത്യൻ നിർമിത തുള്ളി മരുന്ന് കണ്ണിൽ ഒഴിച്ചതിനെ തുടർന്നുണ്ടായ അസ്വസ്ഥതയിൽ അമേരിക്കയിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്കു കാഴ്ച നഷ്ടപ്പെട്ടുമെന്നാണ് പരാതി.

പരാതിയെ തുടർന്ന് ചെന്നൈയിൽ ആസ്ഥാനമുള്ള ഗ്ലോബൽ ഫാർമ ഹെൽത്ത് കെയർ ലിമിറ്റഡ് എന്ന കമ്പനിക്ക് അമേരിക്കയിൽ നിരോധനം ഏർപ്പെടുത്തി. കണ്ണുകൾ വരണ്ടു പോവുന്നതായി തോന്നുമ്പോൾ ഒഴിക്കുന്ന തുള്ളിമരുന്നാണ് അപകടകാരി ആയതെന്നാണ് ആരോപണം. അമേരിക്കയിൽ നിന്നുള്ള ആരോപണം പുറത്തുവന്നതിനെ തുടർന്നു കമ്പനിയുടെ ചെന്നൈയിലുള്ള ആസ്ഥാനം കേന്ദ്ര- തമിഴ്‌നാട്  ഡ്രഗ് കൺട്രോൾ ഉദ്യോഗസ്ഥർ പരിശോധനാ വിധേയമാക്കുകയും മരുന്ന് ഉല്പാദിപ്പിക്കുന്നത് നിർത്തിവെക്കുകയും ചെയ്തു. ഒരു മരണവും, ഒരാൾക്ക് കാഴ്ച നഷ്ടമായതും അടക്കം 55 ഓളം കേസ്സുകൾ അമേരിക്കയിൽ രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. തുള്ളി മരുന്നിൽ ബാക്ടീരിയ ബാധിച്ചതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

2014-2016 കാലഘട്ടത്തിൽ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ നടത്തിയ സർവെ പ്രകാരം വൻകിട ഫാർമാ കമ്പനികൾ അടക്കം നിർമ്മിച്ച അഞ്ചു ശതമാനത്തോളം ഇന്ത്യൻ മരുന്നുകൾ ക്വാളിറ്റി ടെസ്റ്റിൽ പരാജയപ്പെട്ടവയാണ്. ഈ ശതമാനം ഇനിയും കൂടുമെന്നുള്ളതിന്റെ തെളിവാണ് ആവർത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ.


#Daily
Leave a comment