PHOTO: PTI
ഇസ്രയേല്‍ ആശുപത്രികള്‍ ഉപരോധിക്കാന്‍ ആരംഭിച്ചതിന് ശേഷം 21 രോഗികള്‍ മരിച്ചതായി ലോകാരോഗ്യ സംഘടന
ഗാസയിലെ ആശുപത്രികളില്‍ ഇസ്രയേല്‍ ഉപരോധം ആരംഭിച്ചത് മുതല്‍ 21 രോഗികള്‍ മരിച്ചതായി ലോകാരോഗ്യ സംഘടന. അല്‍-ഷിഫ ആശുപത്രിയില്‍ നിന്നും രോഗികളെ ഒഴിപ്പിക്കാന്‍ ഡബ്ല്യുഎച്ച്ഒ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടനുസരിച്ച് സെന്‍ട്രല്‍ ഗാസയിലെ അല്‍-അഖ്‌സ ആശുപത്രിക്ക് സമീപം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.
ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നെതന്യാഹുവിനെതിരെ പ്രതിഷേധവുമായി പതിനായിരങ്ങള്‍ തെരുവിലിറങ്ങി. പ്രതിഷേധക്കാരെ നീക്കം ചെയ്യാന്‍ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. യുദ്ധം നീണ്ടുപോയാല്‍ കൂടുതല്‍ പേര്‍ മരിക്കുമെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.
തെക്കന്‍ ഗാസയിലെ അല്‍-അമാല്‍, നാസെര്‍ ആശുപത്രികള്‍ ഇസ്രയേല്‍ സൈന്യം ഉപരോധിച്ചു. വടക്കന്‍ ഗാസയിലെ അല്‍-ഷിഫ മെഡിക്കല്‍ കോംപ്ലക്സില്‍ ഒരാഴ്ചയായി ഇസ്രയേല്‍ സൈന്യം റെയ്ഡ് തുടരുന്ന സാഹചര്യത്തിലാണ് രണ്ട് ആശുപത്രികള്‍ക്കൂടി സൈന്യം ലക്ഷ്യംവച്ചത്. അല്‍ ഷിഫ ആശുപത്രിയില്‍ നാല് മൃതദേഹങ്ങള്‍ക്ക് മുകളിലൂടെ ഇസ്രയേല്‍ സൈന്യം ടാങ്കുകളും ബുള്‍ഡോസറുകളും ഓടിക്കുന്നത് കണ്ടതായി ആശുപത്രിയില്‍ അഭയംപ്രാപിച്ച ആയിരക്കണക്കിന് പലസ്തീനികളില്‍ ഒരാളായ ജമീല്‍ അല്‍-അയൂബി പറഞ്ഞിരുന്നു. സൈന്യം ആംബുലന്‍സുകളും തകര്‍ത്തു.
ഗാസയില്‍ പട്ടിണി മരണം
വടക്കന്‍ ഗാസയിലെ കമാല്‍ അദ്‌വാന്‍ ആശുപത്രിയില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ പോഷകാഹാരക്കുറവും നിര്‍ജലീകരണവും കാരണം മരിച്ചു. ഗാസയിലെ പട്ടിണി മരണങ്ങളില്‍ കൂടുതലും കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്.
ഗാസയിലെ ദേര്‍ അല്‍ ബലായില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പത് പലസ്തീനികള്‍ കൊല്ലപ്പെട്ടതായും നിരവധി ആളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം എഴുപത് ശതമാനം ആളുകളും കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന വടക്കന്‍ ഗാസയിലേക്ക് ഭക്ഷണമെത്തിക്കുന്ന യുഎന്‍ആര്‍ഡബ്ല്യുഎ സംഘങ്ങള്‍ക്ക് ഇനി അനുമതി നല്‍കില്ലെന്ന് ഇസ്രയേല്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചിരുന്നു.