TMJ
searchnav-menu
post-thumbnail

TMJ Daily

ലോകത്തെ കാത്തിരിക്കുന്നത് മൈക്രോ പ്ലാസ്റ്റിക് പ്രതിസന്ധി

27 Sep 2024   |   3 min Read
TMJ News Desk

രിസ്ഥിതിയില്‍ മൈക്രോ പ്ലാസ്റ്റിക്കിന്റെ അളവ് കൂടുന്നത് മൂലമുണ്ടാകുന്ന മലിനീകരണം വര്‍ദ്ധിക്കുന്നു. 2040 ആവുമ്പോഴേക്കും മൈക്രോ പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന മലിനീകരണം ഇരട്ടിയിലധികം വര്‍ദ്ധിക്കാമെന്നും, അടിയന്തരമായ നിയന്ത്രണങ്ങളുടെ ആവശ്യകതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും ജേണല്‍ സയന്‍സ് പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നത്. 
മൈക്രോ പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട  20 വര്‍ഷം നീണ്ടഗവേഷണങ്ങളാണ് ഈ ഇത്തിരിക്കുഞ്ഞന്‍ പ്ലാസ്റ്റിക് ഭാഗങ്ങളുടെ വ്യാപനം തടയാന്‍  ആഗോളതലത്തില്‍  നടപടി സ്വീകരിക്കണമെന്ന് ഊന്നിപ്പറയുന്നു. 2040ഓടെ ഇത് മൂലമുള്ള പരിസ്ഥിതി മലിനീകരണം ഇരട്ടിയാവാനും അപകടകരമാകാനുമുള്ള സാധ്യതകള്‍ ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നുണ്ട്. 

ലോകത്ത് ഓരോവര്‍ഷവും ഉത്പാദിപ്പിക്കുന്നത് 45 കോടി ടണ്‍ പ്ലാസ്റ്റിക് ആണ്. പ്രതിവര്‍ഷം ആഗോളതലത്തില്‍ ഏകദേശം  40 മെഗാടണ്‍ മൈക്രോപ്ലാസ്റ്റിക് പുറന്തള്ളുന്നതായാണ് ജേണല്‍ സയന്‍സ് പറയുന്നത്. ഇതില്‍ ഭൂരിഭാഗവും മാലിന്യക്കൂമ്പാരത്തിലെത്തും. കാലക്രമേണ പൊട്ടിയും പൊടിഞ്ഞും ചെറുകഷണങ്ങളാകും. കൃത്രിമനാരുകളാലുണ്ടാക്കുന്ന തുണിത്തരങ്ങള്‍ കഴുകുമ്പോള്‍പോലും പ്ലാസ്റ്റിക് കണങ്ങള്‍ വെള്ളത്തിലും മണ്ണിലും കലരും.  

പ്ലാസ്റ്റിക്കില്‍നിന്ന് വിഘടിക്കുന്ന ചെറുപ്ലാസ്റ്റിക് പദാര്‍ഥങ്ങളാണ് മൈക്രോപ്ലാസ്റ്റിക്. അഞ്ച് മില്ലിമീറ്ററില്‍താഴെ വലുപ്പം. പ്ലാസ്റ്റിക് വലകള്‍, കുപ്പികള്‍, സഞ്ചികള്‍ തുടങ്ങിയവ സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളുടെയും ഋതുഭേദങ്ങളുടെയും ഫലമായി പൊടിഞ്ഞാണ് ചെറുകണികകളാവുന്നത്. നൈലോണ്‍, പോളി എത്തിലിന്‍, പോളി പ്രൊപ്പിലീന്‍, പോളി സള്‍ഫോണ്‍ എന്നിവയാണ് പ്രധാനമായും കാണുന്നത്. സമുദ്രങ്ങള്‍, നദികള്‍, മണ്ണ്, ടാപ്പ് വെള്ളം, ഭക്ഷണം, മൃഗങ്ങള്‍,  വായു, കൂടാതെ മനുഷ്യ ശരീരത്തിനുള്ളില്‍ പോലും, ആഗോളതലത്തില്‍ വിവിധ പരിതസ്ഥിതികളില്‍ ഈ കണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വലിപ്പക്കുറവ് അവയെ പരിസ്ഥിതിയില്‍ നിന്ന് ഉന്മൂലനം ചെയ്യുന്നത് വളരെ പ്രയാസകരമാക്കുന്നു, കൂടാതെ അവയ്ക്ക് ഭക്ഷ്യ ശൃംഖലയില്‍ അടിഞ്ഞുകൂടാനുള്ള കഴിവുമുണ്ട്.
ലോകമെമ്പാടുമുള്ള വിദൂര സ്ഥലങ്ങള്‍ മുതല്‍ നമ്മുടെ സ്വന്തം ശരീരത്തിനുള്ളില്‍ വരെ പ്ലാസ്റ്റിക്കുകളുള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഓക്ക്ലാന്‍ഡ് സര്‍വകലാശാലയിലെ സീനിയര്‍ ലക്ചറര്‍ ജോയല്‍ റിന്‍ഡലോബ് പറഞ്ഞു.

''പ്ലാസ്റ്റിക് കൊണ്ടുള്ള മലിനീകരണം ഒരിക്കലും ഇല്ലാതാവുന്നില്ല അവ ചെറിയ ചെറിയ കഷണങ്ങളായി വിഘടിച്ച് പരിസ്ഥിതിയില്‍ അലിഞ്ഞ് ചേരുകയാണ് ചെയ്യുന്നത്. പ്ലാസ്റ്റിക് സാധാരണയായി അഞ്ച് മില്ലീമീറ്ററില്‍ താഴെയുള്ള ചെറിയ പ്ലാസ്റ്റിക് കണങ്ങളാണ് മൈക്രോപ്ലാസ്റ്റിക്‌സ്, വലിയ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ അപചയത്തില്‍ നിന്ന് വരുന്നതോ വ്യാവസായിക ആവശ്യങ്ങള്‍ക്കായി മനപ്പൂര്‍വ്വം സൃഷ്ടിക്കപ്പെട്ടതോ ആണ്. പ്രതിവര്‍ഷം ഏകദേശം 40 മെഗാടണ്‍ മൈക്രോപ്ലാസ്റ്റിക് പുറത്തുവിടുന്നതായി കണക്കാക്കപ്പെടുന്നെന്നും റിന്‍ഡലോബ് പറയുന്നു. പ്ലാസ്റ്റിക് മൂലമുണ്ടാവുന്ന പാരിസ്ഥിതിക മലിനീകരണത്തെക്കുറിച്ചുള്ള ഗവേഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുമ്പോള്‍, ഒരു കാര്യം വ്യക്തമാണ്, പ്ലാസ്റ്റിക് ഇവിടെ തന്നെയുണ്ടാവും കാലങ്ങളോളം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റില്‍ അമേരിക്കയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ മനുഷ്യ മസ്തിഷ്‌കത്തില്‍ മൈക്രോ പ്ലാസ്റ്റികിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ശരീരത്തിലെ വൃക്ക, കരള്‍, മസ്തിഷ്‌കം എന്നിവയുടെ വിലയിരുത്തലില്‍ നിന്നായിരുന്നു ഈ കണ്ടെത്തല്‍. സ്ത്രീകളില്‍ നിന്നും പുരുഷന്‍മാരില്‍ നിന്നുമായി അമ്പത്തിയൊന്ന് സാമ്പിള്‍ ശേഖരിച്ചിരുന്നു. ഇവയില്‍ കരള്‍, വൃക്ക എന്നിവയേക്കാള്‍ മുപ്പതുമടങ്ങ് കൂടുതല്‍ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യമാണ് മസ്തിഷ്‌കത്തില്‍ കണ്ടെത്തിയത്. മസ്തിഷ്‌കത്തിലേക്ക് ഉയര്‍ന്നതോതില്‍ രക്തപ്രവാഹം നടക്കുന്നതുകൊണ്ടാവാം ഇതെന്നാണ് ഗവേഷകര്‍ കരുതുന്നത്. മൈക്രോപ്ലാസ്റ്റിക് കലര്‍ന്ന രക്തം ശരീരത്തില്‍ പ്രവഹിക്കുന്നതിലൂടെ പലഭാഗങ്ങളിലേക്കും ഇവ ചെന്നെത്തുന്നു. കരളും വൃക്കയും വിഷമയമായ വസ്തുക്കളും മറ്റും പുറന്തള്ളുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവ ആയതിനാലാകാം താരതമ്യേന കുറഞ്ഞ അളവിലാണ് മൈക്രോപ്ലാസ്റ്റിക്ക് കണ്ടെത്തിയത്.

പ്രധാനമായും മൂന്നുവഴികളിലൂടെയാണ് മൈക്രോപ്ലാസ്റ്റിക്കുകള്‍ ശരീരത്തിലെത്തുന്നത്. ഭക്ഷണത്തിലൂടെ, ശ്വസനത്തിലൂടെ അന്തരീക്ഷത്തിലെ കണികകളില്‍ നിന്ന്, സൗന്ദര്യവര്‍ധകവസ്തുക്കള്‍ ഉപയോഗിക്കുന്നതുവഴി ത്വക്കിലൂടെ എന്നിങ്ങനെയാണത്. ശ്വാസകോശത്തിന്റെ ഉള്ളറയിലാണ് പ്ലാസ്റ്റിക് സൂക്ഷ്മാംശങ്ങള്‍ കണ്ടെത്തിയ സംഭവവുമുണ്ടായിട്ടുണ്ട്. വായുനാളി ഏറ്റവും നേര്‍ത്തതായതിനാല്‍ അതിനുള്ളിലൂടെ പ്ലാസ്റ്റിക് കണികകള്‍ അരിച്ചിറങ്ങില്ല എന്നാണ് ഗവേഷകര്‍ മുമ്പ് കരുതിയിരുന്നത്. ഓരോ മണിക്കൂറിലും മനുഷ്യര്‍ 16.2 പ്ലാസ്റ്റിക് ശകലങ്ങള്‍ (16.2 bits) ശ്വസിക്കുന്നതായി 2022-ല്‍ നടത്തിയ ഒരു പഠനം ചൂണ്ടിക്കാട്ടിയിരുന്നു.

മനുഷ്യന്റെ ആരോഗ്യത്തില്‍ മൈക്രോപ്ലാസ്റ്റിക് ഉണ്ടാക്കുന്ന ആഘാതങ്ങള്‍ ഇതുവരെ പൂര്‍ണ്ണമായി മനസ്സിലായിട്ടില്ല, എന്നാല്‍ നിലവിലുള്ള പഠനങ്ങള്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും, ഉദരസംബന്ധമായ രോഗങ്ങള്‍ക്കും, എന്‍ഡോക്രൈന്‍ തടസ്സത്തിനും, മൈക്രോപ്ലാസ്റ്റിക്‌സുമായി ബന്ധപ്പെട്ട രാസവസ്തുക്കളില്‍ നിന്നുള്ള വിഷാംശം എന്നിവ ഉള്‍പ്പെടെയുള്ള ദോഷകരമായ ഫലങ്ങള്‍ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.

മൈക്രോപ്ലാസ്റ്റിക്, അവയുടെ ഉറവിടങ്ങള്‍, സ്വാധീനം എന്നീ വിവരങ്ങള്‍ക്കാണ് നിലവില്‍ ഗവേഷണത്തില്‍ ശാസ്ത്രജ്ഞര്‍ ഊന്നല്‍ നല്‍കുന്നത്. മൈക്രോ പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന മലിനീകരണ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വഴികളും ഗവേഷണം നിര്‍ദ്ദേശിക്കുന്നു. കാര്യക്ഷമമായ നിയന്ത്രണം സുഗമമാക്കുന്നതിന് മെച്ചപ്പെട്ട സാംപ്ലിംഗ് രീതികളും മൈക്രോപ്ലാസ്റ്റിക്‌സിന്റെ കൂടുതല്‍ കൃത്യമായ വര്‍ഗ്ഗീകരണത്തിന്റെയും ആവശ്യകത ഉണ്ടെന്ന് അവര്‍ എടുത്തു പറയുന്നു. 

വരാനിരിക്കുന്ന ഗ്ലോബല്‍ പ്ലാസ്റ്റിക് ഉടമ്പടിക്ക് കീഴിലുള്ള നിയന്ത്രണത്തിന് ഒരു മള്‍ട്ടി-ഡിസിപ്ലിനറി സമീപനം വിദഗ്ധര്‍ ആവശ്യപ്പെടുന്നുണ്ട്. നവംബറില്‍  ഈ ഉടമ്പടി അതിന്റെ അഞ്ചാം ഘട്ട ചര്‍ച്ചകളിലേക്ക് കടക്കാനിരിക്കയാണ്, മൈക്രോപ്ലാസ്റ്റിക്‌സിനെതിരായ അന്താരാഷ്ട്ര സഹകരണത്തിനുള്ള നിര്‍ണായക അവസരമാണ് ഇത് നല്‍കുന്നത്. മൈക്രോപ്ലാസ്റ്റിക് പുറന്തള്ളതുന്നത് കുറയ്ക്കുന്നത് പ്രധാനമാണ്, അപകടകരമായ പരിസ്ഥിതി നശീകരണം ഒഴിവാക്കാന്‍ മുഴുവനായുള്ള പ്ലാസ്റ്റിക് ഉല്‍പ്പാദനം കുറയ്‌ക്കേണ്ടത് അത്യാവശ്യമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

വെള്ളത്തില്‍ നിന്ന് മൈക്രോ പ്ലാസ്റ്റിക് നീക്കം ചെയ്യുന്നതിനുള്ള പ്രത്യേക ഹൈഡ്രോജെല്‍ വികസിപ്പിച്ചതായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ് 2024 ഏപ്രിലില്‍ (ഐഐഎസ്സി) നടത്തിയ പഠനത്തില്‍ പറഞ്ഞിരുന്നു. സൂക്ഷ്മ പ്ലാസ്റ്റിക് തരികളായ മൈക്രോപ്ലാസ്റ്റിക്, ജലത്തില്‍ നിന്ന് ആഗിരണം ചെയ്ത് നശിപ്പിക്കുന്നതില്‍ ഹൈഡ്രോജെല്‍ 95 ശതമാനം ഫലപ്രദമാണെന്നു പഠനത്തില്‍ തെളിഞ്ഞിരുന്നു. ഇത് മൈക്രോ പ്ലാസ്റ്റിക് ഉന്മൂലനം ചെയ്യുന്നതിനുള്ള ഒരു മാര്‍ഗമായി പരിഗണിക്കാവുന്നതാണ്.

മൈക്രോ പ്ലാസ്റ്റിക് നമ്മുടെ ദൈനംദിന ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കാം

പ്ലാസ്റ്റിക് തരികളുണ്ടാകാനിടയുള്ള സൗന്ദര്യവര്‍ധകവസ്തുക്കള്‍, ടൂത്ത് പേസ്റ്റ്, സിന്തറ്റിക് തുണിത്തരങ്ങള്‍ എന്നിവ കഴിവതും ഒഴിവാക്കുക.

പാക്കറ്റ് ഭക്ഷണങ്ങളും പാനീയങ്ങളും പരമാവധി ഒഴിവാക്കാം. പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക.

പുകയും പൊടിയുമുള്ള മലിനമായ അന്തരീക്ഷത്തില്‍നിന്ന് അകന്നുനില്‍ക്കുക.

കഴിവതും മൈക്രോ പ്ലാസ്റ്റിക് കുറവായ തുണികള്‍ ഉപയോഗിക്കുക.


#Daily
Leave a comment