
തെന്നല അധികാരവും അധികാരമില്ലായ്മയും ഒരുപോലെയെന്ന് കണ്ടു: മുഖ്യമന്ത്രി
അധികാരവും അധികാരമില്ലായ്മയും ഒരു പോലെയെന്ന് കണ്ട രാഷ്ട്രീയ ജീവിതത്തിനുടമയാണ് തെന്നല ബാലകൃഷ്ണപിള്ളയെന്നും സര്‍വ്വാദരണീയനും മാന്യനുമായ രാഷ്ട്രീയ നേതാവിനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അനവധി പതിറ്റാണ്ടുകള്‍ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ സാനിധ്യമായി ഉയര്‍ന്ന് നിന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം.
വാര്‍ഡ് പ്രസിഡണ്ട് മുതല്‍ കെപിസിസി പ്രസിഡണ്ട് വരെയുള്ള ചുമതലകള്‍ നിര്‍വഹിച്ച അദ്ദേഹം ആ പരിചയസമ്പത്ത് വാക്കിലും പ്രവൃത്തിയിലും കാത്തുസൂക്ഷിച്ചിരുന്നു. സ്വന്തം പാര്‍ട്ടിയിലെ തര്‍ക്കങ്ങളില്‍ എല്ലാ പക്ഷത്തിനും സ്വീകാര്യനായിരുന്ന നേതാവ് എന്നതാണ് തെന്നലയ്ക്ക് നല്‍കപ്പെട്ടിരുന്ന വിശേഷണം. വിഷയങ്ങളോട് അദ്ദേഹം കാണിച്ച പക്ഷപാതരഹിതവും വസ്തുനിഷ്ഠവുമായ നിലപാടാണ് അത്തരം ഒരു വിശേഷണത്തിന് അര്‍ഹനാക്കിയത്. നിയമസഭയിലും രാജ്യസഭയിലും ഏറെ വര്‍ഷങ്ങള്‍ അംഗമായിരുന്ന അദ്ദേഹം ഓരോ വിഷയത്തിലും സൂക്ഷ്മതയോടെയും അവധാനതയോടെയും ആണ് ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.
സഹകാരി എന്ന നിലയില്‍ കേരളത്തിന്റെ സഹകരണ മേഖല ശക്തിപ്പെടുത്തുന്നതിനും അദ്ദേഹത്തിന്റെ സംഭാവന ഗണ്യമാണ്. വ്യക്തി താല്‍പര്യങ്ങള്‍ക്ക് അതീതമായി പൊതു താല്‍പര്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന സവിശേഷമായ ഒരു രാഷ്ട്രീയ പൈതൃകമാണ് അദ്ദേഹം ബാക്കി വെയ്ക്കുന്നത്. സൗമ്യവും ശുദ്ധവും തെളിമയുറ്റതുമായ രാഷ്ട്രീയ ജീവിതമാണ് അദ്ദേഹം നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.


