TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

ലക്ഷദ്വീപില്‍ ഇനി മലയാളം മീഡിയമില്ല; സിബിഎസ്ഇ സിലബസ് മാത്രം

13 Dec 2023   |   1 min Read
TMJ News Desk

ക്ഷദ്വീപിലെ സ്‌കൂളുകളില്‍ നിന്ന് മലയാളം മീഡിയം ഒഴിവാക്കുന്നു. അടുത്തവര്‍ഷം മുതല്‍ ഒന്നാംക്ലാസ് പ്രവേശനം സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാത്രമായിരിക്കും. ഇതു സംബന്ധിച്ച ഉത്തരവ് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി. 

ലക്ഷദ്വീപില്‍ ഇനി സിബിഎസ്ഇ സ്‌കൂളുകള്‍ മാത്രമാകും ഉണ്ടാകുക. എസ്‌സിഇആര്‍ടി കേരള മലയാളം മീഡിയം ക്ലാസുകള്‍ സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറ്റുവാനാണ് നിര്‍ദേശം. മലയാളം ഐച്ഛിക വിഷയമായി പഠിക്കാം. അറബി ഭാഷ സ്‌കൂളുകളും ഉണ്ടാകില്ല. 

ലക്ഷ്യം ഉന്നതനിലവാരം 

നിലവില്‍ രണ്ടുവിധത്തിലുള്ള പാഠ്യപദ്ധതികളും ലക്ഷദ്വീപിലുണ്ട്. മലയാളം കരിക്കുലത്തില്‍ പഠിപ്പിക്കുന്ന രണ്ടു മുതല്‍ എട്ടുവരെ ക്ലാസുകളാണ് ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറുന്നത്. വിദ്യാഭ്യാസം ഉന്നതനിലവാരത്തിലേക്ക് ഉയര്‍ത്തുകയും മത്സര പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളെ സജ്ജമാക്കുന്നതിനുമാണ് മലയാളം മീഡിയം ഒഴിവാക്കുന്നതെന്നാണ് വിശദീകരണം. നിലവില്‍ ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഴയ സിലബസില്‍ പരീക്ഷയെഴുതാം. 

യൂണിഫോമിലും മാറ്റം 

കഴിഞ്ഞ ഓഗസ്റ്റില്‍ ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ യൂണിഫോമിലും മാറ്റങ്ങള്‍ വരുത്തി അഡ്മിനിസ്‌ട്രേഷന്‍ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. യൂണിഫോം രീതി വിദ്യാര്‍ത്ഥികള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ നടപടികള്‍ സ്വീകരിക്കാനും ഇതുസംബന്ധിച്ച് പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശം നല്‍കിയിരുന്നു. ആദ്യഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്കരണം, രക്ഷിതാക്കള്‍ക്ക് കത്ത് മുഖേന നിര്‍ദേശം നല്‍കുക, വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്കരണം തുടങ്ങിയവയായിരുന്നു. രണ്ടാംഘട്ടത്തില്‍ പ്രവേശനവിലക്ക് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനും ഉത്തരവില്‍ പറയുന്നുണ്ട്.

 

#Daily
Leave a comment