TMJ
searchnav-menu
post-thumbnail

TMJ Daily

മോ സാലയുമായുള്ള ബന്ധത്തിൽ വിള്ളൽ വന്നിട്ടില്ല: ആർനെ സ്ലോട്ട്

09 Dec 2025   |   1 min Read
TMJ News Desk

തുടർച്ചയായി മത്സരങ്ങളിൽ ബെഞ്ചിൽ ഇരിക്കേണ്ടി വന്നതിലുള്ള പ്രതിഷേധം മീഡിയകൾക്ക് മുന്നിൽ അറിയിച്ച മോ സാലയുമായുള്ള ബന്ധത്തിൽ വിള്ളൽ വന്നിട്ടില്ലെന്ന് ലിവർപൂൾ ഫുട്ബോൾ ടീം മാനേജർ ആർനെ സ്ലോട്ട്. ഇന്റർ മിലാനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായിട്ടുള്ള പത്ര സമ്മേളനത്തിലാണ് സ്ലോട്ട് പ്രതികരിച്ചത്. സാല ലിവർപൂളിനായി തന്റെ അവസാന മത്സരം കളിച്ചെന്ന് കരുതുന്നില്ലെന്നും, ഒരു പ്ലേയർക്ക് എപ്പോഴും തിരിച്ച് വരാൻ സാധ്യതയുണ്ടെന്നും സ്ലോട്ട് പറഞ്ഞു.

ഇന്റർ മിലാനെതിരായ മത്സരത്തിൽ മോ സാല ടീമിൽ ഇല്ല. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ രണ്ട് മത്സരങ്ങളിൽ പൂർണമായും ബെഞ്ചിൽ ഇരിക്കേണ്ടി വന്ന സാല, ഒരു മത്സരത്തിൽ ഹാഫ് ടൈമിൽ കളിക്കളത്തിൽ ഇറങ്ങിയിരുന്നു. ഈ സീസണിലെ മോശം ഫോർമും, ടീമിന്റെ ഗോൾ പ്രതിരോധത്തെ ശക്തിപ്പെടുത്താനുമാണ് സാലയെ ബെഞ്ചിൽ ഇരുത്താനുള്ള തന്ത്രപരമായ തീരുമാനം സ്ലോട്ട് കൈക്കൊണ്ടത്. അതിന് ശേഷം ടീം ഗോൾ വാങ്ങുന്നതിൽ കുറവ് വന്നെങ്കിലും, രണ്ട് മത്സരങ്ങളിൽ സമനിലയും, ഒരു മത്സരത്തിൽ വിജയവും നേടാനാണ് ലിവർപൂളിന് കഴിഞ്ഞത്.

പോർച്ചുഗൽ ഫോർവേർഡും, ലിവർപൂൾ താരവുമായിരുന്ന ഡിയോഗോ ജോട്ടയുടെ മരണം തൊട്ട് ഈ സീസണിൽ പല പ്രതിസന്ധികളിലൂടെ ക്ലബ് കടന്ന് പോവുകയാണ്. മികച്ച പല താരങ്ങളെയും വലിയ തുകയ്ക്ക് ക്ലബ് വാങ്ങിയിട്ടുണ്ടെങ്കിലും അത്യാവശ്യമായ സെന്റർ ബാക്, ഡിഫെൻസിവ് മിഡ് ഫീൽഡർ എന്നീ പൊസിഷനുകളിൽ ലിവർപൂളിന് ഓപ്ഷൻസ് കുറവാണ്. 

കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് ചാമ്പ്യൻമാർ ആയ ലിവർപൂൾ, ഈ സീസണിൽ വളരെ മോശം പ്രകടനമാണ് ഇത് വരെ കാഴ്ച വയ്ക്കുന്നത്. അത്തരമൊരു അവസരത്തിൽ സാലയുടെ പ്രതികരണം അനുചിതമായിരുന്നു എന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. സാലയുടെ ആരാധകർ പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ടെങ്കിലും ഫുട്ബോൾ വിദഗ്ധരും, പണ്ഡിറ്റുകളും സാല അത്തരത്തിൽ പ്രതികരിക്കരുതായിരുന്നു എന്ന അഭിപ്രായത്തിലാണ്.


#Daily
Leave a comment