
Photo: PTI
ഉഭയ സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറു മാസം കാത്തിരിക്കേണ്ടതില്ല; സുപ്രീം കോടതി
പരസ്പരസമ്മതത്തോടെയുള്ള വിവാഹമോചനത്തിനായി ദമ്പതികൾ ആറു മാസം കാത്തിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് സുപ്രീം കോടതി. ഒരുമിക്കാൻ പറ്റാത്തവിധം തകർച്ചയിലെത്തിയ ദാമ്പത്യം ഒഴിവാക്കുന്നതിനായി ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരം കോടതികൾക്ക് അധികാരമുണ്ടെന്ന വിധിയിലാണ് ആറുമാസത്തെ കാത്തിരിപ്പ് ഒഴിവാക്കുന്ന നിർദേശം സുപ്രീം കോടതി പുറപ്പെടുവിച്ചത്. എന്നാൽ ഇത് നിബന്ധനകൾക്ക് വിധേയമാണെന്നും കോടതി വ്യക്തമാക്കി.
അഞ്ച് ജഡ്ജിമാർ അടങ്ങുന്ന ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, എഎസ് ഓക്ക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവം നടത്തിയത്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം സംബന്ധിച്ച് സുപ്രീം കോടതി മാർഗരേഖയും പുറപ്പെടുവിച്ചിട്ടുണ്ട്.
കാലത്തിനനുസരിച്ചുള്ള മാറ്റം
സാധാരണഗതിയിൽ വിവാഹമോചന നടപടികൾക്കും കോടതി തീരുമാനങ്ങൾക്കും ദീർഘനാളത്തെ കാത്തിരിപ്പാണ് ഉണ്ടാവുക. വിവാഹ നിയമങ്ങൾക്ക് സമഗ്രമായ പരിഷ്‌കാരങ്ങൾ ആവശ്യമാണെന്ന് കേസിലെ അഭിഭാഷകരിലൊരാളായ മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗ് പറഞ്ഞു. കാലത്തിനനുസരിച്ച് മാറാൻ സമൂഹത്തിനെ സഹായിക്കുന്നതിന് ആവശ്യമായ നിയമങ്ങൾ കൊണ്ടുവരുന്നത് ഉചിതമാണെന്നും വിധി പ്രസ്താവനയിൽ കോടതി ചൂണ്ടിക്കാട്ടി.
പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറു മാസം കാത്തിരിക്കേണ്ട നിയമപരമായ ബാധ്യത ആവശ്യമില്ലെന്നും ഭർത്താവും ഭാര്യയും തമ്മിലുള്ള ദാമ്പത്യം വീണ്ടെടുക്കാനാവാത്ത വിധം തകർച്ചയിലെത്തിയാൽ വിവാഹബന്ധം വേർപ്പെടുത്താമെന്നും കോടതി വ്യക്തമാക്കി. ജീവനാംശം ഉൾപ്പെടെയുളള മറ്റ് വ്യവസ്ഥകളും കോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ പരാമർശിച്ചിട്ടുണ്ട്.
ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 (ബി) പ്രകാരം പരസ്പര സമ്മതത്തോടെയുളള വിവാഹമോചനത്തിനുള്ള നിർബന്ധിത കാത്തിരിപ്പ് കാലയളവ് ഒഴിവാക്കാനാകുമോ എന്നതായിരുന്നു കേസിലെ പ്രധാന പ്രശ്നം. അടുത്തിടെ, മറ്റൊരു കേസിൽ തിരിച്ചെടുക്കാനാവാത്ത വിധം തകർന്ന ദാമ്പത്യത്തിൽ തുടരുന്നത് ക്രൂരതയ്ക്ക് തുല്യമാണെന്നും ഇത് ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹമോചനത്തിനുള്ള കാരണമാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഭാര്യഭർത്താക്കൻമാർ വളരെക്കാലമായി വേർപിരിഞ്ഞ് താമസിക്കുകയും വീണ്ടും ഒരുമിച്ച് ജിവിക്കാൻ സാധ്യതയില്ലെതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് കോടതി ഈ വിഷയത്തിൽ പരിഗണിച്ചിരിക്കുന്നത്. ഏഴ് വർഷം മുമ്പ് ജസ്റ്റിസുമാരായ ശിവകീർത്തി സിങ്, ആർ ഭാനുമതി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് കൈമാറിയത്.
കാലതാമസം ഒഴിവാകും
വിവാഹ മോചനവുമായി ബന്ധപ്പെട്ട കാലതാമസം ഒഴിവാക്കുന്നതിന് സുപ്രീം കോടതി വിധി വഴിയൊരുക്കുമെന്ന് കരുതപ്പെടുന്നു. വിവാഹ മോചനവുമായി ബന്ധപ്പെട്ട നടപടികൾ കുടുംബ കോടതികളിലും മറ്റുള്ള കോടതികളിലും നീണ്ടു പോകുന്നതിനുള്ള പ്രധാനകാരണങ്ങളിൽ ഒന്നായി ആറു മാസത്തെ കാലാവധി ചൂണ്ടിക്കാണിക്കപ്പെടുന്നു.