പിയുഷ് ഗോയൽ | PHOTO: FACEBOOK
റബ്ബറിന് താങ്ങുവിലയില്ല, നിലപാടിലുറച്ച് കേന്ദ്ര സര്‍ക്കാര്‍
റബ്ബറിന് താങ്ങുവില നല്‍കാനാവില്ലെന്ന നിലപാട് ആവര്‍ത്തിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി പിയുഷ് ഗോയലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം, എംപിമാരായ ബിനോയ് വിശ്വം, ജോസ് കെ മാണി എന്നിവര്‍ നല്‍കിയ കത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ആസിയാന്‍ രാജ്യങ്ങളുമായുള്ള വ്യാപാര കരാര്‍ പ്രകാരം, ആ രാജ്യങ്ങളില്‍ നിന്ന് ഇറുക്കമതി ചെയ്യുന്ന മിശ്രിത റബ്ബറിന് പൂര്‍ണ്ണമായ ഇറക്കുമതി തീരുവ ഇളവാണ് ഇപ്പോള്‍ നല്‍കിവരുന്നത്. എന്നാല്‍ ഈ ഇളവ് ഇന്ത്യയ്ക്ക് ഏകപക്ഷീയമായി പിന്‍വലിക്കാന്‍ സാധിക്കില്ലെന്നാണ് മന്ത്രിയുടെ മറുപടിയില്‍ പറയുന്നത്. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന റബ്ബര്‍ നേരിടുന്ന വിലക്കുറവിനേക്കുറിച്ച് കേരളത്തിലും വലിയ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ മറുപടി വരുന്നത്.
റബ്ബര്‍ വില കിലോയ്ക്ക് മുന്നൂറാക്കിയാല്‍, ബിജെപിക്ക് ഒരു എംപിയെ നല്‍കാമെന്ന് തലശേരി അതിരൂപത അധ്യക്ഷന്‍ നടത്തിയ പരാമര്‍ശം വലിയ രാഷ്ട്രീയ ചര്‍ച്ചകളിലേക്കു നീങ്ങുകയായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും നിലപാടില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് മന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നത്. റബ്ബറിന്റെ ഏറ്റവും കുറഞ്ഞ താങ്ങുവില കിലോയ്ക്ക് 200 രൂപ ആക്കണമെന്ന ആവശ്യവുമായി റബ്ബര്‍ വ്യവസായികളുടെ അഖിലേന്ത്യാ സംഘടനയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സ്വാഭാവിക റബ്ബറിന് ഉയര്‍ന്ന ആവശ്യകതയാണ് ഇപ്പോഴുള്ളതെന്നും, അതുകൊണ്ട്, ചണത്തിന് നല്‍കുന്നതിന് സമാനമായി റബ്ബറിനും താങ്ങുവില നല്‍കണമെന്നാണ് ഓള്‍ ഇന്ത്യ റബ്ബര്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡന്റ് രമേശ് കെജ്രിവാള്‍ അവശ്യപ്പെടുന്നത്.
2022 ല്‍, 1.02 ലക്ഷം ടണ്‍ മിശ്രിത റബ്ബറും, 6.20 ലക്ഷം ടണ്‍ സ്വാഭാവിക റബ്ബറും ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു. ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മിശ്രിത റബ്ബറിന് ഇറക്കുമതി തീരുവയുമില്ല. ആസിയാന്‍ ഇതര രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മിശ്രിത റബ്ബറിനു മാത്രം തീരുവ ചുമത്തിയതുകൊണ്ട് രാജ്യത്തെ കര്‍ഷകര്‍ക്ക് ഗുണം ലഭിക്കില്ല എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ആസിയാന്‍ വ്യാപാര കരാറിന്റെ പരിണിത ഫലമായാണ് റബ്ബറിന്റെ വിലയിടിയുന്നതെന്ന് വിലയിരുത്തപ്പെടുന്നു.