
ബിജെപിയെ സർക്കാരിൽ ഉൾപ്പെടുത്തില്ല; തിരഞ്ഞെടുപ്പ് സഖ്യം മാത്രമെന്ന് എടപ്പാടി പളനിസ്വാമി
എഐഎഡിഎംകെ മുന്നണി ഭരണം ഉണ്ടാകുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസാമി. ബിജെപിയുമായി ഉള്ളത് തിരഞ്ഞെടുപ്പ് കൂട്ടുകെട്ട് മാത്രമാണെന്നും 2026 ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ സര്‍ക്കാര്‍ അധികാരത്തിലെത്തുകയാണ് ലക്ഷ്യമെന്നും എടപ്പാടി കെ പളനിസാമി പറഞ്ഞു. കേന്ദ്രത്തില്‍ ബിജെപി, തമിഴ്നാട്ടില്‍ എഐഎഡിഎംകെ എന്നാണ് അമിത് ഷാ പറഞ്ഞതെന്നും, തിരഞ്ഞെടുപ്പിന് ശേഷം തമിഴ്നാട്ടില്‍ ഒരു സഖ്യ സര്‍ക്കാര്‍ ഉണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും എടപ്പാടി കെ പളനിസാമി വ്യക്തമാക്കി.
ഡിഎംകെയെ താഴെയിറക്കുകയാണ് ലക്ഷ്യമെന്നും ഇതിനായുള്ള തിരഞ്ഞെടുപ്പ് കൂട്ടുകെട്ടുകള്‍ വിപുലീകരിക്കുമെന്നും ബിജെപിയുടെ സഹായത്തോടെ അധികാരം പിടിക്കുമെന്നും പളനിസ്വാമി പറഞ്ഞു. ഇനിയും കൂടുതല്‍ പാര്‍ട്ടികള്‍ എഐഎഡിഎംകെ സഖ്യത്തിലേക്ക് എത്തുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ്നാട്ടില്‍ ബിജെപിയും എഐഎഡിഎംകെയും ഒന്നിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അടുത്തിടെ പറഞ്ഞിരുന്നു. അതേസമയം, സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള തീരുമാനം അമിത് ഷായും എഐഎഡിഎംകെ സെക്രട്ടറിയും ശരിയായ സമയത്ത് എടുക്കുമെന്ന് തമിഴ്നാട് ബിജെപി പ്രസിഡന്റ് നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു.


