
ട്രംപിനെതിരെ മൂന്നാമതും വധശ്രമം
മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനെതിരെ മൂന്നാമത്തെ വധശ്രമം പരാജയപ്പെടുത്തിയതായി നിയമപാലകർ. ശനിയാഴ്ച കാലിഫോർണിയയിൽ ട്രംപ് നടത്തിയ റാലിയുടെ വേദിക്ക് പുറത്തു വ്യാജ മാധ്യമ പാസുകളും ആയുധങ്ങളുമായി എത്തിയ ഒരു വ്യക്തിയെ സുരക്ഷാ സൈനികർ പിടികൂടുകയായിരിന്നു. ലാസ് വെഗാസ് നിവാസിയായ വെം മില്ലറാണ് അറസ്റ്റിലായത്. രണ്ടു കൈത്തോക്കുകളും, ഉയർന്ന ശേഷിയുള്ള തിരകളും അദ്ദേഹത്തിൽ നിന്നും കണ്ടെടുത്തതായി റിവർസൈഡ് കൗണ്ടി ഷെരീഫ് ഓഫീസ് ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
ചെക്ക്പോസ്റ്റിൽ മില്ലർ വ്യാജ വിഐപി, പ്രസ് പാസുകൾ ഹാജരാക്കിയതായി റിവർസൈഡ് കൗണ്ടി ഷെരീഫ് ചാഡ് ബിയാൻകോ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. "ഡെപ്യൂട്ടികളിൽ സംശയം ജനിപ്പിക്കുന്നതായിരുന്നു അവയുടെ നിർമ്മാണം," ബിയാൻകോ പ്രസ്-എന്റർപ്രൈസിനോട് പറഞ്ഞു. "ഒരുപക്ഷേ ഞങ്ങൾ മറ്റൊരു വധശ്രമമാവാം തടഞ്ഞിരിക്കുന്നത് ".
സർക്കാരിന് നിയമപരമായി ജനങ്ങളുടെ മേൽ ഒരു തരത്തിലുള്ള അധികാരവും പ്രയോഗിക്കാൻ അധികാരമില്ലെന്ന് വിശ്വസിക്കുന്ന തീവ്ര സ്വാതന്ത്ര്യവാദികളുടെ കൂട്ടായ്മയിലെ അംഗമാണ് മില്ലർ എന്ന് കരുതപ്പെടുന്നു. മില്ലറിനെ ഒരു "പരമാധികാര പൗരൻ" എന്ന് ബിയാൻകോ വിശേഷിപ്പിച്ചു. ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ മില്ലർ 2022 ൽ നെവാഡയിലെ സ്റ്റേറ്റ് അസംബ്ലിയിലേക്ക് മത്സരിച്ചു.
ട്രംപിനെ വധിക്കാൻ ഉദ്ദേശിച്ചിരുന്നതായി മില്ലർ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ലെന്ന് ബിയാൻകോ പറഞ്ഞു. 49-കാരനായ പ്രതിയെ 5,000 ഡോളർ ജാമ്യത്തിൽ വിട്ടയച്ചു, നിയമവിരുദ്ധമായി തോക്കുകൾ കൈവശം വച്ചതിന് ജനുവരിയിൽ കോടതിയിൽ ഹാജരാകും.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് വധശ്രമങ്ങളെ ട്രംപ് അതിജീവിച്ചു. ജൂലൈയിൽ പെൻസിൽവാനിയയിൽ നടന്ന ഒരു പ്രചാരണ റാലിയിൽ ട്രംപിന് നേരെ ഒരു തോക്കുധാരി വെടിയുതിർക്കാൻ ശ്രമിച്ചരുന്നു. സെപ്റ്റംബറിൽ ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ ട്രംപിന്റെ ഗോൾഫ് കോഴ്സിൽ വച്ചായിരുന്നു രണ്ടാമത്തെ ശ്രമം. കുറ്റിക്കാടുകൾക്ക് പിന്നിൽ നിന്ന് ട്രംപിനെ ലക്ഷ്യമിടാൻ എത്തിയെന്നു സംശയിക്കുന്ന തോക്കുധാരിയെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.