PHOTO: PTI
മൂന്നാംഘട്ട ചര്‍ച്ചയും പരാജയം, കര്‍ഷകരുടെ ദില്ലി മാര്‍ച്ച് തുടരുന്നു
കേന്ദ്ര സര്‍ക്കാരുമായുള്ള കര്‍ഷകരുടെ മൂന്നാംഘട്ട ചര്‍ച്ചയും തീരുമാനാമാകാതെ പിരിഞ്ഞതോടെ സമരം ശക്തമാക്കാന്‍ ഒരുങ്ങി കര്‍ഷക സംഘടനകള്‍. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്ത ഗ്രാമീണ്‍ ഭാരത് ബന്ദ് പുരോഗമിക്കുന്നു.
വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് കര്‍ഷകനേതാക്കളും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ ആരംഭിച്ച ചര്‍ച്ച അവസാനിച്ചത് അര്‍ദ്ധരാത്രിയോടെയാണ്. കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച തുടങ്ങി 17 സംഘടനകളുടെ നേതാക്കളുമായി കേന്ദ്രമന്ത്രിമാരായ അര്‍ജുന്‍ മുണ്ട, പീയൂഷ് ഗോയാല്‍ തുടങ്ങിയവരാണ് ചര്‍ച്ച നടത്തിയത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ സാന്നിധ്യത്തിലായിരുന്നു സംയുക്ത ചര്‍ച്ച. ഈ ചര്‍ച്ചയിലും കര്‍ഷകര്‍ക്ക് അനുകൂലമായ തരത്തില്‍ ഒന്നും സംഭവിക്കാതെ വന്നതോടെയാണ് സംഘടനകള്‍ ഭാരത് ബന്ദില്‍ നിന്നുള്‍പ്പെടെ പിന്‍മാറാതെ നിന്നത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനായി ഞായറാഴ്ച വീണ്ടും ചര്‍ച്ച സംഘടിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി അര്‍ജുന്‍ മുണ്ട അറിയിക്കുകയും ചെയ്തു.
സമരം നാലാം ദിനത്തിലേക്ക്
കേന്ദ്ര സര്‍ക്കാരിനോട് 12 ഇന ആവശ്യങ്ങളുന്നയിച്ചുകൊണ്ട് കര്‍ഷകര്‍ ആരംഭിച്ച സമരം നാലാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. തുടര്‍ച്ചയായി നടത്തുന്ന ചര്‍ച്ചകള്‍ പരാജയപ്പെടുന്നതിനാല്‍ കര്‍ഷക സംഘടനകള്‍ പ്രക്ഷോഭം ശക്തമാക്കാന്‍ ഒരുങ്ങുകയാണ്. അതേ സമയം കര്‍ഷകരെ നേരിടുന്നതിന് വേണ്ടി വന്‍ സന്നാഹങ്ങളാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. ഹരിയാന അതിര്‍ത്തി കടക്കാന്‍ പൊലീസ് അനുവദിക്കാതിരുന്നതോടെ കൂടുതല്‍ ജനങ്ങളോട് അവിടേക്കെത്താന്‍ കര്‍ഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.